Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂളൻറുകളിലെ വർണവൈവിധ്യം

coolant

വാഹനങ്ങളുടെ റേഡിയേറ്ററിൽ ഉപയോഗിക്കുന്ന കൂളൻറ് ഇപ്പോൾ പല നിറത്തിലുള്ളവ വിപണിയിലുണ്ടല്ലോ. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏത് ഇനമാണ് മെച്ചം?

അൻവർ, മലപ്പുറം.

ഇന്ത്യൻ വിപണിയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വരവോടെയാണ് കൂളൻറ് എന്ന ഉത്പന്നം പ്രചാരത്തിലായത്. മുൻപ് റേഡിയേറ്ററിൽ നേരിട്ട് വെള്ളം നിറയ്ക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഉയർന്ന മർദത്തിൽ പ്രവർത്തിക്കുന്ന ആധുനിക താപനിയന്ത്രണ സംവിധാനങ്ങളിലും സമതുലിത പിഎച്ച് (അമ്ല /ക്ഷാര രസരഹിതമായ) വെള്ളം ഉപയോഗിച്ചതുകൊണ്ട് കുഴപ്പമില്ല. പക്ഷേ വെള്ളത്തോടൊപ്പം നിശ്ചിത അനുപാതത്തിൽ കലർത്തി ഉപയോഗിക്കുന്ന കൂളൻറ് എന്ന രാസവസ്തുകൊണ്ട് ചില പ്രത്യേക പ്രയോജനങ്ങളുണ്ട്. റേഡിയേറ്ററിലെ വെള്ളം തിളയ്്ക്കുന്ന താപപരിധി ഉയർത്തുന്നു എന്നതാണ് ഇതിൽ പ്രധാനം. വെള്ളം വേഗത്തിൽ തിളച്ചുണ്ടാകുന്ന ബാഷ്പീകരണം ഇങ്ങനെ കുറയ്ക്കുന്നു.

കൂളൻറിലെ സവിശേഷ രാസവസ്തുക്കൾ ലോഹനിർമിതമായ റേഡിയേറ്റർ, എൻജിൻ ബ്ലോക്ക്, സിലിണ്ടർ ഹെഡ് എന്നിവ എളുപ്പത്തിൽ ദ്രവിച്ചുപോകാതെ സംരക്ഷിക്കും എന്നതാണ് മറ്റൊരു പ്രയോജനം. കൂടാതെ തണുപ്പേറിയ കാലാവസ്ഥയിൽ എൻജിനിലെ വെള്ളം ഉറഞ്ഞ് സിലിണ്ടർ ബ്ലോക്കിൽ വിള്ളലുകളുണ്ടാകാതിരിക്കാനും കൂളൻറ് സഹായിക്കും.

ആദ്യകാല കൂളൻറുകളിൽ വെള്ളത്തിൽ ലയിപ്പിച്ച എഥിലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവാണുണ്ടായിരുന്നത്. പിന്നീട് കുറച്ചുകൂടി ക്ഷമതയുള്ള ഡൈ എതിലിൻ ഗ്ലൈക്കോൾ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ എഥിലിൻ ഗ്ലൈക്കോൾ വകഭേദങ്ങൾ വിഷാംശമുള്ളവയാണ്. കൂളൻറ് മാറുമ്പോൾ ഊറ്റിക്കളയുന്ന ദ്രാവകം പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതിനാൽ വിഷാംശം കുറഞ്ഞ പ്രൊപ്പിലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. പ്രൊപ്പിലിൻ ഗ്ലൈക്കോൾ ചേർക്കുമ്പോൾ വെള്ളം 187 ഡിഗ്രി സെൽഷ്യസ് വരെ ചൂടായാൽ മാത്രമേ തിളയ്ക്കൂ എന്ന ഗുണവുമുണ്ട്. രാസവസ്തുക്കളല്ലാതെ ജൈവാധിഷ്ഠിതമായ ചേരുവകൾ ഉപയോഗിക്കുന്ന കൂളൻറുകളുമുണ്ട്. വർഷാവർഷം മാറ്റേണ്ടിവരുന്ന ഗ്ലൈക്കോൾ കൂളൻറുകളെ അപേക്ഷിച്ച് ഏറെക്കാലം ഉപയോഗിക്കാവുന്ന ഇവ പ്രകൃതി സൗഹൃദ വസ്തുക്കളാണ്. ഗ്ലൈക്കോൾ കൂളൻറുകളിൽ ദ്രവിക്കൽ തടയാൻ ചേർക്കുന്ന രാസവസ്തുക്കൾ ഇവയിൽ ആവശ്യമില്ല. കൂളൻറുകൾ ഇനം തിരിച്ചറിയാൻ ചേർത്തിരിക്കുന്ന ഡൈയാണ് ഇവയുടെ നിറവ്യത്യാസത്തിനു കാരണം.

