‘പുകമറ വിവാദം’: പിഴ നിർണയം സാമ്പത്തിക നേട്ടം കൂടി പരിഗണിച്ച്

യു എസിൽ നിലവിലുള്ള കർശന മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാനുള്ള ‘പുകമറ സോഫ്റ്റ്​വെയർ’ ഉപയോഗം വഴി നേടിയ സാമ്പത്തിക നേട്ടം കൂടി പരിഗണിച്ചാവും ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗനുള്ള പിഴ നിർണയിക്കുകയെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ). തട്ടിപ്പിലൂടെ ഫോക്സ്​​വാഗനുണ്ടായ ലാഭം കൂടി പരിഘണിച്ചാവും അർഹമായ പിഴശിക്ഷ വിധിക്കുകയെന്ന് ഈ തിരിമറി കണ്ടെത്തി പുറത്തെത്തിച്ച ഏജൻസിയുടെ ഡയറക്ടർ(ഓഫിസ് ഓഫ് എയർ ആൻഡ് റേഡിയേഷൻ) ക്രിസ്റ്റഫർ ഗ്രണ്ട്​ലറും ഡയറക്ടർ ഓഫ് സിവിൽ എൻഫോഴ്സ്മെന്റ് ഓഫ് എയർ ഫിലിപ് ബ്രൂക്സും വ്യക്തമാക്കി. യു എസിലെ ഹൗസ് എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റിയുടെ അന്വേഷണ ഉപസമിതിക്കു മുന്നിലാണ് ഏജൻസി നിലപാട് വ്യക്തമാക്കിയത്. ‘പുകമറ വിവാദ’ത്തെപ്പറ്റി അന്വേഷിക്കുന്ന ഉപസമിതിക്കു മുന്നിൽ ഏജൻസിയെ പ്രതിനീധീകരിച്ച് ഇരുവരും തെളിവു നൽകുന്നുണ്ട്. ഇവർക്കു പുറമെ ഫോക്സ്​വാഗൻ അമേരിക്ക പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മൈക്കൽ ഹോണും സമിതിക്കു മുമ്പാകെ ഹാജരാകുമെന്നാണു സൂചന.

ചെയ്ത തെറ്റിന് ആനുപാതികമാവണം പരിഹാരമെന്ന് മിച്ചിഗൻ സർവകലാശാലയിലെ റോസ് സ്കൂൾ ഓഫ് ബിസിനസിൽ പ്രഫസറായ എറിക് ഗോർഡൻ അഭിപ്രായപ്പെട്ടു. ജനറൽ മോട്ടോഴ്സിനെ പോലുള്ള നിർമാതാക്കൾ വരുത്തിയ നഷ്ടത്തിന് അർഹമായ പിഴ ഈടാക്കാൻ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷ(എൻ എച്ച് ടി എസ് എ)നു കഴിയാതെ പോയതു നിയമപരമായ പിഴവുകൾ മൂലമാണ്. നാമമാത്രമായ പിഴ അടച്ചു കമ്പനികൾ തടിതപ്പിയത് പൊതുജനത്തെ മാത്രമല്ല യു എസ് കോൺഗ്രസിനെ തന്നെ നിരാശപ്പെടുത്തിയിരുന്നെന്നും അദ്ദേഹം ഓർമിച്ചു.

ഫോക്സ്​വാഗനു ലഭിച്ച സാമ്പത്തിക നേട്ടത്തിനു പുറമെ പരിസ്ഥിതിയെ മലിനമാക്കുന്ന ഡീസൽ എൻജിനുള്ള കാറുകൾ വിൽപ്പനയ്ക്കെത്തിച്ചതു മൂലമുള്ള ആഘാതവും ഇ പി എ പരിഗണിക്കുന്നുണ്ട്. ‘പുകമറ വിവാദം’ മൂലമുള്ള പ്രത്യാഘാതങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളും ഏജൻസിയുടെ സജീവ പരിഗണനയിലാണെന്നു ഗ്രണ്ട്​ലറും ബ്രൂക്സും അറിയിച്ചു.

ചുരുക്കത്തിൽ കനത്ത പിഴയും സാമ്പത്തികമായ തിരിച്ചടികളുമാണ് ഏഴര പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള ഫോക്സ്​വാഗനെ കാത്തിരിക്കുന്നതെന്നു വ്യക്തം. നിയമവിരുദ്ധ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയ 1.10 കോടിയോളം ഡീസൽ എൻജികൾ മാറ്റിനൽകാനാണു കമ്പനി ആലോചിക്കുന്നത്. ഇതിനു തന്നെ 650 കോടി ഡോളറി(42,686 കോടിയോളം രൂപ)ലേറെ ചെലവിടേണ്ടി വരുമെന്നു കണക്കാക്കിയതിനു പിന്നാലെയാണ് കൃത്രിമം കാട്ടിയതിനുള്ള പിഴശിക്ഷ ഭീമമാവുമെന്നു വ്യക്തമായ സൂചന നൽകി ഇ പി എയും രംഗത്തെത്തിയിരിക്കുന്നത്.