കാടു കയറുന്ന ഹൈബ്രിഡ്

Nissan X-Trail Hybrid

കാറും എസ് യു വിയും തമ്മിലുള്ള വ്യത്യാസം അനുദിനം കുറഞ്ഞു വരികയാണ്. എസ് യു വികൾ, അല്ലെങ്കിൽ എസ് യു വി രൂപമുള്ള വാഹനങ്ങൾ ചെറുതായി വരുന്നു. സ്കെയ്ൽ ഡൗൺ മോഡലുകൾ പോലെ. ഉദാഹരണങ്ങൾ റെനോ ക്വിഡ്, മഹീന്ദ്ര കെ യു വി 100. രണ്ടും എസ് യു വികളല്ല, എന്നാൽ കാഴ്ചയിൽ ഒന്നാന്തരം എസ് യു വി. ഈ രണ്ടു വാഹനങ്ങൾക്കും ഫോർവീൽ ഡ്രൈവ് സൗകര്യം കൊടുത്താൽ എസ് യു വി എന്നു വിളിക്കേണ്ടി വരും. എന്നാൽ ഒരിക്കലും ഇവ എസ് യു വികളെപ്പോലെ കാടു കയറാനും ഇല്ലാവഴികളിലുടെ ഓടിക്കാനും കൊള്ളില്ല. അവിടെയാണ് സോഫ്റ്റ്റോഡറുകളുടെ പ്രസക്തി. എസ് യു വികളോട് ഏറ്റവും അടുത്തു നിൽക്കുന്ന കാറുകളാണ് സോഫ്റ്റ്റോഡറുകളെന്നു പറയാം.

കുറച്ചു നാൾ മുമ്പു വരെ സോഫ്റ്റ് റോഡറുകളായിരുന്നു ട്രെൻഡ്. എസ് യു വി എന്നാൽ ജന്മം കൊണ്ടും കർമം കൊണ്ടും ജീപ്പിനു പകരക്കാരനാണ്. എത്രയൊളിച്ചാലും ജീപ്പിന്റെ സ്വഭാവം തെല്ലു തള്ളി നിൽക്കും. സോഫ്റ്റ്റോഡറുകളാകട്ടെ കാറിന്റെ പ്ലാറ്റ്ഫോം കടം കൊണ്ടു ജീപ്പിന്റെ രൂപത്തിൽ ജനിച്ചതാണ്. ജീപ്പ് എത്ര ഞെളിഞ്ഞാലും കാറാവില്ലല്ലോ, കാർ എത്ര കരഞ്ഞാലും ജീപ്പും ആവില്ല. സോഫ്റ്റ് റോഡറാകട്ടെ രണ്ടും തികഞ്ഞ ജന്മം. എസ് യു വി, സോഫ്റ്റ് റോഡർ എന്നൊക്കെപ്പറഞ്ഞത് കൺഫ്യൂഷനായെങ്കിൽ ചില ഉദാഹരണങ്ങൾ. ഫോർച്യൂണർ, പ്രാഡൊ, പജീറൊ, മൊൻറീരൊ എന്നിവയൊക്കെ എസ് യു വി. ഒൗട്ട്ലാൻഡർ, സി ആർ വി, ട്യൂസോൺ, ക്യാപ്റ്റിവ ഇപ്പോഴില്ലാത്ത ഫോറസ്റ്റർ എന്നിവയൊക്കെ സോഫ്റ്റ്റോഡർ. എസ് യുവികൾ നൂറു ശതമാനം ഓഫ് റോഡിങ് ആവശ്യങ്ങൾക്കാണെങ്കിൽ സോഫ്റ്റ് റോഡറുകൾ കൂടുതലും റോഡ് ആവശ്യങ്ങൾക്കാണ്. വേണമെങ്കിൽ ഞങ്ങൾ കാടും കയറാം എന്നതാണ് തിയറി.

കാടു കയറുന്ന കാർ അത്രമോശം എഡെിയയല്ലല്ലോ? സുഖകരവും ഉറപ്പും ബലവും സുരക്ഷിതവുമായ കാറായി അറിയാനാണ് സോഫ്റ്റ്റോഡറുകൾ ഇഷ്ടപ്പെടുന്നത്. നാലുവീൽ ഡ്രൈവ് എന്നത് എപ്പോഴും കാടു കയറാൻ മാത്രമല്ലല്ലോ, മഞ്ഞു മൂടിയ റോഡിലും മഴയിൽ തെന്നിത്തെറിച്ച പാതകളിലും മണൽ പറന്നു കയറിയ മരുഭൂമി റോഡുകളിലും ഓൾവീൽഡ്രൈവിന്റെ ധൈര്യത്തിൽ സോഫ്റ്റ്റോഡറുകൾ ഉടുമ്പുകളായി റോഡിൽ പറ്റിപ്പിടിച്ച് മുന്നേറും. അത്തരം ഒരു ഉടുമ്പാണ് നിസ്സാൻ എക്സ് ട്രെയിൽ. ഇന്ന് ഇന്ത്യയിൽ ഇല്ല. ഏതാനും നാൾ തകർത്തശേഷം നാടുവിട്ടു. ഇപ്പോഴിതാ പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു. ഡീസലല്ല, പെട്രോൾ ഹൈബ്രിഡ്.

