തെറ്റുകളിൽ നിന്നു പാഠം പഠിച്ചു മുന്നേറണമെന്നു മ്യുള്ളർ

Matthias Muller

പഴയ തെറ്റുകളിൽ നിന്നു പാഠം പഠിക്കണമെന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയുടെ മേധാവി മത്തിയാസ് മ്യുള്ളർ. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയതു സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിക്കാൻ ഫോക്സ്‌വാഗൻ തീവ്രശ്രമം നടത്തുന്നതിനിടയിലാണു മ്യുള്ളറുടെ ഈ പ്രതികരണം. പഴയ തെറ്റുകളിൽ നിന്നു പാഠം പഠിക്കുക കൂടി ചെയ്താൽ മാത്രമേ ഭാവി ലക്ഷ്യമിട്ടു തയാറാക്കുന്ന പദ്ധതികൾ വിജയിക്കൂ എന്നും ജനീവയിൽ നടത്തിയ പ്രസംഗത്തിനിടെ മ്യുള്ളർ അഭിപ്രായപ്പെട്ടു. ഡീസൽ എൻജിനുമായി ബന്ധപ്പെട്ട് കാർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വർഷമാണ് 2016. ഗ്രൂപ്പിന്റെ ഭാവി പുനഃസൃഷ്ടിക്കാനുള്ള അവസരവുമാണിതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ ഇരട്ടലക്ഷ്യങ്ങൾ കൈവരിക്കാനുള്ള തീവ്രശ്രമമാണ് ഫോക്സ്വാഗൻ നടത്തുന്നത്. ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചു ശക്തമായ തിരിച്ചുവരവ് നടത്താൻ ഗ്രൂപ്പിനും ബ്രാൻഡുകൾക്കും കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടിയ കാര്യം കഴിഞ്ഞ സെപ്റ്റംബറിലാണു ഫോക്സ്‌വാഗൻ സ്ഥിരീകരിച്ചത്. പരിശോധനാവേള തിരിച്ചറിഞ്ഞ് മലിനീകരണ നിലവാരം കുറച്ചുകാട്ടാൻ സഹായിക്കുന്ന പ്രത്യേക, ‘പുകമറ’ സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്നായിരുന്നു ഫോക്സ്‌വാഗന്റെ കുമ്പസാരം. ‘ഡീസൽഗേറ്റ്’ വിവാദത്തെതുടർന്നു മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർട്ടിൻ വിന്റർകോൺ രാജിവച്ച ഒഴിവിലാണു പോർഷെയെ നയിച്ചിരുന്നു മ്യുള്ളർ ഫോക്സ്‌വാഗൻ എ ജി മേധാവിയായത്.

വിവാദങ്ങളുടെ ഫലമായി 2015ലെ വാഹന വിൽപ്പനയിൽ ഫോക്സ്‌വാഗൻ ബ്രാൻഡുകൾക്ക് അഞ്ചു ശതമാനത്തോളം ഇടിവു നേരിട്ടിരുന്നു; 58.20 ലക്ഷം വാഹനങ്ങളാണു കമ്പനി വിറ്റത്. കഴിഞ്ഞ 11 വർഷത്തിനിടെ ഇതാദ്യമായാണു ഫോക്സ്‌വാഗന്റെ വിൽപ്പനയിൽ ഇടിവു നേരിടുന്നത്. ഔഡിയും പോർഷെയും സ്കോഡയുമടക്കം 12 ബ്രാൻഡുകളാണ് ഫോക്സ്‌വാഗൻ ഗ്രൂപ്പിലുള്ളത്; ഗ്രൂപ്പിന്റെ 2015ലെ മൊത്തം വിൽപ്പനയാവട്ടെ മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനത്തോളം ഇടിവോടെ 99.30 ലക്ഷം വാഹനങ്ങളായിരുന്നു. 2002നു ശേഷം ഇതാദ്യമായാണു ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ വാഹന വിൽപ്പനയിൽ ഇടിവു രേഖപ്പെടുത്തുന്നത്. ‘ഡീസൽഗേറ്റ്’ വിവാദത്തെ തുടർന്ന് വിൽപ്പന ഇടിഞ്ഞ് വരുമാനനഷ്ടം സംഭവിച്ചതിന പുറമെ വിവിധ രാജ്യങ്ങളിലായി ധാരാളം കേസുകളും ഫോക്സ്‌വാഗൻ നേരിടുന്നുണ്ട്. യു എസിൽ മാത്രം കോടിക്കണക്കിനു ഡോളറിന്റെ പിഴശിക്ഷയാണു കമ്പനിയെ കാത്തിരിക്കുന്നത്.