ടിയാഗോ വിപണി കീഴടക്കുമോ?

ടാറ്റയുടെ മാറുന്ന മുഖമാണു ടിയാഗോ. പാസഞ്ചർ കാർ വിപണിയിൽ ടിയാഗോയിലൂടെ വിപണി കൈയടക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. മികച്ച സ്റ്റൈലും, കുറഞ്ഞ വിലയും, ധാരാളം സൗകര്യങ്ങളുമായി ടിയാഗോ എത്തുമ്പോൾ, ലോകത്തിലെ ഏറ്റവും െചറിയ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന സെലേറിയോയുടെ പ്ലസ് മാർക്ക് മാരുതിയുടെ ബ്രാൻഡ് മൂല്യവും മികച്ച കാർ എന്ന പേരുമാണ്.

അന്തരീക്ഷ മലീനികരണത്തിനു കാരണമാകുന്നുവെന്ന പേരിൽ ആവശ്യത്തിനും അനാവശ്യത്തിനും ക്രൂശിക്കപ്പെടുകയാണ് ഡീസൽ വാഹനങ്ങൾ ഇപ്പോൾ. എല്ലാ പ്രമുഖ വാഹനനിർമാതാക്കളും ഡീസൽ മോഡലുകളെക്കുറിച്ചു പുനർചിന്തനം നടത്തുന്ന ഈ അവസരത്തിലും യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ വ്യത്യസ്തമാവുകയാണ് ഈ രണ്ടു ചെറു ഡീസൽ കാറുകൾ.

ഏറ്റവും ചെറിയ ഡീസൽ എൻജിൻ എന്ന റെക്കോര്‍ഡുകൾ കൈക്കലാക്കിയിരിക്കുകയാണു സെലേറിയോ തങ്ങളുടെ 0.8 ലീറ്റർ, ട്വിൻ സിലിണ്ടർ എന്‍ജിനിലൂടെ. ഒരു പാസഞ്ചർ കാറിൽ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും ചെറിയ എൻജിനാണിത്. ഇന്ത്യൻ നിരത്തുകളിൽ 27.62 കിലോമീറ്റർ എന്നത് ചെറുകാറുകളിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ്. ഈ നേട്ടം എആർഎഐ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ടിയാഗോയും തെല്ലും മോശമല്ല. 1.07 ലീറ്റർ, ത്രീ സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 27.28 കിലോമീറ്റർ ഇന്ധനക്ഷമതയേകുന്നു.

ചുരുക്കത്തിൽ മികച്ച ഇന്ധനക്ഷമത നൽകുന്ന ചെറുകാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതു തിരഞ്ഞെടുക്കണം എന്നറിയില്ലെന്നതാണു നിലവിലെ അവസ്ഥ. ഏറെ പുതുമകളോടെ വിപണിയിൽ ചലനം സൃഷ്ടിച്ചു മുന്നേറുന്ന ഈ രണ്ടു ചെറുകാറുകളും ഒന്നിനൊന്നു മെച്ചമെന്നതാണ് ഇതിനു കാരണം. ഇവ തമ്മില്‍ ഒരു താരതമ്യം

ലുക്ക് - ഡിസൈന്‍, സ്റ്റൈലിങ്

ഡിസൈന്‍, സ്റ്റൈലിങ് എന്നിവയിൽ ടിയാഗോയും സെലേറിയോയും മികച്ചതു തന്നെ. തികച്ചും നൂതനമെന്നു പറയാവുന്ന രൂപാകൃതിയിലാണു ടിയാഗോ ടാറ്റ പുറത്തിറക്കിയത്. സെലേറിയോയുടെ രൂപകൽപനയും മികച്ചതു തന്നെ. ഗുണമേന്മയുള്ള മെറ്റീരിയലിൽ നിർമിതമാണ് ടിയാഗോയുടെ അകത്തളം. സൗകര്യങ്ങളാകട്ടെ ആഡംബരക്കാറിനു സമാനരീതിയിൽ മികച്ച ഫിനിഷോടെ പൂർത്തിയാക്കിയിരിക്കുന്നു ടാറ്റ. ഡാഷിൽ നൽകിയിരിക്കുന്ന ടെക്സ്ചർ ഫിനിഷ്, ഗുണമേന്മയേറിയ സീറ്റ് ഫേബ്രിക്സ് തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. സ്റ്റോറേജ് ഓപ്ഷനുകളും മോശമല്ല. മികച്ച യാത്ര സമ്മാനിക്കുന്ന സീറ്റുകളാണ് മുന്നിലും പിന്നിലും.

സ്റ്റോറേജിന്റെ കാര്യത്തിൽ സെലേറിയോ ടിയാഗോയോടു കിടപിടിക്കുന്നുണ്ട്. ഡ്യുവൽ ടോൺ അകത്തളം തികച്ചും ആകർഷകമാണ്. ഹെഡ് റെസ്റ്റ്, സീറ്റിങ് എന്നിവയുടെ കാര്യത്തിൽ സെലേറിയോ മികവു പുലർത്തുന്നു. സീറ്റുകൾ മികച്ച ഇരിപ്പുസുഖം (തൈ സപ്പോർട്ട്) നൽകുന്നു. മികച്ച ലെഗ്റൂം, ഹെഡ് റൂം എന്നിവ പിൻസീറ്റിന്റെ ആകർഷണം.

