കൂടുതൽ സ്മാർട്ടായി ഇഗ്നിസ് ഓട്ടമാറ്റിക്ക്

Ignis

പ്രീമിയം അർബൻ കോംപാക്ട് വെഹിക്കിളായ ‘ഇഗ്നിസി’ന്റെ മുന്തിയ വകഭേദത്തിലേക്കും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ക്ലച് ഒഴിവാക്കുന്ന ഇരട്ട പെഡൽ സാങ്കേതികവിദ്യ വ്യാപിപ്പിച്ചു. ‘ഓട്ടോ ഗീയർ ഷിഫ്റ്റ്’(എ ജി എസ്) സാങ്കേതികവിദ്യയോടെ വിൽപ്പനയ്ക്കെത്തുമ്പോൾ പെട്രോൾ എൻജിനുള്ള ‘ഇഗ്നിസ് ആൽഫ’യ്ക്ക് 7.01 ലക്ഷം രൂപയാണു ഷോറൂം വില;  ഡീസൽ എൻജിനുള്ള ‘ഇഗ്നിസ് ആൽഫ’ ലഭിക്കാൻ 8.08 ലക്ഷം രൂപ മുടക്കണം.

നേരത്തെ ‘ഇഗ്നിസി’ന്റെ ‘ഡെൽറ്റ’, ‘സീറ്റ’ വകഭേദങ്ങളിൽ മാരുതി സുസുക്കി ഇന്ത്യ എ ജി എസ് സാങ്കേതികവിദ്യ ലഭ്യമാക്കിയിരുന്നു; കാറിന്റെ മൊത്തം വിൽപ്പനയിൽ 27 ശതമാനത്തോളം ഈ വകഭേദങ്ങളുടെ സംഭാവനയാണെന്നു കമ്പനി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി വെളിപ്പെടുത്തി. എ ജി എസിനോടുള്ള ആഭിമുഖ്യം കൂടുതൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ‘ഇഗ്നിസ് ആൽഫ’യിലേക്കു കൂടി വ്യാപിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

യാത്രക്കാർക്കു മികച്ച സുരക്ഷ ഉറപ്പാക്കാൻ സുസുക്കി ടോട്ടൽ ഇഫക്റ്റീവ് കൺട്രോൾ സാങ്കേതികവിദ്യ(ടി ഇ സി ടി)യുടെ പിൻബലത്തെടെ പുതുതലമുറ റിജിഡ് പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച ‘ഇഗ്നിസ്’ കഴിഞ്ഞ ജനുവരിയിലാണു വിൽപ്പനയ്ക്കെത്തിയത്. ഇരട്ട എയർബാഗ്, പ്രീ ടെൻഷനർ ഫോഴ്സ് ലിമിറ്റർ സഹിതമുള്ള സീറ്റ് ബെൽറ്റ്(പി ടി എഫ് എൽ), എ ബി എസ്, ഇ ബി ഡി എന്നിവയൊക്കെ കാറിന്റെ എല്ലാ വകഭേദത്തിലും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 

രണ്ട് എൻജിൻ സാധ്യതകളോടെയാണ് ‘ഇഗ്നിസ്’ വിൽപ്പനയ്ക്കുള്ളത്: 1.2 ലീറ്റർ പെട്രോളും 1.3 ലീറ്റർ ഡീസലും. കാറിലെ 1.2 ലീറ്റർ വി വി ടി പെട്രോൾ എൻജിന് 6,000 ആർ പി എമ്മിൽ 82 ബി എച്ച് പി വരെ കരുത്തും 4,200 ആർ പി എമ്മിൽ 113 എൻ എം ടോർക്കുമാണ് സൃഷ്ടിക്കാനാവുക. അതേസമയം ഡി ഡി ഐ എസ് 190 ഡീസൽ എൻജിന്റെ പരമാവധി കരുത്ത് 4,000 ആർ പി എമ്മിലെ 74 ബി എച്ച് പിയാണ്; പരമാവധി ടോർക്ക് 2000 ആർ പി എമ്മിലെ 190 എൻ എമ്മും.