Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡുകൾ ധ്യാനിക്കുന്ന സമയം

റോഡുകൾ ധ്യാനിക്കുന്ന സമയം

പൂർണിമാ മേനോൻ ഒരു കസ്റ്റമർ റിലേഷൻസ് മാനേജരാണ്. കഷ്ടമാണ് പുള്ളിക്കാരിയുടെ ജീവിതം !

ഓട്ടമൊബീൽ കമ്പനിയിൽ ജോലി ചെയ്യുന്ന പൂർണിമയുടെ ടേബിളിൽ ലാൻഡ് ഫോണുകൾ ആറെണ്ണം ഉണ്ട്. ഓഫിസ് മൊബൈൽ ഫോണും പഴ്സണൽ മൊബൈലും കൂടി ചേർന്നാൽ ടോട്ടൽ എട്ടു ഫോൺ !

സ്വന്തം മൊബൈലിന്റെ റിങ്ടോൺ മഴനീർത്തുള്ളികൾ... മേനോന്റെ തനുനീർമുത്തുകൾ എന്നാണ്. അനൂപ് മേനോനോടുള്ള ഇഷ്ടം കൊണ്ട് ആറുമാസമായി ആ റിങ്ടോൺ മാറ്റിയിട്ടില്ല.

ഓഫിസ് മൊബൈലിൽ ഝഗഡ ഝഗഡ, തുഝെ ഝഗഡാ എന്ന മട്ടിൽ ഒരു ഹിന്ദി റാപ്പ്.

ഏതെങ്കിലും ഒരു ഫോൺ എപ്പോഴും ചിലച്ചുകൊണ്ടിരിക്കും.

ആദ്യത്തെ ലൈനിൽ ചണ്ഡീഗഢിൽ നിന്ന് ഹിന്ദിയിൽ ശുണ്ഠിക്കാരനായ ഒരു സർദാർജി.

രണ്ടാമത്തേതിൽ ഡൽഹിയിൽ ബിസിനസ് മീറ്റിനിടയിൽ നിന്ന് പെട്ടെന്ന് ബോസ് — പൂർണിമാ, ഐ ഹാവ് എ ലവ്ലി ഡൗട്ട്, ഡിയർ !

പഴ്സണൽ മൊബൈലിൽ എപ്പോൾ വേണമെങ്കിലും പൂർണിമയുടെ കൂട്ടുകാരൻ പ്രത്യക്ഷപ്പെടാം.ബോറടിച്ചാൽ ഉടനെ ആ ക്രേസി പയ്യന് പൂർണിമയോട് ചാറ്റ് ചെയ്യണം.

ഇവരെയെല്ലാം ഈസിയായി മാനേജ് ചെയ്യാൻ പൂർണിമ സ്മാർട്ടാണ്.

പ്രശ്നം അതല്ല !

ചില നേരത്ത് മേശപ്പുറത്തെ എട്ടു ഫോണുകളും ഒരുമിച്ച് അടിക്കും.

ഇടത്തെ സൈഡിൽ മഴനീർത്തുള്ളി, വലതുവശത്ത് ഝഗഡ, ഝഗഡ... അതിനൊപ്പം ആറു ലാൻഡ് ഫോണുകളുടെ കൂട്ടമണിയടി.

എല്ലാ ശബ്ദവും കൂടി ഒരു കാക്കത്തൊള്ളായിരം ഡെസിബെൽ വരും. അതിങ്ങനെ ഒരുമിച്ച് ക്യാബിനിൽ അലയടിക്കുമ്പോൾ ലോകാവസാനത്തിന്റെ അലാമാണെന്ന് പൂർണിമയ്ക്കു തോന്നും.

കഴിഞ്ഞ ദിവസം മഴയുടെ പിന്നാലെ ഒരു മിന്നൽ. മിന്നലിന്റെ സാരിത്തുമ്പിൽത്തൂങ്ങി ഒരിടി. ആ ഒറ്റയിടിക്ക് ഓഫിസിലെ എല്ലാ ഫോണുകളും ചത്തുപോയി.

അതുകഴിഞ്ഞുള്ള രണ്ടു മണിക്കൂർ ! ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം ഇതാണെന്ന് പൂർണിമ പറയും.

സമ്പൂർണ നിശ്ശബ്ദത ! ഓഫിസ് ഏതോ ആശ്രമത്തിലെ ധ്യാനമുറി പോലെ ! ശബ്ദങ്ങളുടെ കടലിൽ ജീവിച്ചാലേ മനസ്സിലാകൂ നിശബ്ദതയുടെ സംഗീതം !

പ്രായപൂർത്തിയായ ഒരാൾ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും മറ്റു ശല്യമൊന്നുമില്ലാതെ ഉറങ്ങണമെന്നാണ് നിയമം. പക്ഷേ, നമ്മുടെ നഗരങ്ങളിലെ റോഡുകൾക്ക് നിശബ്ദമായി ഉറങ്ങാൻ കിട്ടുന്നത് വെറും രണ്ടു മണിക്കൂറാണ്.

