കാറുകൾ ഓട്ടമാറ്റിക്കായാൽ

Maruthi A Star

കാറുകൾ ഓട്ടമാറ്റിക്കായാൽ ഡ്രൈവിങ് അനായാസമാകും. ഒരു കയ്യും ഒരു കാലും മാത്രമുണ്ടെങ്കിലും ഓട്ടമാറ്റിക്കുകൾ ഓടും. അടിക്കടി മാറാൻ ഗിയറില്ല. ഡ്രൈവ്, ന്യൂട്രൽ, പാർക്ക്. തീർന്നു. ചില കാറുകളിൽ ഡ്രൈവിന് ഒന്നിലധികം മോഡുകളുണ്ടായേക്കാം, എന്നാൽ അതൊന്നും ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്ല. പാർക്കിലോ ന്യൂട്രലിലോ ഗിയറിടുക. സ്റ്റാർട്ടാക്കുക, ഓടിച്ചു പോവുക. ക്ലച്ചില്ല. ബ്രേക്കും ആക്സിലറേറ്ററും മാത്രം. ഇടത്തു കാൽ ഫ്രീ. വലത്തു കാൽ ബ്രേക്കിനും ആക്സിലറേറ്ററിനുമായി വീതിച്ചെടുക്കാം. ഇടത്തു കയ്യും ഫ്രീ. വല്ലപ്പൊഴുമൊന്നു ഗിയർ മോഡ് മാറ്റിയാൽ മതിയല്ലോ.

ഡ്രൈവിങ് പഠിച്ചു വരുന്നവർക്കറിയാം ക്ലച്ച് ഒരു വില്ലനാണെന്ന്. ക്ലച്ച് ചെറുതായി കൊടുത്ത് ഒപ്പം ആക്സിലറേറ്ററും കൂടിക്കൊടുത്ത് കുതിച്ചു ചാടാതെ വണ്ടി വരുതി ക്കു നിർത്താനായാൽ ഡ്രൈവിങ് പഠനം ഏതാണ്ട് പൂർത്തിയായി . ഇനി എത്ര നന്നായി പഠിച്ചവർക്കും പലപ്പോഴും ക്ലച്ച് ഒരു പ്രശ്നക്കാരൻത ന്നെ. തിരക്കിലും കയറ്റത്തിലും ഇറക്കത്തിലും വണ്ടി നിന്നു പോകാതെ വണ്ടി വരുതിയിലാക്കാൻ പെടുന്ന ഒരു പാടേ. അപ്പോഴാണ് ക്ലച്ചിലാത്ത വണ്ടിയെന്നു പറഞ്ഞു കൊതിപ്പിക്കുന്നത്. വില കൂടുതലായിരിക്കും അല്ലേ? അല്ല. ചെറിയൊരു വിലക്കൂടുതലിൽ ഇന്ന് ഓട്ടമാറ്റിക് ഗിയറുള്ള കാറുകൾ ലഭ്യം. അഞ്ചു ലക്ഷം എന്ന ബ്രാക്കറ്റിൽ വില നിൽക്കുന്ന രണ്ട് ഓട്ടമാറ്റിക് കാറുകളിതാ. മാരുതി എ സ്റ്റാർ, ഹ്യുണ്ടേയ് എെ ടെൻ. രണ്ടു മോഡലിനും അവയുടെ തന്നെ ഓട്ടമാറ്റിക് അല്ലാത്ത കാറുകളുമായി അര ലക്ഷം രൂപയുടെ വ്യത്യാസം. വലുപ്പത്തിലും സർവീസ് ശൃംഖലയുടെ മികവിലും പരസ്പരം പോരാടുന്ന ഈ രണ്ട് ഓട്ടമാറ്റിക്കുകളെപ്പറ്റി.

∙ എ സ്റ്റാർ: ഇന്ത്യയിൽ മാത്രം നിർമിച്ച് ലോകവിപണികളിലേക്കു കയറ്റി അയയ്ക്കുന്ന അപൂർവം കാറുകളിലൊന്നാണ് എ സ്റ്റാർ. യൂറോപ്പിനായി ഇന്ത്യയിൽ കാർ നിർമിക്കുക എന്നതു നിസ്സാരകാര്യമല്ല. കാരണം ലോകവിപണിയാണ് യൂറോപ്പ്. ഗുണമേന്മയിലും സൗകര്യങ്ങളിലും നിലവാരത്തിലുമൊന്നും കടുകിടവീഴ്ച പാടില്ല. അത്തരമൊരു കാർ നമുക്ക് ഓടിക്കാൻ കിട്ടിയാൽ അർത്ഥം ഒരു യൂറോപ്യൻ കാർ കയ്യിൽക്കിട്ടിയെന്നാണ്.

