കുരുക്കിൽപ്പെടാതെ 7 സീറ്റർ: എർട്ടിഗ

Maruti Suzuki Ertiga

ഹരിത ട്രൈബ്യൂണലും തുടർപ്രശ്നങ്ങളും ഏഴു സീറ്ററുകളെ അലട്ടുമ്പോൾ കൂസലേതുമില്ലാതെ എർട്ടിഗ. മാരുതിയുടെ ഏഴു സീറ്റർ മോഡലിന് 2000 സി സി ശേഷിയില്ലാത്തതിനാൽ ഡീസൽ വിഭാഗത്തിൽ പ്രശ്നങ്ങളില്ല. ഹൈബ്രിഡ് സാങ്കേതികത ഉപയോഗിക്കുന്ന ഡീസൽ എർട്ടിഗ 24.52 കി മി ഇന്ധനക്ഷമതയും നൽകും.

Maruti Suzuki Ertiga

പുറമെ, ഹൈബ്രിഡ് ഡീസൽ മോഡലിന് തല്ലിനു പകരം കേന്ദ്ര സർക്കാരിൻറെ ചെറിയൊരു തലോടലുണ്ട്. 13000 രൂപ സബ്സിഡി. പരിസ്ഥിതി പ്രശ്നങ്ങൾ അതീവഗൗരവത്തോടെയെടുക്കുന്ന ന്യൂഡൽഹിയിലും മറ്റും വാറ്റിൽ വലിയൊരു ഇളവുമുണ്ട്. 12.5 ശതമാനത്തിനു പകരം അഞ്ചു ശതമാനമാണ് ഹൈബ്രിഡിനു വാറ്റ്. എർട്ടിഗ ഡീസൽ ടെസ്റ്റ്ഡ്രൈവ് റിപ്പോർട്ട്.

∙ ഹൈബ്രിഡ് സാങ്കേതികത: സ്മാർട്ട് ഹൈബ്രിഡ് സംവിധാനമെന്നു സുസുക്കി പേരിട്ട ഏർപ്പാട് ആധുനികം. ഡി ഡി എെ എസ് 200 ഡീസൽ എൻജിൻ സ്വതവേ ഇന്ധനക്ഷമതയുള്ളതാണെങ്കിൽ പുതിയ സംവിധാനം ആ മികവ് സ്ഫുടം ചെയ്തെടുക്കുന്നു. പ്രധാനമായും രണ്ട് ഏർപ്പാടുകളാണ് ഹൈബ്രിഡ് സാങ്കേതികതയുടെ കാതൽ. ഒന്ന്: ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ സംവിധാനം വേഗം കുറയുന്നതും ബ്രേക്കിങ്ങുമൊക്കെ ശക്തിയാക്കി മാറ്റി ഇന്ധനക്ഷമത കൂട്ടും. രണ്ട്: വാഹനം എവിടെയെങ്കിലും നിർത്തേണ്ടിവന്നാൽ എൻജിൻ സ്വയം ഓഫാകും. പിന്നെ നീങ്ങേണ്ട സമയമാകുമ്പോൾ തനിയെ സ്റ്റാർട്ടാകും.

Maruti Suzuki Ertiga

ഇതിനു പുറമെ ടോർക്ക് അസിസ്റ്റ് സംവിധാനവും ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്ററും ഇന്ധനം കാര്യമായി ലാഭിക്കാൻ കാരണമാകുന്നു. ഇന്ത്യയിൽ മഹീന്ദ്രയുടെ ചില വാഹനങ്ങൾ ഈ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്. ലോകത്തു പലേടത്തും ഹൈബ്രിഡ് സാങ്കേതികത ഇലക്ട്രിക് മോട്ടോറും പെട്രോൾ എൻജിനും കൂടിച്ചേർന്നുള്ളതാണെങ്കിൽ ഇവിടെ അത്ര വലിയ സാങ്കേതികതയില്ല. പക്ഷെ, വാഹനത്തിന് വില തെല്ലും കൂടുന്നില്ല എന്ന നേട്ടമുണ്ട്.

∙ മറ്റുവിശേഷങ്ങൾ: അടുത്തയിടെ എർട്ടിഗയ്ക്കു കുറെ മാറ്റങ്ങളുണ്ടായിരുന്നു. ഈ മാറ്റങ്ങളോടെ എർട്ടിഗയുടെ ചന്തവും കൂടി. പഴയ മോഡൽ കണ്ടു മടുത്തവർക്ക് പുതിയ ക്രോമിയം ഗ്രില്ലും ഹെഡ്ലാംപും ബമ്പറുമെല്ലാം ചേർന്ന് ആധുനികത നൽകുന്നു. സ്പോർട്ടി അലോയ് വീലുകൾ, ഇലക്ടിക് ഫോൾഡിങ്ങുള്ള വിങ് മിറർ, പുതിയ പിൻ ബമ്പർ, പിൻ നമ്പർ പ്ലേറ്റിനു മുകളിലെ ക്രോമിയം ഗാർനിഷ് എന്നിവയൊക്കെ എർട്ടിഗയെ സുന്ദരിയാക്കി.

