‘ഓൾട്ടോ’യ്ക്ക് ധോണി പതിപ്പ്

ഉത്സവകാലം പ്രമാണിച്ച് ചെറുകാറായ ‘ഓൾട്ടോ’യുടെ പ്രത്യേക പതിപ്പുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) എത്തുന്നു. ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടീം നായകനായ മഹേന്ദ്ര സിങ് ധോണിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ‘ഓൾട്ടോ’യുടെ പ്രത്യേക പതിപ്പിന്റെ വരവ്. ധോണിയുടെ ജീവിതം ഇതിവൃത്തമാവുന്ന ‘എം എസ് ധോണി: ദ് അൺടോൾഡ് സ്റ്റോറി’ എന്ന ചലച്ചിത്രവുമായുള്ള സഹകരണത്തിന്റെ ഭാഗമായാണു മാരുതി സുസുക്കി ‘ഓൾട്ടോ 800’, ‘ഓൾട്ടോ കെ 10’ കാറുകളുടെ പരിമിതകാല പതിപ്പ് പുറത്തിറക്കുന്നത്. അടുത്ത മാസം ആദ്യം മുതൽ ഈ പ്രത്യേക പതിപ്പുകൾ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

ഈ കാറുകളുടെ വിശ്വാസ്യതയുമായി ഒത്തുപോകുന്നതിനാലാണ് ഇന്ത്യൻ കായിക ലോകത്ത് വൻജനപ്രീതിയുള്ള താരത്തിന്റെ ജീവിതകഥ പ്രമേയമാവുന്ന സിനിമയുമായി സഹകരിക്കുന്നതെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വിശദീകരിച്ചു. ഇതിഹാസ മാനങ്ങളുള്ള ബ്രാൻഡുകളെന്ന നിലയിൽ ഭാഷ, സംസ്കാര, ദേശ ഭേദമില്ലാതെ ഇരുവർക്കും രാജ്യവ്യാപക സ്വീകാര്യതയുണ്ട്. ഇന്ത്യൻ വിപണിയിലുള്ള കാറുകളിൽ 30 ലക്ഷം യൂണിറ്റിന്റെ മൊത്തം വിൽപ്പന കൈവരിച്ച ഏക ബ്രാൻഡാണ് ‘ഓൾട്ടോ’. ഇന്ത്യൻ ക്രിക്കറ്റിലെ ജീവിക്കുന്ന ഇതിഹാസമായി വാഴ്ത്തപ്പെടുന്ന ധോണിയുടെ ചലനാത്മക നേതൃപാടവം ഏറെ അംഗീകാരം നേടിയതാണെന്നു കാൽസി അഭിപ്രായപ്പെട്ടു. ധോണിക്കും കാൽസിക്കുമൊപ്പം സിനിമയിലെ അഭിനേതാക്കളും ചേർന്നാണ് ‘ഓൾട്ടോ 800’, ‘ഓൾട്ടോ കെ 10’ പരിമിതകാല പതിപ്പുകൾ അനാവരണം ചെയ്തത്.

സിനിമയെ സംബന്ധിച്ചിടത്തോളം തന്റെ ഭാഗം കഴിഞ്ഞതായി ധോണി അഭിപ്രായപ്പെട്ടു. കഥ പറഞ്ഞു കൊടുത്തതോടെ തന്റെ ഉത്തരവാദിത്തം പൂർത്തിയായി. ഇനിയെല്ലാം അഭിനേതാക്കളുടെ മികവു പോലിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി. എങ്കിലും ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തന്നെ സമ്മർദത്തിലാക്കുന്നുണ്ടെന്നും ധോണി വ്യക്തമാക്കി. ധോണിയിൽ നിന്നു പ്രചോദിതമായതും ‘ഏഴ്’ എന്ന നമ്പർ ആലേഖനം ചെയ്തതുമായ സീറ്റ് കവറുകൾ, ധോണിയുടെ ഒപ്പ് സഹിതമുള്ള ഡികാലും ബോഡി ഗ്രാഫിക്സും, മുന്തിയ മ്യൂസിക് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസർ തുടങ്ങിയവയെല്ലാമായാണ് ‘ഓൾട്ടോ’യുടെ പ്രത്യേക പതിപ്പുകൾ എത്തുന്നത്.