മലിനീകരണ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നു ഫോക്സ്‌വാഗൻ

ഇന്ത്യയിൽ നിലനിൽക്കുന്ന മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണം ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ നിഷേധിച്ചു. ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമില്ലെന്നും കമ്പനി വ്യക്തമാക്കി. ‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പേരിൽ കമ്പനി നേരത്തെ ഇന്ത്യയിൽ കാർ ഉടമകളോടു ക്ഷമ ചോദിച്ചിരുന്നു. കൂടാതെ ഈ ആരോപണങ്ങളുടെ പേരിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യും കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെും ഫോക്സ്വാഗൻ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. എ ആർ എ ഐയിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്നും ഫോക്സ്‌വാഗൻ വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കാത്തതിനെക്കുറിച്ച് അധികൃതർ നടത്തുന്ന അന്വേഷണത്തിൽ വ്യവസ്ഥകളുടെ ലംഘനമൊന്നും കണ്ടെത്തിയതായി അറിവില്ലെന്നാണു ഫോക്സ്‌വാഗന്റെ നിലപാട്. അന്വേഷണ ഫലം ലഭിക്കാതെ ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിക്കുന്നതു സ്വാഭാവിക നീതിയുടെ നിഷേധമാവുമെന്നും കമ്പനി വാദിച്ചു. പരിശോധന നടക്കുന്നതു തിരിച്ചറിഞ്ഞു ഡീസൽ എൻജിനുകളുടെ മലിനീകരണ നിയന്ത്രണ നിലവാരം കുറച്ചു കാണിക്കുകയാണു ‘പുകമറ’ സോഫ്റ്റ്‌വെയറുകളുടെ ദൗത്യം. ഇന്ത്യയിൽ പ്രാബല്യത്തിലുള്ള മലിനകരണ നിയന്ത്രണ വ്യവസ്ഥകൾ ലംഘിച്ചതായി കമ്പനി ഒരിടത്തും പ്രസ്താവന നടത്തിയിട്ടില്ലെന്നാണു ഫോക്സ്‌വാഗൻ വാദിക്കുന്നത്. കമ്പനി ഇന്ത്യയിൽ നിർമിച്ചു വിൽക്കുന്ന വാഹനങ്ങളിൽ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെയോ ‘ഡിഫീറ്റ് ഡിവൈസി’ന്റെയോ സാന്നിധ്യവുമില്ല. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മന്ത്രാലയം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും കമ്പനി ട്രൈബ്യൂണിലിൽ ബോധിപ്പിച്ചു.

കൂടാതെ എ ആർ എ ഐ നോട്ടീസിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽതന്നെ ആരോപണ വിധേയമായ ‘ഇ എ 189’ ഡീസൽ എൻജിൻ ഘടിപ്പിച്ച വാഹനങ്ങളിൽ ഓൺ റോഡ് പരീക്ഷണങ്ങളും പരിശോധനകളും നടത്തിയതായും കമ്പനി വ്യക്തമാക്കുന്നു. ഈ എൻജിൻ സൃഷ്ടിക്കുന്ന മലിനീകരണം ഭാരത് സ്റ്റേജ് നാല് നിലവാരത്തിന്റെ 1.1 മുതൽ 2.6 വരെ ഇരട്ടിയാണെന്നായിരുന്നു പരിശോധനാഫലം. പരീക്ഷണശാല സാഹചര്യങ്ങളെ അപേക്ഷിച്ചു നിരത്തിലെ സ്ഥിതിയിൽ മാറ്റമുള്ളതിനാൽ ഈ ഫലം തികച്ചും സ്വീകാര്യമാണെന്നും കമ്പനി വാദിക്കുന്നു.