Maruti Suzuki Ertiga

∙ ഉൾവശം: സീറ്റുകൾ മികച്ചതായി. മൂന്നിൽ രണ്ടു ബക്കറ്റ് സീറ്റുകൾ. മധ്യത്തിൽ മൂന്നു പേർക്കിരിക്കാവുന്ന സീറ്റ്. അതു മറിച്ചിട്ട് ഏറ്റവും പിന്നിലേക്കു കടന്നാൽ രണ്ടു പേർക്ക് ഇരിക്കാം. പിന്നിലെ രണ്ടു നിര സീറ്റുകളിലും ആവശ്യത്തിനു ലെഗ് റൂമുണ്ട്. മധ്യ നിര മുന്നോട്ടും പിന്നോട്ടും ആവശ്യത്തിന് ക്രമീകരിക്കാമെന്നതാണ് നേട്ടം. എ സി വെൻറുകളും കപ് ഹോൾഡറുകളും എല്ലാ നിരയിലും ഘടിപ്പിച്ചിരിക്കുന്നു.

∙ കൂടുതൽ സുഖകരം: ചാരു കുറഞ്ഞ ബെഞ്ച് സീറ്റുകളല്ല എർടിഗോയുടെ രണ്ടും മൂന്നും നിരയിൽ. നന്നായി ചാരിയിരുന്ന് റിലാക്സ് ചെയ്യാവുന്ന സീറ്റുകൾ തന്നെ. രണ്ടാം നിരയിൽ ആം റെസ്റ്റും വന്നു. എ സി വെൻറുകൾ പിൻ നിരയാത്രികരുടെ സുഖം ഉയർത്തും. മൂന്നു നിരയും നിരത്തി വച്ചാൽ ഡിക്കി ഇടം കുറയുമെന്ന ദോഷം പറയാം. സാധാരണ അവസ്ഥകളിൽ മൂന്നാം നിര വേണ്ടെന്നു വച്ചാൽ എസ്റ്റേറ്റ് കാറുകൾക്കൊത്ത സ്ഥലം കിട്ടും. രണ്ടും മൂന്നും നിര സീറ്റുകൾ പല തരത്തിൽ ക്രമകരിക്കുകയുമാവാം.

Maruti Suzuki Ertiga

∙ സൗകര്യങ്ങൾ: സ്ഥലസൗകര്യം തോന്നിപ്പിക്കുന്ന ബീജ് നിറമാണ് ഉള്ളിൽ മുഖ്യമായും. ഡാഷിനു മുകളിൽ കുടപ്പം കൂടിയ ബിജ് ഫിനിഷുണ്ട്. ഇൻട്രുമെൻറ് കൺസോളും നിയന്ത്രണങ്ങളും സ്റ്റീയറിങ്ങുമെല്ലാം പഴയതു തന്നെ. പുഷ് ബട്ടൻ സ്റ്റാർട്ട്, സ്റ്റീയറിങ് മൗണ്ടഡ് നിയന്ത്രണങ്ങൾ, പുതിയ മീറ്റർ കൺസോൾ, രണ്ടാം നിരയിലെ ബാറ്ററി ചാർജർ, നാവിഗേഷനടക്കമുള്ള പുതിയ ടച് സ്ക്രീൻ സ്റ്റീരിയോ ഇവയൊക്കെ എർട്ടിഗയുടെ പോരായ്മകൾ നികത്തി. എയർ ബാഗും എബിഎസുമുള്ള മോഡലുകളുണ്ട്.

∙ ഡ്രൈവിങ്: ഹൈബ്രിഡ് സാങ്കേതികതയുള്ള ഡീസൽ മോഡലിന് പഴയ മോഡലിനെക്കാൾ നാലു കിലോമീറ്ററോളം അധികം ഇന്ധനക്ഷമതയുണ്ട്. ഫിയറ്റ് 1.3 മുൾട്ടി ജെറ്റ് ഡീസൽ നല്ല പെർഫോമൻസും തരും. ഏഴു സീറ്റ് യാത്രക്കാരുമായി നല്ല വേഗത്തിൽ പായാനും മികച്ച നിയന്ത്രണം നൽകാനും എർട്ടിഗയ്ക്കാകും. യാത്രാസുഖവും തെല്ലും കുറയില്ല. പുതിയ മോഡലിൽ വന്ന സസ്പെൻഷൻ പരിഷ്കാരങ്ങൾ നിയന്ത്രണം വർധിപ്പിക്കുന്നുണ്ട്. ഡീസലിനു പുറമെ ലീറ്ററിന് 17.50 കിലോമീറ്റർ മൈലേജുള്ള പെട്രോൾ മോഡലുമുണ്ട്. നാലു സ്പീഡ് ഓട്ടമാറ്റിക് പെട്രോൾ മോഡൽ മറ്റൊരു സൗകര്യമാണെങ്കിൽ

Maruti Suzuki Ertiga

∙ എക്സ് ഷോറൂം വില എട്ടു ലക്ഷത്തിനു തെല്ലു മുകളിൽ ആരംഭിക്കുന്നു.സബ്സിഡി ഇതിനു പുറമെയാണ്. കേന്ദ്ര ഗവൺമെൻറ് പ്രഖ്യാപിച്ചിട്ടുള്ള നഗരങ്ങളിൽ മാത്രമേ ഇതു ലഭ്യമാകു.

∙ ടെസ്റ്റ്ഡ്രൈവ്: മാരുതി സുസുക്കി 18001021800