‘സല്യൂട്ടൊ’യ്ക്കു നവീകരിച്ച പതിപ്പ്

Yamaha Saluto

കമ്യൂട്ടർ മോട്ടോർ സൈക്കിളായ ‘സല്യൂട്ടൊ’യുടെ നവീകരിച്ച പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യ പുറത്തിറക്കി. മുന്നിൽ ഡിസ്ക് ബ്രേക്കോടെ എത്തുന്ന 125 സി സി എൻജിനുള്ള ബൈക്കിന് 54,500 രൂപയാണു ഡൽഹി ഷോറൂമിൽ വില. ഗ്ലോറി ഗ്രീൻ, ബോൾഡ് ബ്ലൂ, ഡാഷിങ് വൈറ്റ്, മജസ്റ്റിക് നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള ബൈക്ക് രാജ്യവ്യാപകമായി ലഭ്യമാണെന്നും യമഹ മോട്ടോർ ഇന്ത്യ അറിയിച്ചു.

എൻജിനിൽ മാറ്റമൊന്നുമില്ലാതെയാണു യമഹ ‘സല്യൂട്ടൊ’യെ പരിഷ്കരിച്ചിരിക്കുന്നത്; ബ്ലൂ കോർ സാങ്കേതികവിദ്യയുടെ പിൻബലമുള്ള 125 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, ഇരട്ട വാൽവ്, എസ് ഒ എച്ച് സി എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. എതിരാളികളെ അപേക്ഷിച്ച് ഭാരം(113 കിലോഗ്രാം) കുറവായതിനാൽ ‘സല്യൂട്ടൊ’യ്ക്ക് ലീറ്ററിന് 78 കിലോമീറ്ററാണു യമഹ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇന്ത്യ യമഹ മോട്ടോർ(ഐ വൈ എം) നിർമിക്കുന്ന ബൈക്കിന്റെ വിൽപ്പനയും വിപണനവും യമഹ മോട്ടോർ ഇന്ത്യ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ്(വൈ എം ഐ എസ്) ആണു നിർവഹിക്കുന്നത്.

ഉപയോക്താക്കളുടെ അഭിരുചിക്കൊത്ത് മോഡലുകളിൽ നിരന്തര മാറ്റവും പരിഷ്കാരവും വരുത്തുന്നതു കമ്പനിയുടെ മുഖമുദ്രയാണെന്ന് യമഹ മോട്ടോർ ഇന്ത്യ സെയിൽസ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അവകാശപ്പെട്ടു. നഗരവീഥികളിൽ സുരക്ഷിതവും കൂടുതൽ നിയന്ത്രണവുമുള്ള ബൈക്ക് യാത്രയാണു പുതിയ ‘സല്യൂട്ടൊ’ വാഗ്ദാനം ചെയ്യുന്നത്. ആകർഷക നിറങ്ങളോടെയും അഴകുള്ള ഗ്രാഫിക്സോടെയും ലഭ്യമാവുന്ന ബൈക്ക് കൂടുതൽ ആരാധകരെ നേടിയെടുക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 68% വരുന്ന 1.1 കോടി യൂണിറ്റോളം മോട്ടോർ സൈക്കിളുകളുടെ വിഹിതമാണ്. ഇതിൽതന്നെ 90 ലക്ഷവും 100 — 125 സി സി എൻജിനുള്ള മോട്ടോർ സൈക്കിളുകളുടെ വിഹിതമാണ്; ചുരുക്കത്തിൽ മൊത്തം ബൈക്ക് വിൽപ്പനയിൽ 83 ശതമാനവും കമ്യൂട്ടർ വിഭാഗത്തിന്റെ സംഭാവനയാണെന്നു റോയ് കുര്യൻ വിശദീകരിച്ചു. ന്യായ വില, ഉയർന്ന ഇന്ധനക്ഷമത, തികഞ്ഞ പ്രായോഗികത തുടങ്ങിയ മേന്മകളാണ് കുടുംബവുമൊത്തുള്ള യാത്രയ്ക്കായി ആദ്യമായി ബൈക്ക് വാങ്ങാനെത്തുന്നവരെ ഈ വിഭാഗത്തിലേക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. മികച്ച പ്രകടനക്ഷമതയ്ക്കൊപ്പം തകർപ്പൻ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുക വഴി കമ്യൂട്ടർ വിഭാഗത്തിൽ സ്വീകാര്യത നേടിയെടുക്കാൻ ‘സല്യൂട്ടൊ’യ്ക്കു കഴിയുമെന്നും കുര്യൻ പ്രത്യാശിച്ചു.