ഫീച്ചറുകൾ

പവർ വിൻഡോസ്, ഇലക്ട്രിക് റിയർവ്യൂ മിറർ, ഉയരം കൂട്ടാവുന്ന ഡ്രൈവിങ് സീറ്റ്, സ്റ്റിയറിങ്ങിൽ തന്നെ നൽകിയിരിക്കുന്ന ഓഡിയോ കണ്‍ട്രോൾ, യുഎസ്ബിയോടു കൂടിയ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് നിയന്ത്രിത മ്യൂസിക് സ്ട്രീമിങ്, സ്മാർട്ഫോൺ ഫങ്ഷന്‍ എന്നിവ ഇരു വാഹനത്തിന്റെയും ഉയർന്ന വകഭേദങ്ങളിൽ ലഭ്യമാണ്.

നാലു സ്പീക്കറുകൾക്കു പുറമെ നാലു ട്വീറ്ററുകളുമായെത്തുന്ന ടിയാഗോയുടെ സൗണ്ട് സിസ്റ്റം മികവു പുലർത്തുന്നു. റിയർ പാർക്കിങ് സെൻസറുകൾ ടിയാഗോയ്ക്കു മാത്രമാണുള്ളത്. സ്മാർട്ഫോൺ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടിയാഗോയ്ക്കു സ്വന്തം.

പിൻസീറ്റുകളിൽ സ്പ്ലിറ്റ് ഓപ്ഷൻ സെലേറിയോ നൽകുന്നു. സുരക്ഷാ സജ്ജീകരണങ്ങളുടെ കാര്യത്തിൽ ഇരു മോഡലുകളും ബലാബലമാണ്. എബിഎസ്, രണ്ട് എയർബാഗ് എന്നിവ ഇരു മോഡലുകളുടെയും ഉയർന്ന വകഭേദത്തിലുണ്ട്. ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ് ഇരുമോഡലുകളും നൽകുന്നില്ല.

എൻജിൻ - പവർ ആൻഡ് പെർഫോമൻസ്

മികച്ച ഇന്ധനക്ഷമത നൽകുന്ന ചെറു എന്‍ജിനുകളാണ് ഇരു മോഡലുകളുടെയും കരുത്ത്. ഇന്ധനക്ഷമതയുടെ കാര്യത്തിൽ മികവു പുലർത്തുന്ന ഈ എൻജിനുകൾ കരുത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ അൽപം പിന്നോക്കമാണെന്നു പറയാതെ വയ്യ.

47.6 എച്ച്പി കരുത്തും 124.5 ന്യൂട്ടൺമീറ്റർ ടോർക്കുമാണ് സെലേറിയോയുടെ ട്വിൻ ടർബോ എൻജിന്റെ ശേഷി. ടിയാഗോയുടെ ത്രീ സിലിണ്ടർ എൻജിനാകട്ടെ 70 എച്ച്പി കരുത്തും 140 ന്യൂട്ടൺമീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ടിയാഗോ 17.52 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ, സെലേറിയോയ്ക്കു 22.66 സെക്കൻഡ് സമയം ഇതേ വേഗത കൈവരിക്കുന്നതിന് ആവശ്യമാണ്. യഥാക്രമം 138 കിലോമീറ്ററും 161 കിലോമീറ്ററുമാണ് സെലേറിയോ, ടിയാഗോ മോഡലുകളുടെ പരമാവധി വേഗത.

ടിയാഗോയെ അപേക്ഷിച്ചു 180 കിലോ ഭാരംകുറഞ്ഞതാണു സെലേറിയോ. 900 കിലോഗ്രാമാഗ്രാണ് ഇതിന്റെ ഭാരം. കുറഞ്ഞ ഭാരം ടോർക്-ടു-വെയിറ്റ് (torque-to-weight) അനുപാതത്തിൽ ടിയാഗോയെ കടത്തിവെട്ടാൻ സെലേറിയോയെ സഹായിക്കുന്നു. ടിയാഗോയെ അപേക്ഷിച്ച് അൽപ്പം ശബ്ദം കൂടുതലാണു സെലേറിയോയ്ക്ക്.

ഡ്രൈവിങ്

മികച്ച ഡ്രൈവ് സമ്മാനിക്കുന്ന വാഹനങ്ങളാണ് രണ്ടും. ശരാശരി വേഗതയിലും കുറഞ്ഞ വേഗതയിലും മികവു പുലർത്തുന്നുണ്ട് സെലേറിയോ. എളുപ്പം ഹാൻഡിൽ ചെയ്യാം ഇരുവാഹനങ്ങളേയും. വിവിധ ഡ്രൈവ് മോഡുകൾ ടിയോഗോ സമ്മിക്കുന്നുണ്ട് എന്നത് പ്രത്യേകതയാണ്.

വില

4.12 ലക്ഷം മുതൽ 5.74 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോ ഡീസലിന്റെ കോട്ടയം എക്സ്ഷോറൂം വില. 4.99 ലക്ഷം രൂപ മുതൽ 6.10 ലക്ഷം രൂപ വരെയാണ് സെലേറിയോ ഡീസലിന്റെ കോട്ടയം എക്സ്ഷോറൂം വില.

അവസാന വാക്ക്

ഇരു കാറുകളും ഒന്നിനൊന്ന് മികച്ചതു തന്നെ. മാരുതി എന്ന ബ്രാൻഡ് മൂല്യം, മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പരിപാലന ചെലവ് എന്നിവ സെലോറിയോയുടെ ഗുണങ്ങളാകുമ്പോൾ സ്റ്റൈലിഷ് ഡിസൈൻ, കുറഞ്ഞ വില, മികച്ച സൗകര്യങ്ങൾ എന്നിവയാണു ടിയാഗോയ്ക്കു മുൻതൂക്കം നൽകുന്ന ഗുണങ്ങൾ.