Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹനം: യമഹ സാധ്യതാപഠനം തുടങ്ങി

yamaha-logo

ഇന്ത്യയിൽ ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ അവതരിപ്പിക്കാനുള്ള സാധ്യതാപഠനം നടത്തുമെന്നു ജാപ്പനീസ് നിർമാതാക്കളായ യമഹ. പ്രകടനക്ഷമതയുള്ള ബൈക്കുകളും ഗീയർരഹിത സ്കൂട്ടറുകളും വിൽക്കുന്ന കമ്പനിക്ക് ഇന്ത്യയിൽ പവർ യൂണിറ്റിലും വൈദ്യുത വാഹന നിർമാണശാലയിലും നിക്ഷേപത്തിനും താൽപര്യമുണ്ട്. 

വൈദ്യുത വാഹനങ്ങളുടെ അവതരണം സംബന്ധിച്ച്  ഇന്ത്യയിൽ സാധ്യതാപഠനം ആരംഭിച്ചതായി യമഹ മോട്ടോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടർ യസുവൊ ഇഷിഹര വെളിപ്പെടുത്തി. മറ്റു രാജ്യങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനാൽ ഈ മേഖലയിൽ യമഹയ്ക്കു തികഞ്ഞ വൈദഗ്ധ്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ ഇന്ത്യയിലെത്തിക്കുക യമഹയ്ക്ക് എളുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പരമ്പരാഗത എൻജിനുകളെ പൂർണമായും പുറന്തള്ളാൻ വൈദ്യുത വാഹനങ്ങൾക്കു സാധിക്കുമോ എന്നും യമഹ സാധ്യതാ പഠനത്തിൽ ആരായുന്നുണ്ട്. കാരണം നിലവിലുള്ള ആന്തരിക ജ്വലന എൻജിനുകൾക്കു പൂർണതോതിലുള്ള പകരക്കാരാവാൻ വൈദ്യുത വാഹനങ്ങൾക്കു സാധിക്കുമോ എന്നു തനിക്കു സംശയമുണ്ടെന്ന് ഇഷിഹര കരുതുന്നു. അതിനാലാണ് സാധ്യതാപഠനത്തിൽ ഈ വിഷയത്തിനു പ്രത്യേക പരിഗണന നൽകുന്നത്.

അതേസമയം ഇന്ത്യയിൽ ഇപ്പോഴുള്ള സ്ഥാനം നിലനിർത്താൻ പരമ്പരാഗത രീതിയിലുള്ള എൻജിനുകൾ വികസിപ്പിക്കുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മലിനീകരണ വിമുക്തമായ വാഹനങ്ങളുടെ അവതരണത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാലപരിധി മുൻനിർത്തിയാണു യമഹ സാധ്യതാപഠനത്തിനു തുടക്കമിട്ടതെന്ന ഇഷിഹര വിശദീകരിച്ചു. ഇതോടൊപ്പം തന്നെ ഇന്ത്യൻ ഉപയോക്താക്കളുടെ താൽപര്യങ്ങൾ മുൻനിർത്തി കാര്യക്ഷമതയേറിയ എൻജിനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനി തുടരുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പവർ യൂണിറ്റിലും ബാറ്ററി നിർമാണത്തിലുമാവും വൈദ്യുത വാഹന രംഗത്ത് യമഹ പ്രധാനമായും നിക്ഷേപം നടത്തുക. പങ്കാളികളുമായി സഹകരിച്ച് അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും യമഹ ആലോചിക്കുന്നുണ്ട്.