Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തായിരുന്നു ആ പ്രാർഥന..?

car-in-water1

അയയിൽ നിന്ന് പറന്ന് ചെളിയിൽ വീണ സാരി പോലെ മഴയത്തെ റോഡ്. ചീറിപ്പാഞ്ഞുപോയ കാറിന്റെ കാൽച്ചുവട്ടിൽനിന്ന് തെറിച്ച ചെളിവെള്ളം റോഡരികിൽ നിന്ന ഒരു പെൺകുട്ടിയുടെ തലയിൽ വീണു ചിതറി. വെള്ള ഉടുപ്പും പച്ചപ്പാവാടയുമായിരുന്നു അവളുടെ വേഷം. ചുവപ്പു നിറമുള്ള റിബൺ കൊണ്ട് മുടി അലങ്കരിച്ചിരുന്നു. പുത്തൻ പാവാടയിലും ഉടുപ്പിലുമെല്ലാം ചെളിമഴ പെയ്തോടെ അവൾ ആദ്യം പകച്ചു പോയി. പിന്നെ പരിസരം മറന്ന് മഴ പോലെ കരയാൻ തുടങ്ങി.

ആ കാർ അങ്ങകലെ പൊട്ടുപോലെ മാഞ്ഞു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു സംഭവം !

അച്ഛനോടൊപ്പം റോഡ് ക്രോസ് ചെയ്യാൻ നിൽക്കുകയായിരുന്നു അവൾ. റോഡിനു മറുവശത്ത് അവളുടെ സ്കൂളാണ്. അവിടെ സ്വാതന്ത്ര്യ ദിനാഘോഷം. മന്ത്രി ഉടനെയെത്തും. മന്ത്രിയുടെ മുന്നിൽ ദേശീയ ഗാനം പാടുന്ന സ്കൂൾ ടീമിന്റെ ലീഡറായിരുന്നു ആ അഞ്ചാംക്ളാസുകാരി.

ടിവിയിൽ നിന്നും പത്രത്തിൽ നിന്നുമൊക്കെ ആളു വരുമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞിരുന്നു. എല്ലാവരും നന്നായി ഒരുങ്ങി വരണം.അങ്ങനെ ദേശീയ പതാകയുടെ നിറങ്ങളുള്ള വസ്ത്രങ്ങളും റിബണും സോക്സുമൊക്കെ അണിയിച്ച് മിടുക്കിയായി ഒരുക്കി വിട്ടതാണ് അമ്മ.

അന്നേരമാണ് ചെളിയഭിഷേകം ! വീട്ടിൽപ്പോയി വേഷം മാറി വരാനൊന്നും ഇനി സമയമില്ല. ചെളിക്കുട്ടിയെപ്പോലെ നിൽക്കുന്നത് കൂട്ടുകാരിൽ ചിലരൊക്കെ കാണുകയും ചെയ്തു !

ഞാൻ സ്കൂളിലേക്കില്ല – അവൾ കരഞ്ഞു കൊണ്ട് തൊട്ടടുത്തുള്ള പള്ളിയുടെ മുന്നിലേക്ക് ഓടി. വ്യാകുല മാതാവിനു മുന്നിൽ ഉരുകുന്ന മെഴുകുതിരി പോലെ നിന്നു കരയാൻ തുടങ്ങി. കരച്ചിലടങ്ങിയപ്പോൾ സ്കൂൾ ബാഗിൽ നിന്ന് ബുക്കെടുത്ത് ഒരു പേജ് വലിച്ചു കീറി അതിൽ എന്തോ എഴുതി. ആ കടലാസും കുറച്ചു നാണയത്തുട്ടുകളും ചേർത്ത് നേർച്ചപ്പെട്ടിയിലിട്ടു.ആയിരം പൂക്കളുടെ കരുണയോടെ മാതാവ് അവളെ നോക്കി.

എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു അവളുടെ അച്ഛൻ. ഒടുവിൽ മകളുടെ കൈയുംപിടിച്ച് വീട്ടിലേക്കു മടങ്ങിപ്പോയി.എന്തായിരിക്കും ആ പെൺകുട്ടി മാതാവിനോടു പ്രാർഥിച്ചത് ? കണ്ണീരിലും ചെളിയിലും കുതിർന്ന കടലാസു തുണ്ടിൽ അവൾ എഴുതി നേർച്ചപ്പെട്ടിയിൽ ഇട്ടത് എന്തായിരിക്കും ? ഒരുപാട് ആഗ്രഹിച്ച ഈ നല്ല ദിവസത്തിനു മേൽ ചെളിതെറിപ്പിച്ച അഹങ്കാരിയായ ആ ഡ്രൈവറെ ശിക്ഷിക്കണേ എന്നായിരിക്കുമോ ? !

കണ്ണീരു വീണു നനഞ്ഞ കടലാസുകളെ അവഗണിക്കരുതെന്ന് എവിടെയോ വായിച്ചത് ഓർമ വരുന്നു. ഹോട്ടലുകളിലും മറ്റും ഭക്ഷണം കഴിക്കാൻ വരുമ്പോൾ സപ്ളെയർമാരോട് പുച്ഛത്തോടെ പെരുമാറുന്നതിനെപ്പറ്റിയായിരുന്നു അത്. വിളമ്പുകാരുടെ മനസ്സിലെ സങ്കടത്തിന്റെ ചൂടേറ്റാൽ ഭക്ഷണം കഴിക്കുന്നവരിൽ രോഗങ്ങൾക്കു വരെ കാരണമായേക്കാം..റോഡിലൂടെ പോകുന്നവരെ സങ്കടപ്പെടുത്തുന്നവർക്കുള്ള പ്രതിഫലമോ ?

സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്ന്, ഞായറാഴ്ച സ്കൂളിനടുത്തുള്ള പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്ന് കപ്യാർക്ക് ഒരു ചെറിയ കടലാസ് കിട്ടി. കപ്യാര് അത് വൈദികനു കൈമാറി. കുർബാന കഴിഞ്ഞുള്ള പ്രസംഗത്തിനിടെ വൈദികൻ ആ കടലാസിലെ എഴുത്ത് പള്ളിയിൽ ഉറക്കെ വായിച്ചു. ഒരു സ്കൂൾ വിദ്യാർഥിനിയുടെ മാതാവിനോടുള്ള അപേക്ഷയായിരുന്നു : ഒരുപാട് ആഗ്രഹിച്ചിട്ടും എനിക്ക് ഇന്ന് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. സമ്മാനവും കിട്ടിയില്ല. മമ്മി വാങ്ങിത്തന്ന പുത്തൻ ഉടുപ്പിലെല്ലാം ചെളിയായി. അത് കൂട്ടുകാരെല്ലാം കാണുകയും ചെയ്തു. സ്കൂളിനു മുന്നിലെ റോഡിലെല്ലാം ചെളിക്കുഴികളാണ്. അവിടെയൊക്കെ വണ്ടി പതുക്കെ ചാടിക്കാൻ ഈ അങ്കിളുമാർക്ക് നല്ല ബുദ്ധി തോന്നിക്കണേ.. മാതാവേ.. എന്ന് ! തിരുസന്നിധിയിലെ വിശുദ്ധമായ കാറ്റിൽ ആ കടലാസ് പാറിപ്പോയി. പാറിനടക്കാനിഷ്ടപ്പെടുന്ന അവളുടെ പ്രായം പോലെ..!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.