Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം രാഗം പാടി... ഒന്നാം നമ്പർ തേടി..

G Venugopal ജി. വേണുഗോപാൽ

ഗായകൻ ജി. വേണുഗോപാലിനെ ജീവിതവഴികളിൽ മുന്നോട്ടു നയിക്കുന്നത് വേണുഗാനമല്ല, ബാബുഗാനമാണ് !‌

വേണുവിന്റെ പ്രിയ ടാക്സി ഡ്രൈവറായിരുന്നു ബാബു. ഒരു വരിപോലും പിഴയ്ക്കാത്ത പാട്ടു പോലെ പെർഫെക്ടായിരുന്നു അയാളുടെ ഡ്രൈവിങ്. ‍ഡ്രൈവിങ്ങിനിടെ ബാബു പാടുമായിരുന്നു. പലപ്പോഴും ഭക്തിഗാനങ്ങൾ..! രാത്രിയിൽ കാറോടിച്ച് ക്ഷീണംതിടംവച്ച കണ്ണുകളിലേക്ക് ഓടിയെത്തുന്ന ഉറക്കത്തെ ഓടിച്ചു വിടാനുള്ള സൂത്രമായിരുന്നു ബാബുവിന്റെ പാട്ട്. ബാബു ഒരു ബാംബു പോലെ പാടിക്കൊണ്ടേയിരിക്കും.. മുളന്തണ്ടിന്റെ വേണുഗാനം പോലെ... പാട്ടു നിർത്താൻ വേണു സമ്മതിക്കുകയേയില്ല. പാട്ടുനിന്നാൽ ഡ്രൈവിങ്ങിനിടെ ബാബു ഉറങ്ങി എന്നാണ് അർഥം. അങ്ങനെ വന്നാൽ നഷ്ടപ്പെടുക വേണുവിന്റെ ഉറക്കമാണ്. ചന്ദന മണിവാതിൽ പാതി ചാരി താനേ പൂവിട്ട മോഹങ്ങളെപ്പറ്റി എത്രയോ സുന്ദരഗാനങ്ങൾ പാടിയ ഗായകൻ യാത്രകളിൽ കേട്ടുറങ്ങിയിരുന്നത് ബാബുവിന്റെ പാട്ടുകളാണ് !

പാട്ടുപോലെ വേണുവിന് ഇഷ്ടമുള്ള മറ്റൊന്നുണ്ട്.. പഴയൊരു റാലി സൈക്കിൾ. പത്താം ക്ളാസിൽ ഫസ്റ്റ് ക്ളാസ് വാങ്ങിയതിന് അച്ഛന്റെ സമ്മാനം! പകൽ മുഴുവൻ ഓടിച്ചിട്ടും കൊതിതീരാതെ രാത്രി കിടപ്പുമുറിയുടെ ജനാലകൾ തുറന്നിട്ട് അതിനരികിൽ സൈക്കിൾ വച്ച് അതിൽ നോക്കിക്കിടന്നുറങ്ങുമായിരുന്നു വേണു. രാരീ രാരീരം രാരോ എന്നും കൈനിറയെ വെണ്ണ തരാമെന്നുമൊക്കെയുള്ള പാട്ടുകൾ കേട്ട് കേട്ട് പലരും ഉറങ്ങുന്നതു പോലെ സൈക്കിൾ കണ്ടു കണ്ടുറങ്ങുമായിരുന്നു വേണു.
പ്രീഡിഗ്രി മുതൽ വർഷങ്ങളോളം വേണു കോളജുകളിൽ പോയത് ആ സൈക്കിളിലാണ്. അന്ന് തിരുവനന്തപുരത്ത് ഹോണടികളെക്കാൾ കൂടുതൽ സൈക്കിളിന്റെ ബെല്ലടികളാണ്. കത്തുമായി വരുന്ന പോസ്റ്റ്മാൻ മുതൽ അക്കാലത്ത് റിലീസായ ക്ഷണക്കത്തെന്ന സിനിമയിലെ നായകൻ വരെ സൈക്കിൾ ഓടിക്കുന്ന കാലം..

