ഏയ് ഓട്ടൊ....

കാറുകൾ ഓട്ടമാറ്റിക്കായാൽഎന്തു സംഭവിക്കും? ഒന്ന്: ആർക്കും വണ്ടിയോടിക്കാം. ക്ലച്ചും ഗിയറും ആക്സിലറേറ്ററുമായുള്ള അപൂർവ കോംബിനേഷനുകൾ പ്രവർത്തിക്കാനാവാത്തതാണ് വണ്ടിയോടിക്കാൻ മടിക്കുന്ന ഭൂരിപക്ഷത്തിൻറെയും പ്രശ്നം. രണ്ട്: ഡ്രൈവിങ് ലളിതമാകും. ഒരു കാലും ഒരു കയ്യും മാത്രം മതി ഓടിക്കാൻ എന്ന അവസ്ഥ വരുമ്പോൾ ദീർഘദൂര ഓട്ടങ്ങളോ ബമ്പർ ടു ബമ്പർ ട്രാഫിക്കോ നമുക്കൊരു പ്രശ്നമല്ലാതാകും. പാർക്കിങ്ങും തിരക്കുകളുമൊക്കെ വെറുതെയിരുന്നങ്ങ് ആസ്വദിക്കാം.

ഇത്ര സുഖമെങ്കിൽ പിന്നെയെന്തുകൊണ്ട് കാറുകൾ ഓട്ടമാറ്റിക്കാകുന്നില്ല? ഒന്ന്: ഓട്ടമാറ്റിക്കുകൾക്ക് വില കൂടുതലാണ്. സമാന മോഡലിനെക്കാൾ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വില നൽകിയാലേ ഓട്ടമാറ്റിക് മോഡൽ സ്വന്തമാക്കാനാവൂ. രണ്ട്: ഓട്ടമാറ്റിക്കിന് അറ്റകുറ്റപ്പണി അധികമാണ്. ഗീയർബോക്സിന് എന്തെങ്കിലും പറ്റിയാൽ ചിലവു കൂടും. മൂന്ന്: നമ്മുടെ നാട്ടിലെ ഡ്രൈവിങ് പരിസ്ഥിതിയിൽ ഇന്ധനക്ഷമത കുറയും. പല പെട്രോൾ ഓട്ടമാറ്റിക്കിലും ഇന്ധനക്ഷമത സാധാരണയുടെ പകുതിയാണ്.ഇങ്ങനെയൊക്കെയാണെങ്കിലും പല രാജ്യങ്ങളും ഓട്ടമാറ്റിക്കുകളുടെ അടിമത്തത്തിലാണ്. അമേരിക്ക. അവിടെയുള്ളവർക്ക് പൊതുവെ മാനുവൽ ഓടിക്കാനേ അറിയില്ല. കള്ളൻ കാറു കൊണ്ടു പോകാതിരിക്കണമെങ്കിൽ മാനുവൽ വാങ്ങിയാൽ മതിയെന്നാണ് അമേരിക്കക്കാർ പറയുക.

ഗൾഫും ജപ്പാനുമൊക്കെ പലതരം സാങ്കേതികതകളുള്ള ഓട്ടമാറ്റിക്കുകൾ ഉപയോഗിക്കുന്നു. ഇതിൽ സാങ്കേതികതയുടെ മകുടോദാഹരണമായ ഡി എസ് ജി ഗിയർ ബോക്സ് മുതൽ ലാളിത്യം തുളുമ്പുന്ന സി വി ടി സാങ്കേതികത വരെയുണ്ട്. പൊതുവെ യൂറോപ്പ് മാനുവൽ ഗിയർബോക്സാണ് ഇഷ്ടപ്പെടുന്നത്. എന്തായാലും നേരത്തെ പറഞ്ഞ മൂന്നു കാരണങ്ങൾ കൊണ്ട് ഇന്ത്യ ഓട്ടമാറ്റിക്കിൽ ക്ലച്ചു പിടിക്കാതെ നിൽക്കയാണ്. ഈയൊരു സ്ഥിതിക്കു വിരാമമായിതാ ഓട്ടമേറ്റഡ് മാനുവൽ ഗീയർ ബോക്സുകൾ. മാരുതി സെലേറിയോയിലും ടാറ്റാ സെസ്റ്റിലും ആദ്യമായെത്തിയ ഈ സാങ്കേതികത കൂടുതൽ കാറുകളിൽ ഉടനെത്തും. നിർമാതാക്കൾ പ്രതീക്ഷിച്ചതിലും വിൽപനയുള്ളതിനാൽ ഈ മോഡലുകൾക്കൊക്കെ ബുക്കിങ് പീരിയഡ് കൂടുതലാണ്.

