‘ജുപ്പീറ്ററി’ന് ‘ക്ലാസിക്’ പതിപ്പുമായി ടി വി എസ്

TVS Jupiter Classic

ഗീയർ രഹിത സ്കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ ‘ക്ലാസിക്’ പതിപ്പ് ടി വി എസ് മോട്ടോർ കമ്പനി പുറത്തിറക്കി. 55,266 രൂപയാണു സ്കൂട്ടറിന്റെ ഡൽഹി ഷോറൂമിലെ വില. സൺലിറ്റ് ഐവറി നിറം, ‘ക്ലാസിക് എഡീഷൻ’ ബാഡ്ജിങ്, വൃത്താകൃതിയിലുള്ള ക്രോം മിറർ, ക്രോം ബാക്ക്റസ്റ്റ്, സ്മാർട് യു എസ് ബി ചാർജർ, സുഖകരമായ യാത്ര ഉറപ്പു നൽകുന്ന ഇരട്ട വർണ സീറ്റ്, ഡിസ്ക് ബ്രേക്ക് എന്നിവയൊക്കെ സഹിതമാണു ടി വി എസ് പുതിയ ‘ജുപ്പീറ്റർ’ അവതരിപ്പിക്കുന്നത്. സ്കൂട്ടറിനു കരുത്തേകുന്നത് ഘർഷണം കുറഞ്ഞ 110 സി സി എൻജിനാണ്. ‘ഇകോ മോഡ്’, ‘പവർ മോഡ്’ സാധ്യതകളുള്ള ‘ഇക്കണോമീറ്റർ’ സഹിതമാണു ‘ജുപ്പീറ്ററി’ന്റെ ‘ക്ലാസിക് പതിപ്പും’ വിൽപ്പനയ്ക്കെത്തുന്നത്. 

കാലാതിവർത്തിയാണെന്നതാണ് ‘ക്ലാസിക്കു’കളുടെ പ്രധാന സവിശേഷതയെന്ന് ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് — കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ്) അനിരുദ്ധ ഹാൽദാർ അഭിപ്രായപ്പെട്ടു. സമകാലികത നിലനിർത്തുന്നതിൽ മാറ്റമില്ലാതെ തുടരുന്നു എന്നതാണു ‘ജുപ്പീറ്ററി’ന്റെ മികവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി വി എസ് 2013ലാണു ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്റർ’ പുറത്തിറക്കിയത്; തുടർന്നു സ്കൂട്ടർ വിപണിയിലും സാന്നിധ്യം ശക്തമാക്കാൻ കമ്പനിക്കു സാധിച്ചിരുന്നു. ഇതുവരെ മൊത്തം 15 ലക്ഷം ‘ജുപ്പീറ്റർ’ വിറ്റിട്ടുണ്ടെന്നാണു കണക്ക്. അലൂമിനിയം നിർമിതവും ഘർഷണം കുറഞ്ഞതുമായി 110 സി സി എൻജിനാണു സ്കൂട്ടറിനു കരുത്തേകുന്നത്. 

മാർച്ച് മധ്യത്തോത്തോടെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് (ബി എസ് നാല്) നിലവാരമുള്ള ‘ജുപ്പീറ്റർ’ ടി വി എസ് വിൽപ്പനയ്ക്കെത്തിച്ചിരുന്നു. ജെയ്ഡ് ഗ്രീൻ, മിസ്റ്റിക് ഗോൾഡ് എന്നീ പുതുനിറങ്ങളിൽ കൂടി ബി എസ് നാല് നിലവാരമുള്ള ‘ജുപ്പീറ്റർ’ ടി വി എസ് ലഭ്യമാക്കിയിരുന്നു.