സുരക്ഷയ്ക്ക് പ്രാധാന്യം, ഇന്ത്യൻ വാഹനങ്ങളിൽ

സീറ്റ് ബെൽറ്റ് ധരിച്ച് വാഹനമോടിക്കുന്ന ചലച്ചിത്രതാരം മമ്മൂട്ടി

കാർവിപണി രാജ്യാന്തര നിലവാരത്തിലെത്തിയെന്നാണ് പ്രചാരമെങ്കിലും ഇന്ന് ഇന്ത്യയിലിറങ്ങുന്ന കാർ മോഡലുകളിൽ പകുതിയിലധികവും ഒരു വികസിതരാജ്യത്തും റോഡിലിറക്കാനാവുന്നവയല്ല. ഏതെങ്കിലും കാറുകൾ രാജ്യാന്തര മോഡലുകളാണെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിൽ അവയുടെ ഇന്ത്യൻ രൂപങ്ങളല്ല വിദേശത്ത് ഇറക്കുന്നതെന്ന് മനസ്സിലാക്കുക – ഇന്ത്യയിലെ വമ്പൻ കാർ കമ്പനികളുടെ തലവൻമാരിലൊരാൾ സ്വകാര്യസംഭാഷണത്തിൽ തുറന്നടിച്ചത് പലരും തുറന്നു പറയാൻ മടിക്കുന്ന വിവരങ്ങൾ തന്നെ.

ദിനംപ്രതി ‘രാജ്യാന്തര മോഡലുകൾ പടച്ചുവിടുന്ന ഇന്ത്യയിലെ കാർ നിർമാതാക്കൾ വിൽപനഗ്രാഫിൽ അമിതശ്രദ്ധ കാട്ടുമ്പോൾ സുരക്ഷയെക്കാൾ വിലക്കുറവിന് ഊന്നൽ നൽകുന്നത് ന്യായം. വിലയുടെ പകുതിയിലധികം നികുതി നൽകേണ്ടിവരുന്ന ഒരു രാജ്യത്ത് ഏതെങ്കിലും നിർമാതാവിന് ഉപഭോക്താവിനോട് ഇതിലധികം നീതി കാട്ടാനാവുമോ എന്ന മറുചോദ്യത്തിന് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്രസക്തിയില്ല. പാശ്ചാത്യ നിലവാരത്തിനൊത്ത എക്സ്പ്രസ് പാതകൾ നമുക്കില്ലാത്തതു കൊണ്ട് തൽക്കാലം ഇത്ര മതി എന്ന ന്യായം ഒരു പക്ഷേ കൂടുതൽ പ്രസക്തമായിരിക്കും.

ൎഎന്തായാലും പാശ്ചാത്യ രാജ്യങ്ങളിൽ നിരത്തിലിറങ്ങുന്ന കാറുകളിൽ മുന്നിലും പിന്നിലും സീറ്റ്ബെൽറ്റ്, എയർബാഗുകൾ, പെട്ടെന്നു പിടിത്തം തരുന്ന ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, റേഡിയൽ ടയറുകൾ എന്നിവയൊക്കെ സ്റ്റാൻഡേർഡ് ഫിറ്റിങ്ങുകളാണ്. മാത്രമല്ല സുരക്ഷ ഉറപ്പാക്കാൻ വേണ്ട രീതിയിലാണ് പ്രാഥമിക രുപകൽപന. യാത്രക്കാരുടെ ഇരിപ്പിടം ഉൾപ്പെടുന്ന ഷെൽ പരമാവധി കടുപ്പത്തിലാക്കുകയും ‘ക്രംബിൾ സോണുകൾ എന്നറിയപ്പെടുന്ന പെട്ടെന്നു തകരുന്ന ഭാഗങ്ങൾ ഇടിയുടെ ആഘാതം വലിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണ്.നോൺജാമിങ് ഡോറുകൾ, സൈഡ് ഇംപാക്ട് ബീമുകൾ, മൂന്നു സ്റ്റേജ് ബമ്പറുകൾ, സുരക്ഷിതമായ സീറ്റുകൾ എന്നിവ പുറമെ. ഇന്ത്യയിൽ 1998 നു ശേഷം ഇറങ്ങുന്ന ഏതാണ്ടെല്ലാ മോഡലുകളും രൂപകൽപനാതലത്തിൽത്തന്നെ ക്രംബിൾസോണുകളുള്ളവയാണ്. എന്നാൽ എ.ബി.എസ് ബ്രേക്ക്, എയർബാഗ്, പിൻസീറ്റ് ബെൽറ്റ് എന്നിവയൊക്കെ വില കൂടിയ മോഡലുകൾക്കു മാത്രമേയുള്ളൂ.

ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കുന്ന കാറുകൾ പലതും രൂപകൽപനാ തലത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ലാത്ത 1998 നു മുമ്പുള്ള മോഡലുകളാണെന്നതാണു പ്രശ്നം. എക്സ്പ്രസ് ഹൈവേകളില്ലാത്തതു കൊണ്ട് തൽക്കാലം ഇവ മതിയെന്നു പറയാമെങ്കിലും മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽപ്പോകേണ്ട ഹൈവേകളിലൂടെ ഇവയൊക്കെ ഓടിയാലുള്ള സ്ഥിതി ആത്മഹത്യാപരമായിരിക്കും.

ൎഇന്ത്യയിലെ ഉപഭോക്താക്കൾ മാത്രമേ ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്നുള്ളോ? ഇല്ലെന്നതാണ് ശരി. അറുപതുകളിലും മറ്റും അമേരിക്കയിലെ കാർ നിർമാതാക്കൾ സ്വന്തം ഉപഭോക്താക്കളെ ഇതിലുമധികം വഞ്ചിച്ചിട്ടുണ്ട്. ഉദാഹരണം സീറ്റ് ബെൽറ്റ്. സീറ്റ് ബെൽറ്റ് വയ്ക്കാനായി ഉപഭോക്തൃസംഘടനകൾ വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ( 100 രൂപയേ ഒരു സീറ്റ് ബെൽറ്റിന് വിലവരികയുള്ളെങ്കിൽപ്പോലും ആയിരം കാറുകൾ ദിവസം നിർമിക്കുന്ന കമ്പനി ഒറ്റബെൽറ്റിനായി ഒരു കൊല്ലം മൂന്നരക്കോടിയിലധികം മുടക്കണം. നാലു ബെൽറ്റുണ്ടെങ്കിൽ 15 കോടിയാവും അധികച്ചെലവ്. പുറമെ ഫാക്ടറിയിൽ ഏർപ്പെടുത്തേണ്ടി വരുന്ന സംവിധാനങ്ങളുടെ ചെലവ് വേറെ).

അപകടകരമായ രീതിയിൽ പെട്രോൾ ടാങ്കുകൾ ഉറപ്പിച്ച് ഒട്ടേറെ ജീവനുകൾ അപഹരിച്ച ഒരു കമ്പനിക്കെതിരേ നിയമയുദ്ധം നടത്തി ജയിച്ചപ്പോൾ കമ്പനിയുടെ വക്താക്കളിലൊരാൾ രഹസ്യമായി നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. തീപിടുത്തത്തിൽ മരിക്കുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കുന്നതാണത്രെ നിരത്തിലിറങ്ങിയ എല്ലാ കാറുകളുടെയും പെട്രോൾ ടാങ്കുകൾ മാറ്റിവയ്ക്കുന്നതിനെക്കാൾ ലാഭകരം!!! എന്തായാലും പിന്നീട് മത്സരം മൂത്തപ്പോൾ അമേരിക്കയിലെ കാർ നിർമാതാക്കൾ സുരക്ഷയെപ്പറ്റി കാര്യമായി ചിന്തിക്കേണ്ടിവന്നു. എയർബാഗുകളും ഇലക്ട്രോണിക് സെൻസറുകളുള്ള ബ്രേക്കുകളുമടക്കം പുതിയ കണ്ടുപിടിത്തങ്ങൾ കാർയാത്രയുടെ സുരക്ഷിതത്വം ഉയർത്തി. പണ്ട് ഉപഭോക്തസംഘടനകൾ മത്സരിച്ച കമ്പനികൾത്തന്നെ പിന്നീട് സീറ്റ്ബെൽറ്റ് പോലുള്ള ഘടകങ്ങൾ വിപണനതന്ത്രമാക്കിയെന്നതു വേറെ കാര്യം.

അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന റാൽഫ് നാഡെർ അവിടെ കാർകമ്പനികൾ സുരക്ഷിതത്വത്തിൽ കാട്ടിയിരുന്ന അനാസ്ഥയ്ക്കെതിരേ ശക്തമായി പോരാടിയിരുന്ന വ്യക്തിയായിരുന്നു. ഇന്ത്യയിൽ ഇങ്ങനെയൊരു മുന്നണിപ്പോരാളി ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ഇവിടെ കാറുകൾ പെരുകി. സുരക്ഷാബോധം ഉയർന്നിട്ടില്ല.