സർട്ടിഫിക്കേഷനില്ല; ഫോക്സ്‌വാഗൻ മെക്സിക്കോയ്ക്ക് 89 ലക്ഷം ഡോളർ പിഴ

ഇറക്കുമതി ചെയ്ത കാറുകൾക്ക് സർട്ടിഫിക്കേഷൻ പെർമിറ്റ് നേടാത്തതിന്റെ പേരിൽ ഫോക്സ്‌വാഗൻ മെക്സിക്കോയ്ക്ക് 89 ലക്ഷം ഡോളർ(ഏകദേശം 60.79 കോടി രൂപ) പിഴ. മലിനീകരണ നിലവാരവും ശബ്ദ മലിനീകരണവും നിശ്ചിത പരിധിക്കുള്ളിലാണെന്നു സാക്ഷ്യപ്പെടുത്താതെ കാറുകൾ ഇറക്കുമതി ചെയ്തു വിറ്റതിനാണു മെക്സിക്കോയിലെ പരിസ്ഥിതി അധികൃതർ ഫോക്സ‌്‌വാഗനെ ശിക്ഷിച്ചത്. വ്യവസ്ഥകൾ ലംഘിച്ച് 45,494 കാറുകൾ ഇറക്കുമതി ചെയ്തു വിറ്റതിനാണ് 16.8 കോടി പെസോ(89 ലക്ഷം ഡോളർ) പിഴ വിധിച്ചതെന്നും മെക്സിക്കോയിലെ പരിസ്ഥിതി വിഭാഗം പ്രോസിക്യൂട്ടറായ പ്രൊഫെപ വിശദീകരിച്ചു. അതേസമയം ഡീസൽ എൻജിനുകളുടെ മലിനീകരണ നിയന്ത്രണ നിലവാരം കുറച്ചുകാട്ടാൻ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയതിനെക്കുറിച്ചു നടക്കുന്ന അന്വേഷണവുമായി ഈ പിഴശിക്ഷയ്ക്കു ബന്ധമില്ലെന്നും പ്രൊഫെപ വ്യക്തമാക്കിയിട്ടുണ്ട്.

ഫോക്സ്‌വാഗനു പുറമെ ഗ്രൂപ്പിൽപെട്ട ഔഡി, ബെന്റ്ലി, പോർഷെ, സീറ്റ് തുടങ്ങിയ ബ്രാൻഡുകളിലെ കാറുകൾക്കെല്ലാം ചേർന്നാണു മെക്സിക്കോ പ്രഖ്യാപിച്ച 89 ലക്ഷം ഡോളറിന്റെ ഈ പിഴ ശിക്ഷ. ആവശ്യമായ സർട്ടിഫിക്കേഷനില്ലാതെ 2016 മോഡൽ കാറുകൾ വിറ്റതിനാണു ഫോക്സ്‌വാഗൻ മെക്സിക്കോ പിഴ ഒടുക്കേണ്ടി വരുന്നത്. കാറിൽ നിന്നുള്ള പുകയിലെ അനുവദനീയ ഹൈഡ്രോ കാർബൻ, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയവയുടെ പരമാവധി പരിധിയും ശബ്ദ പരിധിയും സാക്ഷ്പ്പെടുത്തുന്ന സർട്ടിഫിക്കറ്റുകളില്ലാതെയാണു കമ്പനി കാറുകൾ വിൽക്കുന്നതെന്നു കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് മെക്സിക്കോയിലെ പരിസ്ഥിതി ഏജൻസി കണ്ടെത്തിയത്. രാജ്യത്തു നിലവിലുള്ള മലിനീകരണ നിയന്ത്രണ നിലവാരം ഫോക്സ്‌വാഗൻ പാലിക്കുന്നുണ്ടോ എന്നറിയാൻ 2009 മുതൽ കമ്പനി മെക്സിക്കോയിൽ വിറ്റ ഡീസൽ എൻജിനുള്ള കാറുകളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുമെന്നു പരിസ്ഥിതി സെക്രട്ടറി റഫേൽ പച്ചിയാനൊ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ അഞ്ചു ലക്ഷത്തോളം കാറുകളിൽ ‘പുകമറ’ സോഫ്റ്റ്‌വെയർ ഘടിപ്പിച്ചെന്നു ഫോക്സ്വാഗൻ അംഗീകരിച്ച പശ്ചാത്തലത്തിലായിരുന്നു ഈ പ്രഖ്യാപനം. 2008 മുതൽ യു എസിൽ വിറ്റതും രണ്ടു ലീറ്റർ ഡീസൽ എൻജിനുള്ളതുമായ ഔഡി, പോർഷെ, ഫോക്സ്വാഗൻ കാറുകളിൽ ഇത്തരത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കമ്പനിയുടെ കുമ്പസാരം. മലിനീകരണ നിയന്ത്രണ നിലവാരത്തിൽ ഫോക്സ്‌വാഗൻ തിരിമറി നടത്തുന്നതായി കഴിഞ്ഞ സെപ്റ്റംബറിലാണു യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇ പി എ) ആരോപണം ഉന്നയിച്ചത്.