ഈ സാങ്കേതികതയുടെ മുഖ്യ സവിശേഷത സാധാരണ മാനുവൽ ഗീയർ ബോക്സിൽ ഉറപ്പിച്ചിട്ടുള്ള ഒരു ലളിതമായ ഏർപ്പാട് യാന്ത്രികമായി ഗീയർ മാറുന്നു എന്നതാണ്. സത്യത്തിൽ ഇത് അത്ര പുതിയ സാങ്കേതികതയല്ല.1930 കൾ മുതൽ ഇത്തരം ഗീയർബോക്സുകൾ വികസിപ്പിച്ചിരുന്നു. പിന്നീടു കുറെക്കാലം ആൽഫറോമിയോയും ഫെരാരിയും മുതൽ ഹോണ്ടയും ദയ്ഹാറ്റ്സുവുമടക്കം പല പല രീതികളിൽ ഈ സാങ്കേതികത പരീക്ഷിച്ചു. ഇടയ്ക്കൊക്കെ മോട്ടോർ സൈക്കിളുകളും ബസുകളും ട്രെയിനുകളും ട്രക്കുകളുമൊക്കെ ഇതേ വഴിയിൽ ഓടി.

എന്തായാലും സാങ്കേതികത പൂർണ വിജയമായത് ഇപ്പോഴാണ്. പണ്ടൊക്കെ സെൻട്രിഫ്യൂഗൽ ക്ലച്ചും മറ്റു ചില മെക്കാനിക്കൽ ഏർപ്പാടുകളുമായിരുന്നു ഇതിനു പിന്നിലെങ്കിൽ ഇപ്പോൾ കംപ്യൂട്ടർ നിയന്ത്രിത സംവിധാനങ്ങളും ഹൈഡ്രോളിക് ഘടകങ്ങളും പകരമെത്തി. ലോകത്ത് ഈ സാങ്കേതികത പരിപൂർണതയിലെത്തിച്ചതിൻറെ പൂർണബഹുമതി ഇറ്റലിക്കാർക്കാണ്. ഫിയറ്റ് ഉപസ്ഥാപനമായ മാഗ്നെറ്റി മറെല്ലിയാണ്. ഇന്നു ലോകത്ത്

ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻറെ(എ എം ടി) നിർമാതാക്കൾ. ഏറ്റവും തികവുറ്റ രീതിയിൽ എ എം ടി നിർമിക്കാൻഈ സ്ഥാപനം കഴിഞ്ഞേ

യുള്ളൂ ആരും. അതു കൊണ്ടു തന്നെ ടാറ്റയും മാരുതിയുമൊക്കെ മാഗ് നെറ്റോമറെല്ലിയുടെ എ എം ടിയാണ് ഉപയോഗിക്കുന്നത്.

