സ്കൂട്ടി സെസ്റ്റ് മാറ്റുമായി ടിവിഎസ്

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പാലിക്കുന്ന ‘സ്കൂട്ടി സെസ്റ്റ്’ ടി വി എസ് മോട്ടോർ കമ്പനി വിപണിയിലിറക്കി. 50,448 രൂപയാണു സ്കൂട്ടറിനു മുംബൈയിലെ ഷോറൂമിൽ വില. നിലവിലുള്ള നാലു വർണങ്ങൾക്കു പുറമെ മാറ്റ് ബ്ലൂ, മാറ്റ് റെഡ്, മാറ്റ് യെലോ, മാറ്റ് ബ്ലാക്ക് നിറങ്ങളിൽ കൂടി ലഭ്യമാവുന്ന ഗീയർരഹിത സ്കൂട്ടറിൽ ഡേടൈം റണ്ണിങ് ലാംപും ടി വി എസ് ലഭ്യമാക്കുന്നുണ്ട്. പുത്തൻ ത്രിമാന ലോഗോ, സീറ്റിന് അടിയിലെ സംഭരണ സ്ഥലത്ത് ലൈറ്റ്, സിൽവർ ഓക്ക് ഇന്റീരിയർ പാനൽ, ഇരട്ട വർണ സീറ്റ് തുടങ്ങിയവയാണു സ്കൂട്ടറിന്റെ മറ്റു സവിശേഷതകൾ. 110 സി സി എൻജിൻ സഹിതമെത്തുന്ന സ്കൂട്ടറിന് ലീറ്ററിന് 62 കിലോമീറ്റർ ഇന്ധനക്ഷമതയാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

മലിനീകരണ നിയന്ത്രണത്തിൽ ബി എസ് നാല് നിലവാരമുള്ള ‘ജുപ്പീറ്റർ’ ടി വി എസ് മാർച്ചിൽ തന്നെ വിൽപ്പനയ്ക്കെത്തിച്ചിരുന്നു.  ജെയ്ഡ് ഗ്രീൻ, മിസ്റ്റിക് ഗോൾഡ് എന്നീ പുതുനിറങ്ങളിലും ലഭ്യമാവുന്ന ‘ബി എസ് നാല്’ ജുപ്പീറ്ററിന് 49,666 രൂപയായിരുന്നു ഡൽഹി ഷോറൂമിൽ വില. പുതിയ നിറങ്ങളടക്കം മൊത്തം 10 വർണങ്ങളിലാണു നിലവിൽ ‘ജുപ്പീറ്റർ’ വിൽപ്പനയ്ക്കുള്ളത്.

ഓട്ടമാറ്റിക്  ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ) സംവിധാനവും സിങ്ക് ബ്രേക്കിങ് സിസ്റ്റ(എസ് ബി എസ്)വും പുതിയ ‘ജുപ്പീറ്ററി’ൽ ടി വി എസ് ലഭ്യമാക്കി. പിൻ ബ്രേക്ക് പ്രയോഗിക്കുമ്പോൾ സ്കൂട്ടർ സ്വയം മുൻ ബ്രേക്ക് കൂടി പ്രവർത്തനക്ഷമമാക്കുന്നതാണ് എസ് ബി എസ് സംവിധാനമെന്നാണു ടി വി എസിന്റെ വിശദീകരണം. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ എസ് ബി എസ് സഹായകമാവുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.  ടി വി എസ് 2013ലാണു ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്റർ’ പുറത്തിറക്കിയത്; തുടർന്നു സ്കൂട്ടർ വിപണിയിലും സാന്നിധ്യം ശക്തമാക്കാൻ കമ്പനിക്കു സാധിച്ചിരുന്നു. ഇതുവരെ മൊത്തം 15 ലക്ഷം ‘ജുപ്പീറ്റർ’ വിറ്റിട്ടുണ്ടെന്നാണു കണക്ക്. അലൂമിനിയം നിർമിതവും ഘർഷണം കുറഞ്ഞതുമായി 110 സി സി എൻജിനാണു സ്കൂട്ടറിനു കരുത്തേകുന്നത്.