ൎപൊതുവെ കൂളൻറുകളെ മൂന്നു ഗ്രൂപ്പായി തിരിക്കാം.

ഗ്രൂപ്പ് 1:ഗ്ലൈക്കോൾ (എഥിലിൻ, പ്രൊപ്പിലിൻ) അധിഷ്ഠിതമായ ഇവയ്ക്ക് പച്ച നിറമാണ് സാധാരണയുള്ളത്. ഇരുമ്പ്, അലുമിനിയം ഘടകങ്ങൾ ദ്രവിക്കുന്നത് തടയാൻ സിലിക്കേറ്റുകളും ഫോസ്ഫേറ്റുകളും ചേർത്തിരിക്കും. വാഹനത്തിൻറെ കൂളൻറ് ഈയിനമാണെങ്കിൽ വർഷത്തിലൊരിക്കൽ പൂർണമായും ഊറ്റിക്കളഞ്ഞ് പുതിയത് നിറയ്ക്കണം.

ഗ്രൂപ്പ് 2:2” ഇഥൈൽ ഹെക്സനോയിക് ആസിഡ് എന്ന ജൈവ അമ്ലമാണ് പ്രധാന ചേരുവ. മറ്റ് ചില ജൈവ അമ്ലങ്ങളും പേരിന് ചേർത്തിരിക്കും. സിലിക്കേറ്റുകളും ഫോസ്ഫേറ്റുകളും ചേർക്കേണ്ട ആവശ്യമില്ലെന്നു മാത്രമല്ല അഞ്ചു വർഷത്തിലൊരിക്കൽ കൂളൻറ് മാറ്റിയാൽ മതിയാകും. 2”ഇഎച്ച്എ എന്ന സംജ്ഞ രേഖപ്പെടുത്തിയ ഇവ ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

ഗ്രൂപ്പ് 3:ജി”05 എന്ന ജൈവസങ്കലനം ഉപയോഗിക്കുന്നവ. ഇതിൽ 2”ഇഎച്ച്എ എന്നതിന് പകരമുള്ള ചില ജൈവ അമ്ലങ്ങളും അലുമിനിയത്തിൻറെ ദ്രവിക്കൽ തടയാനായി സിലിക്കേറ്റുകളും ചേർത്തിട്ടുണ്ട്. ചുവന്ന നിറത്തിലാണ് ഈയിനം വിപണിയിൽ കാണപ്പെടുന്നത്. ഗുണത്തെപ്പറ്റി പറഞ്ഞാൽ രണ്ടും മൂന്നും ഗ്രൂപ്പിലുള്ളവ തന്നെയാണ് മുന്നിൽ. താപനിയന്ത്രണ സംവിധാനത്തിലെ റേഡിയേറ്റർ, വാട്ടർ പമ്പ് എന്നിവ ദ്രവിക്കാതെ സംരക്ഷിക്കുന്നതോടൊപ്പം ഏറെ നാൾ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ സാധാരണ പച്ച (ഗ്ലൈക്കോൾ) കൂളൻറുകളേക്കാൾ ഇവയ്ക്ക് വില കൂടുതലാണ്.

റേഡിയേറ്ററിൽ ഒരു നിറത്തിലുള്ള കൂളൻറിൻറെ ലെവൽ ക്രമീകരിക്കാൻ മറ്റൊരു നിറത്തിലുള്ളത് ഒഴിച്ചാൽ പ്രശ്നമുണ്ടോ?

ലൗജിൻ, കോട്ടയം.

സാധാരണഗതിയിൽ ഗൗരവമായ തകരാറുണ്ടാകില്ല. എന്നാൽ ചില്ലറ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഉദാഹരണത്തിന് ജൈവ അമ്ലസാങ്കേതികവിദ്യ ഉപയോഗിക്കുന്ന കൂളൻറുകൾ അന്യോന്യം മാറി ഉപയോഗിക്കാൻ കഴിയും. പക്ഷേ കലർപ്പുണ്ടാകുമ്പോൾ ദീർഘനാൾ ഉപയോഗിക്കാം എന്ന ഗുണം നഷ്ടപ്പെടുമെന്ന് ഓർക്കുക. കൂടാതെ ചെമ്പ് പിച്ചള റേഡിയേറ്ററുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇവ ദോഷം ചെയ്യും. എന്നാൽ പച്ച (ഗ്ലൈക്കോൾ) ഏതിനത്തോടൊപ്പവും കലർത്താം. പക്ഷേ ഒരു വർഷത്തിനുള്ളിൽ കൂളൻറ് പൂർണമായി മാറ്റണമെന്നു മാത്രം.