യൂസ്ഡ് ബസ് വ്യാപാരത്തിനൊരുങ്ങി വോൾവോ

കാർ വിപണിയിലെ പോലെ സെക്കൻഡ് ഹാൻഡ് ബസ് വ്യാപാരം തുടങ്ങാൻ സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ വോൾവോ ബസസ് ഇന്ത്യ തയാറെടുക്കുന്നു. ആഗോളതലത്തിൽ നിലവിലുള്ള യൂസ്ഡ് ബസ് വ്യാപാരം ഇന്ത്യയിലും തുടങ്ങാനാണു വോൾവോ ബസസിന്റെ ആലോചന. പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി(ട്രൂ വാല്യൂ), ഹ്യുണ്ടായ് മോട്ടോർ(എച്ച് പ്രോമിസ്), ഹോണ്ട കാഴ്സ്(ഓട്ടോ ടെറസ്), മഹീന്ദ്ര ആൻഡ് മഹീന്ദ്ര(ഫസ്റ്റ് ചോയ്സ്) തുടങ്ങിയവരും ആഡംബര കാർ നിർമാതാക്കളായ ഔഡി(അപ്രൂവ്ഡ് പ്ലസ്)യും ബി എം ഡബ്ല്യു(പ്രീമിയം സെലക്ഷൻ)വുമൊക്കെ ഈ രംഗത്തു കൈവരിച്ച നേട്ടമാണു സമാന വ്യാപാരം തുടങ്ങാൻ വോൾവോ ബസസിനെയും ആകർഷിക്കുന്നത്.

പ്രീ ഓൺഡ് ബസ് വ്യാപാരം തുടങ്ങാൻ സാഹചര്യം അനുകൂലമാണെന്നു വോൾവോ ബസ് കോർപറേഷൻ സീനിയർ വൈസ് പ്രസിഡന്റും റീജിയൻ ഇന്റർനാഷനൽ പ്രസിഡന്റു(ബിസിനസ്)മായ ആകാശ് പാസി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച പഠനം പുരോഗമിക്കുകയാണെന്നും വ്യക്തമായ പദ്ധതി തയാറായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഗോളതലത്തിൽ വോൾവോ ചെയ്യുന്ന വ്യാപാരമാണു യൂസ്ഡ് ബസുകളുടേത്; എന്നാൽ ഈ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ശരിയായ അടിസ്ഥാന സൗകര്യം ആവശ്യമാണെന്നു പാസി വിശദീകരിച്ചു. തിരഞ്ഞെടുത്ത ഇടപാടുകാർക്കായി വോൾവോ ബസസ് ഇപ്പോൾതന്നെ യൂസ്ഡ് ബസ് വ്യാപാരം നടത്തുന്നുണ്ട്. എന്നാൽ കാർ നിർമാതാക്കളെ പോലെ പൂർണ തോതിലോ വേറിട്ട സംരംഭമായോ യൂസ്ഡ് ബസ് വ്യാപാരം വളർന്നിട്ടില്ലെന്നു പാസി വ്യക്തമാക്കി.

പ്രീമിയം, ദീർഘദൂര ബസ് വിപണിയിൽ വോൾവോ 80 ശതമാനത്തോളം വിപണി സ്വന്തമാക്കിയതാണ് യൂസ്ഡ് ബസ് വ്യാപാരത്തിലേക്കു പ്രവേശിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ഇത്തരം ബസ്സുകളുടെ ആയുസ് ഏഴെട്ടു വർഷത്തിലേറെ ഇല്ലാത്തതിനാലാണു പല നിർമാതാക്കളും ഈ മേഖലയിലേക്കു കടക്കാത്തത്. എന്നാൽ ആഗോളതലത്തിൽ തന്നെ വോൾവോയുടെ ആഡംബര ബസ്സുകൾ 19 — 20 വർഷം വരെ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലും വോൾവോ നിർമിച്ചു നൽകിയ ചില ബസ്സുകൾ 30 ലക്ഷം കിലോമീറ്റർ വിജയകരമായി പിന്നിട്ടിട്ടുണ്ടെന്നു പാസി അവകാശപ്പെട്ടു. ഇത്തരം ബസ്സുകൾ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടെന്ന അപൂർവ നേട്ടവും വോൾവോയ്ക്കു സ്വന്തമാണെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവിനടുത്ത് ഹോസ്കോട്ടിലെ നിർമാണശാലയിൽ നിന്നുള്ള ആദ്യ വോൾവോ ബസ് 2001ലാണു നിരത്തിലെത്തിയത്. തുടർന്ന് ഇതുവരെ നാലായിരത്തോളം ബസ്സുകളാണു കമ്പനി ഇന്ത്യയിൽ നിർമിച്ചു വിറ്റത്. പ്രതിവർഷം 600 — 700 ബസ്സുകളാണു വോൾവോ ഇന്ത്യയിൽ നിർമിക്കുന്നത്. ആഭ്യന്തര വിപണിക്കു പുറമെ ദക്ഷിണ ആഫ്രിക്ക, ബംഗ്ലദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വോൾവോ ഇന്ത്യൻ നിർമിത ബസ്സുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. വൈകാതെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യൻ നിർമിത ബസ്സുകൾ കയറ്റുമതി ചെയ്യാൻ വോൾവോയ്ക്കു പദ്ധതിയുണ്ട്.