ഒരു ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ്, ഗീയറും ക്ലച്ചും നാം കയ്യും കാലും കൊണ്ടു പ്രവർത്തിപ്പിക്കുന്നതു പോലെ നിയന്ത്രിക്കാൻ സാധിക്കുന്ന ഹൈഡ്രോളിക് സംവിധാനം. ഇവയാണ് എ എം ടിയുടെ കാതൽ. വളരെ ലളിതമായ ഈ സംവിധാനം സാധാരണ ഗീയർ ബോക്സിനു മുകളിൽ ഘടിപ്പിക്കുന്നു. കൺട്രോൾ യൂണിറ്റ് സ്പീഡും റെവലൂഷനും റോഡ് പരിസ്ഥിതിയുമൊക്കെ പരിഗണിച്ച് ഗീയർ മാറാൻ സമയമായോ എത്രയ്ക്കു ക്ലച്ച് കൊടുക്കണം എന്നൊക്കെ ഹൈഡ്രോളിക് സംവിധാനത്തെ അറിയിക്കും. ഏറ്റവും മികച്ച രീതിയിൽ ക്ലച്ച് ഉപയോഗവും ഗീയർ മാറ്റവും നടക്കുന്നതിനാൽ ഇന്ധനക്ഷമത ഉയരും, പരിസ്ഥിതി മലിനീകരണം കുറയും, അറ്റകുറ്റപ്പണി കുറയും.

വിലക്കുറവാണ് മറ്റൊരു മികവ്. പരമ്പരാഗത ഓട്ടമാറ്റിക് ഗീയർബോക്സിന് ഒരു ലക്ഷം രൂപയിലുമധികം വിലയുണ്ടെങ്കിൽ മൂന്നിലൊന്നു വിലയ്ക്ക് ഈ സംവിധാനം വിപണിയിലിറക്കാം. നിർമാതാവിന് പരമാവധി 40000 രൂപ വിലക്കയറ്റത്തിൽ എ എം ടി മോഡലിറക്കാം. ഇന്ത്യയിലെ പ്രത്യേക പരിസ്ഥിതികൾ പരിഗണിക്കുമ്പോൾ അടുത്ത 10 കൊല്ലത്തിനകം എഎം ടികൾ ക്രമാതീതമായി പെരുകുമെന്നാണ് വിലയിരുത്തൽ. വിലപ്പിടിപ്പുള്ള പരമ്പരാഗത ഗീയർ ബോക്സുകളിൽ മാത്രം കാണാനാവുന്ന ട്രിപ്ട്രോണിക് സംവിധാനവും എ എം ടിയിലുണ്ട്. ഗീയർ ലീവർ ഇടത്തേയ്ക്കു തട്ടിയാൽപ്പിന്നെ ഒന്നു മുതൽ അഞ്ചുവരെയുള്ള ഗീയറുകൾ മാനുവലായി തിരഞ്ഞെടുക്കാം. ഇവിടെയും ക്ലച്ച് വേണ്ട. ഒട്ടോ മോഡിൽ മുഖ്യമായും ഡ്രൈവ് (ഡി), ന്യൂട്രൽ(എൻ), റിവേഴ്സ് (ആർ) എന്നീ പൊസിഷനുകളാണുള്ളത്. സാധാരണ ഓട്ടമാറ്റിക്കിലുള്ള പാർക്കിങ് (പി) ഇല്ല. ഡി മോഡിൽ കയറ്റത്തിൽ കിടക്കുമ്പോൾ വണ്ടി തെല്ലു പിന്നോട്ടുരുളാം. എന്നാൽആക്സിലറേറ്ററിൽ കാലൊന്നു കൊടുത്താൽ ഈ പ്രശ്നവും തീർന്നു.

ലളിതം, സുഖപ്രദം. പെട്രോളിൽ മാരുതി സെലേറിയോയും ഡീസലിൽ ടാറ്റ സെസ്റ്റും ഇപ്പോൾ എ എം ടി മോഡലിറക്കുന്നുണ്ട്. കുറഞ്ഞ കാലംകൊണ്ട് ഇവ ജനപ്രീതി നേടിയും കഴിഞ്ഞു. സെലേറിയോയിലും വിലകുറഞ്ഞ ഒരു മോഡലും മാരുതി ഉടനിറക്കും. മറ്റു പല കമ്പനികളും ഉടനടി മോഡലുകളുമായി വരുന്നതോടെ വിപണി മാറി മറിയും. കണ്ടറിഞ്ഞോളൂ...