റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി വില 1.55 ലക്ഷം രൂപ

Royal Enfield Himalayan

റോയൽ എൻഫീൽഡ് ബൈക്കെന്നാൽ നമുക്ക് ബുള്ളറ്റാണ്. അതിപ്പോൾ 350 സിസി ക്ലാസിക്കായാലും ശരി 500 സിസി തണ്ടർബേർഡായാലും ശരി, എല്ലാം ബുള്ളറ്റെന്ന ഒറ്റപേരിൽ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലിൽ നിന്ന് മാറി റോയൽ എൻഫീൽഡ് പുതിയ ബൈക്ക് പുറത്തിറക്കിയിരിക്കുന്നു. കരുത്തും യാത്രസുഖവും ആഡ്യത്വവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ റോയൽ എൻഫീൽഡ് ബൈക്കുകളിലെ പുതിയ മുഖവുമായി എത്തിയ ബൈക്കിന്റെ പേര് ഹിമാലയൻ.

Royal Enfield Himalayan

റോയൽ എൻഫീൽഡ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വ്യത്യസ്തനായ ഈ ബൈക്കിന്റെ മുംബൈ എക്സ്ഷോറൂം വില 1.55 ലക്ഷം രൂപ. അ‍‍ഡ്വഞ്ചർ ടൂറർ ബൈക്കായ ഹിമാലയൻ ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വ്യത്യസ്തനായ റോയൽ എൻഫീൽഡ് ബൈക്കാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Royal Enfield Himalayan

നിലവിൽ‌ 350, 500, 535 സിസി ബൈക്കുകളുള്ള റോയൽ എൻഫീൽഡ്, പുതിയതായി വികസിപ്പിച്ച 411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയനിൽ. 6500 ആർപിഎമ്മിൽ 24.50 ബിഎച്ച്പി കരുത്തും 4000–4500 ആർപിഎമ്മിൽ 32 എൻഎമ്മുമാണ് ടോർക്ക്. റോയൽ എൻഫീൽഡിന്റെ നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണ് ഹിമാലയനെ നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Royal Enfield Himalayan

കൂടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിന് മെയിന്റനന്‍സ് കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതി. എൻഫീൽഡിന്റെ ആദ്യ അഡ്വഞ്ചർ ടൂററിന് ഓഫ് റോഡിങ്ങിന് ഇണങ്ങും വിധം 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സാണ് നൽകിയിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും റിം വലുപ്പം. ഭാരം 182 കിലോഗ്രാം. പിന്നിൽ മോണോ സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത്.