10 ലക്ഷം പിന്നിട്ട് യമഹയുടെ സ്കൂട്ടർ നിർമാണം

സ്കൂട്ടർ നിർമാണത്തിൽ 10 ലക്ഷം യൂണിറ്റെന്ന തകർപ്പൻ നേട്ടം സ്വന്തമായതായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ(ഐ വൈ എം) പ്രൈവറ്റ് ലിമിറ്റഡ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള സൂരജ്പൂർ ശാലയിൽ നിന്നു പുറത്തെത്തിയ ‘ഫസിനൊ’ സ്കൂട്ടറാണു കമ്പനിയുടെ ഉൽപ്പാദനം 10 ലക്ഷത്തിലെത്തിച്ചത്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം നിർണായക നാഴികക്കല്ലാണ് ഇതെന്ന് ഐ വൈ എം അഭിപ്രായപ്പെട്ടു. സൂരജ്പൂരിലെയും ചെന്നൈയിലെയും ശാലകളിലെ പ്രൊഡക്ഷൻ ടീമുകൾ കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് ഈ നേട്ടം കൈവരിക്കാൻ വഴി തെളിച്ചതെന്നും കമ്പനി അഭിപ്രായപ്പെട്ടു.

2012 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ചതു മുതൽ കമ്പനിയുടെ സ്കൂട്ടറുകൾക്ക് ഇന്ത്യൻ വിപണി മികച്ച വരവേൽപ്പാണു നൽകിയതെന്നും ഐ വൈ എം അവകാശപ്പെട്ടു. നിലവിൽ കമ്പനിയുടെ ഇരുചക്രവാഹന വിൽപ്പനയിൽ 30 ശതമാനത്തോളം സ്കൂട്ടറുകളുടെ സംഭാവനയാണ്. വർഷാവസാനത്തോടെ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ 10% വിഹിതം സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലുമാണ് ഐ വൈ എം. മികച്ച വളർച്ച നേടി മുന്നേറുന്ന ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ ഉജ്വല വിജയം കൊയ്യാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്ന് ഐ വൈ എം ചെയർമാൻ ഹിരൊകി ഫ്യുജിറ്റ അഭിപ്രായപ്പെട്ടു. സ്കൂട്ടർ വിഭാഗത്തിൽ കമ്പനി കൈവരിച്ച തകർപ്പൻ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഉൽപ്പാദനം 10 ലക്ഷം യൂണിറ്റ് പിന്നിട്ടത്. ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാൻ യമഹയ്ക്കു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച 10 ലക്ഷം സ്കൂട്ടറുകളിൽ 80,000 എണ്ണത്തോളം യമഹ വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്തിരുന്നു. അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവയ്ക്കു പുറമെ മെക്സിക്കോ, കോസ്റ്റ റിക്ക, ഡൊമിനിക്കൻ റിപബ്ലിക്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിലും യമഹ ഇന്ത്യയിൽ നിർമിച്ച സ്കൂട്ടർ വിൽക്കുന്നുണ്ട്. വിദേശത്ത് വിറ്റ സ്കൂട്ടറുകളിൽ അധികവും ‘സൈനസ് റേ സീ’യായിരുന്നു.
യുവതികളെ ലക്ഷ്യമിട്ട ‘സൈനസ് റേ’യുമായിട്ടാണു 2012ൽ ഐ വൈ എം സ്കൂട്ടർ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്.

ക്രമേണ യുവാക്കളെ ലക്ഷ്യമിട്ട് ‘സൈനസ് റേ സീ’ അവതരിപ്പിച്ച ഐ വൈ എം, കുടുംബങ്ങൾക്കായി ‘സൈനസ് ആൽഫ’യും പ്രീമിയം ഫാഷൻ സ്കൂട്ടറായ ‘ഫസിനൊ’യും പുറത്തിറക്കി. യഥാർഥ ആൺകുട്ടികൾക്കെന്ന അവകാശവാദത്തോടെ ‘സൈനസ് റേ സീ ആർ’ അയിരുന്നു അടുത്ത അവതരണം. നിലവിൽ ‘സൈനസ് റേ സീ’, ‘സൈനസ് ആൽഫ’, ‘സൈനസ് റേ സീ ആർ’, ‘ഫസിനൊ’ സ്കൂട്ടറുകളാണ് ഐ വൈ എം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇക്കൊല്ലം മൊത്തം 10 ലക്ഷം ഇരുചക്രവാഹനങ്ങളുടെ ഉൽപ്പാദനമാണ് ഐ വൈ എം ലക്ഷ്യമിടുന്നത്; ഇതിൽ സ്കൂട്ടറുകളുടെ വിഹിതം 4.60 ലക്ഷം യൂണിറ്റാണ്.