മീറ്റർ പിന്നോട്ട്, വില മുന്നോട്ട്

ആധുനിക കാറുകൾ വരുമ്പോൾ അവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും അത്യാധുനികമാകും. പുത്തൻ സാങ്കേതികവിദ്യയുപയോഗിക്കുന്ന തെഫ്റ്റ് അലാം സംവിധാനമുള്ള കാർ മോഷ്ടിക്കണമെങ്കിൽ അതിനെ വെല്ലുന്ന സാങ്കേതികവിദ്യ വേണ്ടി വരുമല്ലോ. പഴയൊരു വണ്ടി വിൽക്കാൻ പരിപാടിയിടുമ്പോൾ മൈലേജ് അൽപം കുറച്ചു കാട്ടാൻ എളുപ്പമായിരുന്നു. ഏതെങ്കിലും വഴിയോര മെക്കാനിക്ക് വിചാരിച്ചാൽ ഓഡോമീറ്ററിനെ ഏതാനും കിലോമീറ്ററുകൾ പിന്നോട്ടോടിക്കാമായിരുന്നു. പുതു പുത്തൻ കാറുകളിൽ ഈ പിന്തിരിഞ്ഞോട്ടം അത്ര അനായാസമല്ല. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ ‘മർമം അറിയാവുന്നവർക്ക് കാര്യം തികച്ചും നിസ്സാരമാണു താനും. ഇങ്ങനെ മർമം അറിയാവുന്ന ഒരു കൂട്ടം മെക്കാനിക്കുകൾ പരിഷ്കൃത ലോകത്ത് അൽഭുതങ്ങൾ സൃഷ്ടിക്കുന്നു.

ബ്രിട്ടനിൽ അടുത്തയിടെയുണ്ടായ ഇത്തരം ഒരു ട്രെൻഡിനെപ്പറ്റി. മൈലേജ് കുറച്ചു കാണിക്കാനുള്ള സ്ഥാപനങ്ങൾക്ക് ബ്രിട്ടനിൽ ജനപ്രീതിയേറുന്നു. സ്വന്തം കാറിന്റെ മൈലേജ് കൂട്ടണോ കുറയ്ക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം ഉടമയ്ക്കുള്ളതായതിനാൽ ബ്രിട്ടനിലെ നിയമങ്ങൾ ഈ ഏർപ്പാടുകൾക്ക് വിലങ്ങുതടിയല്ല. മാത്രമല്ല മൈലേജ് കറക്ഷൻ സംവിധാനം എന്ന പേരിലാണ് ഈ തട്ടിപ്പ് പരസ്യമായി നടത്തുന്നത്. ഇത്തരം കമ്പനികൾക്ക് സ്വന്തമായി വെബ്സൈറ്റുകളും പത്രപ്പരസ്യങ്ങളുമൊക്കെയുണ്ട്.

ഇനി കാര്യത്തിലേക്ക്. കാറിന്റെ ഓഡോ മീറ്റർ പിന്നോട്ടോടിക്കുകയെന്നത് പഴയൊരു കലയാണ്. ഡാഷ് ബോർഡ് തുറന്ന് ചില പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അനലോഗ് മീറ്ററുകൾ പിന്നോട്ടോടിക്കുകയായിരുന്നു പതിവ്. വളരെ വിശദമായി പരിശോധിച്ചാൽ അനലോഗ് മീറ്ററുകൾ തിരിച്ചോടിച്ചവയാണോ അല്ലയോ എന്നു കണ്ടെത്താൻ വിദഗ്ദൻമാർക്കാവും എന്നതാണ് ഇതിന്റെ കുഴപ്പം. ഡാഷ് ബോർഡ് അഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നു കണ്ടു പിടിക്കാനും എളുപ്പമാണ്.

ൎപുതുതലമുറ കാറുകളുടെ ഓഡോമീറ്റർ ഇലക്ട്രോണിക് ആയതാണ് ഇപ്പോൾ സൗകര്യമായത്. ഡാഷ്ബോർഡിലോ മീറ്ററിലോ തൊടുക പോലും ചെയ്യാതെ ഒരു ലാപ് ടോപ് കംപ്യൂട്ടർ ഉപയോഗിച്ച് കാര്യം സാധിക്കാം. ബോണറ്റ് ഉയർത്തി കാറിനുള്ളിലെ ഓൺബോർഡ് കംപ്യൂട്ടറിൽ ഘടിപ്പിച്ചാണ് മൈലേജ് പിന്നോട്ടോടിക്കുന്നത്. ഉടമയുടെ ഇഷ്ടാനുസരണം മൈലേജ് എത്രവേണമെങ്കിലും കുറച്ചുതരും. ഇത്തരം തട്ടിപ്പുകൾ തടയാൻ കാർന ിർമാതാക്കൾ ഓൺബോർഡ് കംപ്യൂട്ടറിൽ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും വെബ്സൈറ്റുകൾ ഹാക്കു ചെയ്യുന്നതു പോലെ ഈ വിദഗ്ദൻമാർ അതൊക്കെ മറികടക്കും. വിവിധ കാറുകൾക്ക് വിവിധ പ്രോഗ്രാമുകൾ വേണ്ടിവരുമെന്നതു മാത്രമാണ് ഇവർക്ക് ഇപ്പോഴുള്ള ഏക തടസ്സം. മെഴ്സെഡിസും ബി.എം.ഡബ്ല്യുവും അടക്കമുള്ള, വില കൂടിയതും കുറഞ്ഞതുമായ ഏതു കാറുകൾക്കും പറ്റിയ സോഫ്റ്റ് വെയറുകൾ ഇവരുടെ പക്കലുണ്ട്.

ബ്രിട്ടനിലെ ഇപ്പോഴത്തെ വിപണിയനുസരിച്ച് 30,000 മൈൽ മീറ്ററിൽ കുറച്ചു വച്ചാൽ 1500 പൗണ്ടോളം വിലക്കൂടുതൽ കിട്ടും. അഞ്ചു മിനിറ്റുപോലും വേണ്ടാത്ത മീറ്റർ പിന്നോട്ടോടിക്കൽ സർവീസുകാർക്ക് 90 പൗണ്ട് കൊടുത്താൽ മതി. വീണ്ടുമൊരു 90 പൗണ്ട് കൊടുത്താൽ പഴക്കം തോന്നിപ്പിക്കുന്ന പെഡൽ കവറുകൾ സ്റ്റിയറിങ് കവറുകൾ എന്നിവ മാറ്റിപ്പിടിപ്പിച്ചു തരും. സീറ്റുൾപ്പെടെയുള്ള ഘടകങ്ങളൊക്കെ ‘ഡ്രൈക്ലീൻ ചെയ്തു പുത്തനാക്കും. ഉടമയ്ക്ക് 1200 പൗണ്ട് ലാഭം.

മീറ്ററിൽ തട്ടിപ്പു കാണിക്കയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്ന കമ്പനികൾ പറയുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളിൽ കിലൊ മീറ്റർ മാറ്റി ബ്രിട്ടനിൽ അനുവർത്തിച്ചു പോരുന്ന മൈൽ സംവിധാനമാക്കാനും മറ്റും സഹായിക്കുകയാണ് ഉദ്ദേശ്യമെന്ന് ഇവർ പറയുന്നു. എന്തായാലും പഴയ കാറുകൾ വാങ്ങുമ്പോൾ ഉടമകൾ വിശദ പരിശോധന നടത്തുകയും സർവീസ് ഹിസ്റ്ററി പരിശോധിക്കയും വേണമെന്നാണ് വിദഗ്ദോപദേശം.