പുലർച്ചെ രണ്ടുമണിയോടെ പാണ്ടിലോറികളും ബോംബെ ട്രക്കുകളും പോയിക്കഴിഞ്ഞ്.. തട്ടുകടകളുടെ മുന്നിലെ അവസാനത്തെ ആളും പിരിഞ്ഞു കഴിഞ്ഞാൽ.. റോഡുകൾ കറുത്ത പായ നീട്ടി വിരിച്ച് ഉറങ്ങാൻ കിടക്കും. പിന്നെ പുലർച്ചെ നാലുമണി വരെ വഴികൾ ഒഴുക്കു വറ്റിയ പുഴകൾപോലെ..

നാലു മണിയോടെ പാലുവണ്ടികൾ വന്നു വിളിച്ചുണർത്തുന്നതുവരെ ശബ്ദവും ബഹളവുമൊന്നും ഉണ്ടാവില്ല.

ഈ നല്ല നേരം നോക്കി റോഡിലിറങ്ങുന്ന ഒരാളുണ്ട്, കോട്ടയത്ത്.

കോട്ടയം നഗരമധ്യത്തിൽ അഞ്ചു റോഡുകൾ ഒന്നിച്ചു ചേരുന്ന ഒരു കവല. ആ കവലയുടെ ഒത്ത നടുവിൽ ഒരു കുരിശടി. ആരുടെയോ സന്ധ്യാപ്രാർഥനകളുടെ ബാക്കിയായി ആ കുരിശടിയുടെ മുന്നിൽ ഉറങ്ങാതെ നിന്നെരിയുന്ന നാലഞ്ചു മെഴുകുതിരികൾ ! മെഴുകുതിരികളുടെ വിശുദ്ധ വെളിച്ചത്തിൽ കന്യാമറിയത്തിന്റെ എണ്ണച്ചായാചിത്രം. ഉണ്ണിയേശുവിനെ മാറോട് ചേർത്തു നിൽക്കുന്ന കരുണാർദ്രയായ മാതാവിന്റെ ചിത്രത്തിലേക്കു നോക്കി കൈകൂപ്പി പ്രാർഥിച്ചു നിൽക്കുകയാണ് ഒരാൾ.

അറുപതിലധികമുണ്ട് പ്രായം. റോഡരികിൽ നിന്നാണ് പ്രാർഥന.

ജൂലൈ മഴയാവട്ടെ, നവംബർ മഞ്ഞാവട്ടെ, എന്നും പുലർച്ചെ നാലുമണി മുതൽ ഒരു മണിക്കൂർ ഇയാളെ ഇവിടെ കാണാം.

പകൽ സമയത്ത് കോട്ടയത്തെ ഏറ്റവും തിരക്കും ബഹളവുമുള്ള ജംക്ഷനാണിത്.അതേ സ്ഥലം രാത്രിയിൽ നിശബ്ദ സുന്ദരമായ പ്രാർഥനാലയവും കുമ്പസാരക്കൂടുമായി മാറുന്നു.

അവിടെ നിന്ന് ഒരാൾ ഒരു മണിക്കൂറോളം ദൈവവുമായി സംസാരിക്കുന്നു. നന്മനിറഞ്ഞ മറിയമേ നിനക്കു സ്വസ്തി എന്നും കരുണാമയനേ, കാവൽവിളക്കേ എന്നും പതിഞ്ഞ ശബ്ദത്തിൽ പാടുന്നു.

റോഡുകളുടെ നിശബ്ദത ആസ്വദിക്കുന്ന ഈ മനുഷ്യൻ സത്യത്തിൽ ശബ്ദങ്ങളുടെ മൊത്തവ്യാപാരിയാണ്. കോട്ടയത്തെ പ്രധാന ഉച്ചഭാഷണിക്കമ്പനിയുടെ ഉടമ.

പലതരം ശബ്ദങ്ങൾ കൊണ്ടു നിറഞ്ഞതാണ് ഇയാളുടെ ജീവിതം — നമ്മുടെ റോഡുകളെപ്പോലെ. ഫോണുകൾക്കു പകരം ഹോണുകളുടെ നിലവിളികൾക്കു നടുവിൽ മറ്റൊരു പൂർണിമാ മേനോനെപ്പോലെ നമ്മുടെ ജീവിതം.

ഓടിത്തളർന്ന റോഡുകളും നിശബ്ദമായി ധ്യാനിക്കാറുണ്ട് — ബഹളങ്ങളിലേക്ക് ഉണരുംമുമ്പ് എന്നും രണ്ടു മണിക്കൂർ.

ഓരോ മഴയ്ക്കു ശേഷവും പുഴ കൂടുതൽ ഇളപ്പമാകുന്നു എന്ന് ഒഎൻവി കവിത.

ഉറക്കമുണരുമ്പോൾ റോഡുകളും കൂടുതൽ ചെറുപ്പമാകുന്നുണ്ടാവും !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.