ഇന്ത്യയിൽ സങ്കര ഇന്ധന ബസ് നിർമിക്കാൻ വോൾവോ

ഇന്ത്യയിൽ സങ്കര ഇന്ധനത്തിൽ ഓടുന്ന ബസ്സുകൾ അവതരിപ്പിക്കാൻ സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ വോൾവോ തീരുമാനിച്ചു. അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ സങ്കര ഇന്ധന ബസ്സുകൾ വിൽപ്പനയ്ക്കെത്തിക്കാനാണു പദ്ധതി. ഇതിനു മുന്നോടിയായി നവിമുംബൈയിലെ നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ടി(എൻ എം എം ടി)നൊപ്പം വോൾവോയുടെ സങ്കര ഇന്ധന ബസ് പരീക്ഷണഓട്ടവും ആരംഭിച്ചു. ബെംഗളൂരിനു സമീപമുള്ള പ്ലാന്റിൽ നിർമിച്ച സങ്കര ഇന്ധന ബസ്സുകളാണ് വോൾവോ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങൾക്കുള്ള പ്രധാന പരിഹാര മാർഗമാണു സങ്കര ഇന്ധന ബസ് എന്നു വോൾവോ ബസസ് പ്രസിഡന്റ് ഹാകൻ ആഗ്നെവാൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആദ്യ സങ്കര ഇന്ധന ബസ് നിർമാതാവായി വോൾവോ മാറുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(ഫെയിം ഇന്ത്യ) പദ്ധതിയാണ് ബദൽ ഇന്ധന വ്യവസായത്തിനു പ്രതീക്ഷ പകരുന്നത്. ബദൽ ഇന്ധനത്തിലും വൈദ്യുതിയിലും ഓടുന്ന, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ഫെയിം ഇന്ത്യ പദ്ധതിയിൽ ഇളവുകളും ആനുകൂല്യങ്ങളും വാഗ്ദാനമുണ്ട്. ആഗോളതലത്തിൽ ഇരുപതിലേറെ രാജ്യങ്ങളിലായി 2,300 സങ്കര ഇന്ധന ബസ്സുകൾ കമ്പനി വിറ്റിട്ടുണ്ടെന്നു വോൾവോ അറിയിച്ചു. സാധാരണ ഡീസൽ എൻജിനിൽ ഓടുന്ന ബസ്സുകളെ അപേക്ഷിച്ച് 39% അധിക ഇന്ധനക്ഷമതയാണു ഹൈബ്രിഡ് ബസ്സുകൾക്ക് വോൾവോ വാഗ്ദാനം ചെയ്യുന്നത്. ഇന്ധന ചെലവ് കുറയ്ക്കുന്നതിനു പുറമെ കാർബൺ ഡയോക്സൈഡ് മലിനീകരണവും നൈട്രജൻ ഓക്സൈഡ് മലിനീകരണവും ഗണ്യമായി കുറയ്ക്കാനും സങ്കര ഇന്ധന ബസ്സുകൾക്ക് കഴിയുമെന്നു വോൾവോ വിശദീകരിക്കുന്നു.

മൂന്നു വർഷം മുമ്പ് 2012 ഓട്ടോ എക്സ്പോയിലാണു വോൾവോ ഇന്ത്യയിൽ ഇലക്ട്രോമൊബിലിറ്റി സ്ട്രാറ്റജി അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി കമ്പനി ഹൈബ്രിഡ് ബസ്സുകളും പ്രദർശിപ്പിച്ചിരുന്നു. ഫെയിം പദ്ധതിയുമായി കേന്ദ്ര സർക്കാർ പിന്തുണച്ചതോടെയാണ് ഇത്തരം ബസ്സുകൾ ഇന്ത്യയിൽ നിർമിച്ചു വിൽക്കാൻ കമ്പനി തീരുമാനിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ കമ്പനി നിർമിച്ചു വിൽക്കുന്ന രണ്ടാമത്തെ സങ്കര ഇന്ധന ബസ് ആണു ‘വോൾവോ 7900 ഹൈബ്രിഡ്’. താരമത്യേന ഭാരം കുറഞ്ഞ ബോഡി രൂപകൽപ്പനയും കൂടുതൽ പേർക്കു യാത്രാസൗകര്യവുമാണ് ഈ ബസ്സിന്റെ പ്രധാന സവിശേഷതകൾ.