Nissan X-Trail Hybrid Japan Model

ന്യൂഡൽഹി ഓട്ടൊ എക്സ്പൊയിൽ എക്സ്ട്രെയിൽ പുറത്തിറങ്ങും. സാധാരണ സോഫ്റ്റ്റോഡറുകളിൽ നിന്നു തെല്ലു വ്യത്യസ്ഥനാണ് എക്സ് ട്രെയിൽ. പ്രശസ്തമായ നിസ്സാൻ പട്രോളുമായി നേരിട്ടു ബന്ധമില്ലെങ്കിലും സമാന ഗുണമുള്ള പാത്ഫൈൻഡറു മായി എക്സ് ട്രെയിൽ പ്ലാറ്റ്ഫോമിന് ബന്ധമുണ്ട്. വലിയ കാറുകളായ അൽമീര, പ്രിമേര എന്നിവയിലുപയോഗിക്കുന്ന എഫ് എഫ് എസ് പ്ലാറ്റ്ഫോമാണ് എക്സ് ട്രെയിലിന്. മനസ്സിലാക്കേണ്ടത് വെറും കാറല്ല, അത്യാവശ്യം എസ് യു വി സ്വഭാവവും ഈ വണ്ടിക്കുണ്ട് എന്നാണ്.

പഴക്കമുള്ള മോഡലല്ല എക്സ് ട്രെയിൽ. 2001 ലാണ് ആദ്യം എത്തുന്നത്. ഇന്ത്യയിലിറങ്ങുന്നത് ‘ഏറ്റവും പുതിയ മോഡൽ. അൽപം താണ് നീണ്ടു കിടക്കുന്ന രൂപം. പഴയ മോഡലുമായി കാര്യമായ രൂപമാറ്റമുള്ളത് പഴയ മോഡലിന് പെട്ടി രൂപമായിരുന്നെങ്കിൽ തികച്ചും കാലികമാണ്.കാറുകളുടേതിനു തുല്യമായ ബമ്പറും ഗ്രില്ലും ഹെഡ് ലാംപുകളും. പെട്ടി രൂപം ഒഴുക്കൻ രൂപത്തിനു വഴി മാറി.ഉള്ളിലെ സൗകര്യങ്ങളും കാറുകളുടേതിനു സമാനം. കറുപ്പും ബിജുമാണ് നിറങ്ങൾ. ഇടയ്ക്ക് ബ്രഷ്ഡ് അലൂമിനിയം ഫിനിഷ്. സണ്ണിയുടെ ഉയർന്ന മോഡലിലുള്ള പിയാനോ ബ്ലാക്ക് ഫിനിഷ് ഗൗരവം കൂട്ടുന്നു. സൗകര്യങ്ങൾ തകർപ്പൻ. വലുപ്പമുള്ളസീ റ്റുകൾ രണ്ടു നിര. എ സി രണ്ടു നിരയ്ക്കുമുണ്ട്.

ഇന്ത്യയിൽ ഇന്നു വരെ ഒരു എസ് യു വി, ക്രോസ്ഓവർ നിർമാതാക്കളും പരീക്ഷിച്ചിട്ടില്ലാത്ത പെട്രോൾ ഹൈബ്രിഡ് സാങ്കേതികതയാണ് എക്സ് ട്രെയിലിന്.145 ബി എച്ച് പിയുള്ള രണ്ടുലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ഒത്തു ചേർന്ന്179 ബി എച്ച് പി ശക്തി തരും.ഇന്ധനക്ഷമത കാറുകൾക്കൊപ്പ മായിരിക്കുമെന്നതാണ് ഹൈബ്രിഡിന്റെ മികവ്. ശബ്ദവും വിറയലുമൊന്നുമില്ല. സ്മൂത്ത്യാത്ര. ഇലക്ട്രോണിക് ഫോർവീൽ ഡ്രൈവ് ആവശ്യമുള്ളപ്പോൾ ഉപയോഗത്തിലെത്തും. റോഡിനൊപ്പം കാടും മലയുംകയറുന്ന, വ്യത്യസ്ഥമായൊരു കാർ (സോഫ്റ്റ് റോഡർ?) തേടുന്നവർക്ക് എക്സ് ട്രെയിൽ തന്നെ. വില 30 ലക്ഷം മുതൽ.