ഒരു കോടിയുടെ എസ് യു വി തിരികെ നൽകി യെഡിയൂരപ്പ തടിയൂരി

യെഡിയൂരപ്പ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

സമ്മാനമായി ലഭിച്ച ഒരു കോടിയുടെ എസ് യു വി തിരിച്ചുനൽകി വിവാദങ്ങളിൽ നിന്ന് യെഡിയൂരപ്പ തത്കാലം തടിയൂരി. കടുത്തവേനലും കൊടുംവരൾച്ചയും മൂലം ദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ ബിജെപിയുടെ കർണാടക തലവനും 2018-ൽ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ യെഡിയൂരപ്പ ഒരു കോടി രൂപയുടെ അത്യാഡംബര എസ്‌യുവി ഉപയോഗിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെയാണു വിവാദങ്ങൾ ആരംഭിച്ചത്.

വിവാദം ചൂടുപിടിച്ചതോടെ കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ സമ്മാനമായി ലഭിച്ച ആഡംബര കാർ തിരികെ ഏൽപ്പിച്ചിരിക്കുന്നു. പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ യെഡിയൂരപ്പയ്ക്ക് മുൻ വ്യവസായ മന്ത്രി മുരുകേഷ് ആർ. നിറാനിയാണ് ഒരു കോടി രൂപ വിലവരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ സമ്മാനിച്ചത്.

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ

വരൾച്ചബാധിത ജില്ലകളിൽ ട്രെയിനിലായിരിക്കും എത്തുകയെന്നും അവിടെ നിന്നു സമീപപ്രദേശങ്ങളിലെത്താൻ മാത്രമേ കാർ ഉപയോഗിക്കൂ എന്നും യെഡിയൂരപ്പ വിശദീകരിച്ചെങ്കിലും വിവാദം ശമിച്ചില്ല. ഇതേത്തുടർന്നാണു കാർ തിരിച്ചുനൽകിയത്. നിറാനിയുടെ ഉടമസ്ഥതയിലുള്ള നിറാനി ഷുഗേഴ്സ് കരിമ്പുകർഷകർക്ക് നൽകാനുള്ള കോടികളുടെ കുടിശിക തീർക്കാതെയാണ് ഒരു കോടിയുടെ കാർ സമ്മാനമായി നൽകിയത് എന്നതും രൂക്ഷ വിമർശനത്തിനിടയാക്കി.

ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയായ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് 2982 സിസി കപ്പാസിറ്റിയുള്ള എൻജിനാണുള്ളത്. 3400 ആർപിഎമ്മിൽ 171 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 410 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.