വഴുതയ്ക്കാട്ട് അയ്യപ്പന്റെ സൈക്കിൾ കട.. വേണു ഉൾപ്പെടെയുള്ള സൈക്കിൾപ്പിള്ളേർ വൈകുന്നേരങ്ങളിൽ ശരണം പ്രാപിച്ചിരുന്നത് ഇവിടെയാണ്. കാറ്റടിക്കാനും പഞ്ചറൊട്ടിക്കാനും മാത്രമല്ല, കുളിർകാറ്റു പോലെ ചില പെൺകുട്ടികൾ അതുവഴി പോയോ എന്ന് അറിയാനുമുള്ള വഴിയും അയ്യപ്പനായിരുന്നു.

ആകാശവാണിയിൽ ജോലി കിട്ടിയതോടെ വേണു സൈക്കിളിൽ നിന്നിറങ്ങി ബൈക്കിൽ കയറി. ആദ്യം വാങ്ങിയ വാഹനം.. ഹീറോ ഹോണ്ട. ആ ബൈക്ക് വേണുവിന് എന്നുമൊരു വിഷാദഗാനമാണ്. പുതിയ ബൈക്ക് കിട്ടിയ ദിവസമായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരൻ ഹരിയുടെ മരണം. ബൈക്ക് അപകടമായിരുന്നു. ഒന്നാം ക്ളാസ് തൊട്ടേയുള്ള കൂട്ടാണ്. പുതിയ ബൈക്കിൽ വേണുവിനൊപ്പം പോകണമെന്നത് ഹരിയുടെ മോഹമായിരുന്നു. വേണുവിന് പിന്നീട് തൃശൂരിലായി ജോലി. അപ്പോഴേക്കും സിനിമയിൽ പാടാൻ തുടങ്ങിയിരുന്നു. അന്നും ബൈക്കിൽത്തന്നെ യാത്രകൾ.

പല ആവശ്യങ്ങൾക്കുമായി ഇടയ്ക്കിടെ ബൈക്ക് നിർത്തുമ്പോൾ ഹെൽമെറ്റ് ഊരാ‍നും തിരിച്ചു വയ്ക്കാനും മടി. അങ്ങനെ ഹെൽമെറ്റും വച്ച് തൃശൂരിലെ റോഡിലൂടെ നടന്നിരുന്ന പ്രശസ്ത ഗായകനെ. നാട്ടുകാർ തിരിച്ചറിഞ്ഞില്ലെങ്കിലും രശ്മി മാത്രം തിരിച്ചറിഞ്ഞു. ഏതു ഹെൽമറ്റിനുള്ളിൽ തല ഒളിപ്പിച്ചാലും രശ്മിക്ക് വേണുവിനെ തിരിച്ചറിയാൻ കാണാനഴകുള്ള മാണിക്യക്കുയിലേ എന്നു പാടിയ ശബ്ദം മാത്രം മതിയല്ലോ !രശ്മി പിന്നെ വേണുവിന്റെ ജീവിതഗാനമായി.

ആദ്യം വാങ്ങിയ കാർ മാരുതി 800 ആണ്. വല്ല വകുപ്പുമുണ്ടെങ്കിൽ വേണു അത് മാരുതി 820 എന്നാക്കിമാറ്റിയേനെ.. ! കാരണം ഒന്നാണ് വേണുവിന്റെ ലക്കി നമ്പർ. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരിലെ അക്കങ്ങൾ കൂട്ടുമ്പോൾ ഒന്നു കിട്ടണം. സ്വന്തം വാഹനങ്ങളുടെ നമ്പർ 6400, 8200 ഒക്കെ ആയിരിക്കും. മാരുതി പോയി ഫോർഡ് ഐക്കൺ ആയി. സ്കോഡ, ഇപ്പോൾ ഫോർച്യൂണർ. എതു വണ്ടിയിലായാലും മനസ്സിൽ ഇന്നുമുണ്ട് ഒന്നാം രാഗത്തോടെന്നപോലെ ഒന്നാം നമ്പരിനോടുള്ള ഒരിഷ്ടം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.