സിംഗിൾ സീറ്റിൽ ആർ 15

ഉപയോക്താക്കളുടെ അഭ്യർത്ഥന മാനിച്ച് യമഹ സിംഗിൾ സീറ്റ് ആർ 15 എസ് (YZF–R15 S) ‌അവതരിപ്പിച്ചു. പുതിയ മോഡൽ പുറത്തിറക്കിയെങ്കിലും സ്പ്ലിറ്റ് സീറ്റുള്ള ആർ 15 വിപണിയിൽ തുടരും. ഡൽഹി എക്സ്ഷോറൂമിൽ 1,14,741 രൂപയാണ് ബൈക്കിന്റെ വില. ട്രാക്ക് വൈറ്റ്, അഡ്രിനാലിൻ റെഡ്, സ്പാർക്ക് ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും.

മികച്ച ജനപ്രീതി നേടിയ വൈസെഡ്എഫ് സീരീസിലെ 150 സിസി സെഗ്‌മെന്റ് ബൈക്കാണു ആർ 15. ലിക്വിഡ് കൂൾഡ് എസ്ഒഎച്ച്സി 4 വാൽവ് എൻജിൻ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്. 12 ലിറ്റർ ഇന്ധനടാങ്ക്. കൂടാതെ അപാര സ്പോർട്ടി ലുക്കും.

150 സിസി ബൈക്കിനു പുറമെ വൈസെഡ്എഫ്-ആർ സീരിസില്‍ വേറെയും വാഹനങ്ങൾ യമഹ നിരത്തിലിറക്കുന്നുണ്ട്. 998 സിസി മോഡലായ വൈസെഡ്എഫ്-ആർ1‌, 599 സിസി വൈസെഡ്എഫ്-ആർ3, 249 സിസി വൈസെഡ്എഫ്-ആർ25, 125 സിസി വൈസെഡ്എഫ്-ആർ125 തുടങ്ങിയവയാണ് ഈ സീരിസിലെ മറ്റു പ്രമുഖ ബൈക്കുകൾ.