പുതുവർണപ്പകിട്ടോടെ യമഹയുടെ ‘ആൽഫ’

ഗീയർരഹിത സ്കൂട്ടറായ ‘ആൽഫ’യിൽ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യ മൂന്നു പുത്തൻ നിറക്കൂട്ടുകൾ അവതരിപ്പിച്ചു. റോക്കിങ് റെഡ്, ബീമിങ് ബ്ലൂ, ഗ്ലീമിങ് റെഡ് എന്നീ ഇരട്ട വർണ സങ്കലനങ്ങളിലാണ് ‘ആൽഫ’ പുതുതായി നിരത്തിലെത്തുക. ചുവപ്പിന്റെയും കറുപ്പിന്റെയും സങ്കലനത്തെയാണു യമഹ ‘റോക്കിങ് റെഡ്’ എന്നു വിളിക്കുന്നത്; ഗ്ലീമിങ് ഗോൾഡിൽ സമന്വയിക്കുന്നതും ഏറെക്കുറെ ഇതേ നിറങ്ങൾ തന്നെ. നീലയിൽ അധിഷ്ഠിതമാണു ബീമിങ് ബ്ലൂ.

പേശീബലം തുളുമ്പുന്ന രൂപകൽപ്പനയും 113 സി സി, ഫോർ സ്ട്രോക്ക് എയർ കൂൾഡ് എൻജിനുമുള്ള ‘ആൽഫ’ ഇതുവരെ കറുപ്പ്, ഗ്രേ, വെള്ള, ചുവപ്പ്, മജന്റ നിറങ്ങളിലാണു വിൽപ്പനയ്ക്കുണ്ടായിരുന്നത്. പുതുനിറങ്ങൾ കൂടി എത്തിയതോടെ എട്ടു വർണങ്ങളിലാണ് ഇപ്പോൾ ‘ആൽഫ’ വിൽപ്പനയ്ക്കുള്ളത്.

കണ്ടിന്യുവസ് വേരിയബിൾ ട്രാൻസ്മിഷനും പരമാവധി 7.1 പി എസ് കരുത്ത് സൃഷ്ടിക്കുന്ന എൻജിനുമുള്ള ‘ആൽഫ’യ്ക്ക് ലീറ്ററിന് 62 കിലോമീറ്റർ ഇന്ധനക്ഷമതയും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടെലിസ്കോപിക് സസ്പെൻഷനും കൂടുതൽ സംഭരണ സ്ഥലവുമുള്ള ‘ആൽഫ’യിൽ മെച്ചപ്പെട്ട യാത്രാസുഖവും കമ്പനി ഉറപ്പു നൽകുന്നു.

കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു യമഹ ‘ആൽഫ’യുടെ ആദ്യ പ്രദർശനം നടത്തിയത്. യമഹ മോട്ടോർ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും റപ്രസന്റേറ്റീവ് ഡയറക്ടറുമായ ഹിരൊയുകി യനാഗി തന്നെ സ്കൂട്ടറിന്റെ അവതരണത്തിന് എത്തിയത് ‘ആൽഫ’യ്ക്കു യമഹ നൽകുന്ന പ്രാധാന്യത്തിന്റെ സൂചനയായിരുന്നു.