വിഞ്ചസ്റ്റർ 1910, വില 3.6 കോടി രൂപ

മൂന്നരകോടി രൂപവിലയുള്ള ബൈക്കിനെയാണ് നിങ്ങളിപ്പോൾ കാണുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട് അല്ലേ? വലിയൊരു സൈക്കിളിന്റെ അത്രവരുന്ന ഈ ബൈക്കിനാണോ മൂന്നരകോടി രൂപ എന്നല്ല...? എന്നാൽ കേട്ടോളൂ ആള് ചെറുതാണെങ്കിലും ഇവൻ അൽപം കേമനാണ്. വിഞ്ചസ്റ്റർ എന്ന അമേരിക്കൻ ആയുധ നിർമ്മാതാക്കൾ സ്വന്തം പേരിൽ നിർമ്മിച്ച മോട്ടോർസൈക്കിളാണിത.

1910 ൽ നിർമ്മിച്ച മോട്ടോർസൈക്കിളാണ് 580,000 ഡോളർ (ഏകദേശം 3.6 കോടി രൂപ) ലേലത്തിൽ പോയത്. കഴിഞ്ഞ വർഷം അവസാനം നടന്ന ലേലത്തിൽ 3.6 കോടിക്ക് ലേലത്തിൽ പോയ മോട്ടോർസൈക്കിൾ വീണ്ടും ലേലത്തിനെത്തുന്നു. അമേരിക്കയിലെ ഒരു ലേല കമ്പനിയാണ് 1910 വിഞ്ചസ്റ്ററിനെ ലേലത്തിൽ വെച്ചിരിക്കുന്നത്.1909 മുതൽ 1911 വരെ നിർമ്മിച്ച 200 മോട്ടർസൈക്കിളുകളിൽ ഇന്നുമുള്ള 2 ബൈക്കുകളിൽ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ ലേലത്തിൽ 1909,1911 മോഡൽ വിഞ്ചസ്റ്റർ ബൈക്കുകളുണ്ടായിരുന്നെങ്കിലും കൂടുതലും ഒർജിനൽ ഭാഗങ്ങളുള്ള 1910 ബൈക്കാണ് റിക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റത്. 103 വർഷം പ്രായമുള്ള ബൈക്ക് മുത്തച്ഛനാണ് വിഞ്ചസ്റ്റർ എങ്കിലും മോട്ടർസൈക്കിളിനെ ലേലത്തിൽ പിടിച്ചത് അതിന്റെ മൂന്നാമത്തെ ഉടമസ്ഥനാണ്. 

ഒരു സൈക്കിളിന്റെ അത്രവലിപ്പമുള്ള മോട്ടോർസൈക്കിൾ സിംഗിൾ സിലിണ്ടറാണ്, ആറ് ബിഎച്ച്പിയാണ് ഇതിന്റെ പരമാവധി കരുത്ത്. എഞ്ചിനെയും പിൻടയറിനേയും ബൽറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഒട്ടുമിക്ക ക്ലാസിക്ക് മോട്ടോർസൈക്കിളുകളേപ്പോലെ തന്നെ വെള്ള നിറത്തിലുള്ള ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 7 അടി വീതിയും 250 പൗണ്ട് (113 കെജി) ഭാരവുമുള്ള മോട്ടോർസൈക്കിൽ നിർമ്മിച്ചിരിക്കുന്നത് സ്റ്റീൽ ഫ്രെയിമിലാണ്.