ഗുണവും ദോഷവും വലുപ്പക്കുറവു തന്നെ. പുറത്തെ ഒതുക്കം ഉള്ളിലേക്കും തലയിട്ടു നോക്കുന്നു. മുൻ സീറ്റുകൾ ഒകെ. എന്നാൽ പിന്നിൽ അൽപം കൂടി കാലു നീട്ടിയിരിക്കാൻ സൗകര്യമുണ്ടെങ്കിൽ കൊള്ളാം. ഡിക്കി സ്ഥലവും കുറച്ചുകൂടിയുണ്ടെങ്കിൽ നന്നായിരുന്നു. ആധുനികതയുള്ള ഉൾവശം എ സ്റ്റാറിൻറെ പ്രത്യേകത. ഡ്യുവൽ ടോൺ ഡാഷ്ബോർഡും സ്റ്റിയറിങ് അടക്കമുള്ള കൺട്രോളുകളും വലിയ കാറുകളുടെ നിലവാരത്തിൽ. മാരുതി ഇന്ത്യയിൽ കൊണ്ടുവരുന്ന ഏറ്റവും ആധുനികതലമുറ എൻജിനാണ് എ സ്റ്റാറിലെ കെ ബി സീരീസ്. മൂന്നു സിലണ്ടർ ഓൾ അലൂമിനിയം 998 സി സി, എം പി എഫ് എെ പെട്രോൾ എൻജിൻ പെർഫോമൻസിൻറെ കാര്യത്തിൽ”തെല്ലും പിന്നിലല്ല. 67 ബി എച്ച്പി, 90 എൻ എം ടോർക്ക് . വില: 4.39 ലക്ഷം.

∙ എെ ടെൻ: എന്നും പുതുമകളുടെ കാറാണ് എെ ടെൻ. എ സ്റ്റാർ പോലെ തന്നെ ഇന്ത്യയിൽ ജനിച്ച് വിദേശത്തേക്ക് പറക്കുന്ന കാർ.

Hyundai i10

ഈയിടെ മുഖം മിനുക്കിയെത്തിയ എെ ടെന്നിന് ഉള്ളിലും പുറത്തും സൂക്ഷിച്ചു നോക്കിയാൽ പരിഷ്കാരങ്ങൾ പലതുണ്ട്. ടേൺ മിറർ ഇൻഡിക്കേറ്റർ വിങ് മിററിലെത്തി. വിങ് മിററുകൾക്ക് ഹീറ്റിങ് വന്നു. ഇലക്ട്രിക് സൺറൂഫ്. പരിഷ്കരിച്ച ഓട്ടമാറ്റിക് ട്രാൻസ്മിഷൻ. ബ്ലൂടൂത് കണക്ടിവിറ്റിയുള്ള സ്റ്റീരിയോ. എെ പോഡ്, ഓക്സിലറി, യു എസ് ബി പോർട്ടുകൾ. ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റർ. എ ബി എസ്. റിവേഴ്സ് പാർക്ക് സെൻസർ. ഡ്യുവൽ എയർ ബാഗ്. കീലെസ് എൻട്രിയും ഇൻറഗ്രേറ്റഡ് കീയും. പരിഷ്കരിച്ച ഡയലുകൾ . ഏതു ഗിയറിലേക്ക് ഇടണമെന്ന് ഉപദേശിക്കുന്ന ഇൻഡിക്കേറ്റർ (സെക്കൻഡ് ഗിയറിൽ ഓടുമ്പോൾ മൂന്നാം ഗിയറിലേക്ക് ഉയരാനോ ഒന്നാം ഗിയറിലേക്ക് താഴാനോ ആണ് റോഡ് അവസ്ഥയെങ്കിൽ അത് ഡിസ്പ്ലേ കൺസോളിൽ കാട്ടും). സീറ്റുകൾക്ക് കൂടുതൽ മെച്ചപ്പെട്ട ഫിനിഷ് കിട്ടിയിട്ടുണ്ട്.

കാപ്പ രണ്ട് എൻജിന് ശക്തിയിൽ കാര്യമായ മാറ്റമുണ്ടായില്ല. പണ്ടേപ്പോലെ 80 ബി എച്ച് പി തന്നെ. ടോർക്ക് 4000 ആർ പി എ മ്മിൽ 11.4 കെ ജി . വില: മൂന്നു മോഡലുകളുണ്ട്. 5.05 —5.99 ലക്ഷം വരെ.