വോൾവോ ‘എസ് 90’ എത്തി; വില 53.50 ലക്ഷം രൂപ

സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയിൽ നിന്നുള്ള പുതിയ സെഡാനായ ‘എസ് 90’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ‘എസ് 80’ സെഡാനു പകരം വിപണിയിലെത്തിയ ‘എസ് 90’ കാറിന് മുംബൈ ഷോറൂമിൽ 53.50 ലക്ഷം രൂപയാണു വില. ഔഡി ‘എ സിക്സ്’, ജഗ്വാർ ‘എക്സ് എഫ്’, മെഴ്സീഡിസ് ബെൻസ് ‘ഇ ക്ലാസ്’, ബി എം ഡബ്ല്യു ‘ഫൈ സീരീസ്’ തുടങ്ങിയവയോടാണ് ‘എസ് 90’ ഏറ്റുമുട്ടുക. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എക്സ് സി 90’ പ്ലാറ്റ്ഫോമിലാണു വോൾവോ സെഡാനായ ‘എസ് 90’ സാക്ഷാത്കരിച്ചിരിക്കുന്നത്. രൂപകൽപ്പനയിൽ വോൾവോയുടെ പുത്തൻ ഭാഷ പിന്തുടരുന്ന സെഡാനിൽ അപ്റൈറ്റ് ഗ്രിൽ, തോർ ഹാമർ എൽ ഇ ഡി ഹെഡംലാംപ്, ഡാഷ്ബോഡ് ഡിസൈൻ എന്നിവയും ഇടംപിടിക്കുന്നു.

മെമ്മറിയും വെന്റിലേഷനുമുള്ള ഇലക്ട്രിക് അഡ്ജസ്റ്റ് മുൻ സീറ്റ്, ഡ്രൈവ് മോഡ്, ഓട്ടോ പാർക്ക് അസിസ്റ്റ്, നാലു സോൺ ക്ലൈമറ്റ് കൺട്രോൾ, നാപ്പ ലതർ അപ്ഹോൾസ്ട്രി, ഹാൻഡ്സ്ഫ്രീ ടെയിൽഗേറ്റ് ഓപ്പറേഷൻ, നാവിഗേഷൻ, ആപ്പിൾ കാർ പ്ലേ എന്നിവയോടെ ഒൻപത് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം സഹിതം ബോവേഴ്സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം തുടങ്ങിയവയൊക്കെ കാറിലുണ്ട്. പിന്നിൽ എയർ സസ്പെൻഷനോടെ എത്തുന്ന കാറിൽ മികച്ച സുരക്ഷയ്ക്കായി എയർ ബാഗ്, ലെയ്ൻ കീപ് അസിസ്റ്റ്, സീറ്റ് ബെൽറ്റ് പ്രീ ടെൻഷനേഴ്സ്, എമർജൻസി ബ്രേക്ക് അസിസ്റ്റ് എന്നിവയും ലഭ്യമാണ്. ഇങ്ങനെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത ‘ഇൻസ്ക്രിപ്ഷൻ’ വകഭേദത്തിൽ മാത്രമാണ് ‘എസ് 90’ വിൽപ്പനയ്ക്കുള്ളത്.

കാറിലെ രണ്ടു ലീറ്റർ, ഡി ഫോർ ഡീസൽ എൻജിന് 190 ബി എച്ച് പി വരെ കരുത്തും 400 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള സെഡാനിലെ ട്രാൻസ്മിഷൻ എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. അടുത്ത വർഷത്തോടെ കരുത്തേറിയ ഇരട്ട ടർബോ ഡി ഫൈവ് ഡീസൽ എൻജിനോടെയും ‘എസ് 90’ വിപണിയിലെത്തും; 235 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. പൂർണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിലെത്തുമ്പോഴും തികച്ചും മത്സരക്ഷമമായ വിലയ്ക്കാണ് വോൾവോ ‘എസ് 90’ വിപണിയിലെത്തുന്നത്. അടുത്ത മാസത്തോടെ കാറിന്റെ വിൽപ്പന ആരംഭിക്കുമെന്നാണു സൂചന. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സുരക്ഷയ്ക്കൊപ്പം സ്കാൻഡിനേവിയൻ രൂപകൽപ്പനയും മുന്തിയ യാത്രാസുഖവുമൊക്കെയായി വിപണിയിലെത്തുന്ന ‘എസ് 90’ ഇപ്പോൾതന്നെ മികച്ച വരവേൽപ്പ് നേടിയിട്ടുണ്ടെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ടോം വൺ ബോൺസ്ഡ്രോഫ് അവകാശപ്പെട്ടു.