അവൻച്യുറയുടെ വരവു കണ്ടോ....

അവൻച്യുറ ചിത്രങ്ങൾ: അമിൻ സീതി

ഫിയറ്റിൽ നിന്ന് എന്തു വന്നാലും അതൊരു വരവായിരിക്കും. അവൻച്യുറയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. ഇറ്റാലിയൻ രൂപകൽപനയെ കവച്ചു വയ്ക്കാൻ ഇന്ത്യയിലെന്നല്ല, ലോകത്തു തന്നെ ഇന്ന് അധികം രൂപകൽപനകളില്ല. ഈ വിശ്വോത്തര രൂപത്തിനു മുകളിൽ യൂറോപ്യൻ കാറുകളുടെ ഉറപ്പും ഈടും ഗുണമേന്മയും ചേരുമ്പോൾ ഇന്ത്യയിലിന്നു കിട്ടുന്ന ഏറ്റവും നല്ല ഫൺ വെഹിക്കിളുകളിലൊന്നായി അവൻച്യുറ.

കോംപാക്ട് എസ് യു വി വിഭാഗത്തിലേക്കു കണ്ണുംനട്ട് ഇറങ്ങിയിട്ടുള്ള കമ്പനികൾ അനവധിയാണ്. ഫോഡ് ഇക്കോസ്പോർട്ടും റെനോ ഡസ്റ്ററും നിസ്സാൻ ടെറാനോയും ഒരു വശത്ത്. ഹാച്ച്ബാക്ക് കാറുകളുടെ ക്രോസ് ഓവർ രൂപങ്ങളായ ടൊയോട്ട എറ്റിയോസ് ക്രോസ് ഫോക്സ് വാഗൻ പോളോ ക്രോസ് എന്നിവ മറുവശത്ത്. ഇവയെല്ലാം കാർ പ്ലാറ്റ്ഫോമിൽ നിന്നു രൂപപ്പെടുത്തിയെടുത്തവയെങ്കിലും എറ്റിയോസും പോളോയും കൂടുതൽ കാർ സ്വഭാവമുള്ളവയും മറ്റുള്ളവ കുറച്ചു കൂടി എസ്യു വി രൂപമുള്ളവയുമാണ്.

കാരണം രൂപകൽപനയിലെ പ്രത്യേകതകൾ തന്നെ. ഫിയറ്റ് അവൻച്യുറ ഈ രണ്ടു വിഭാഗത്തിലും പെടുന്നില്ല. വലുപ്പത്തിലും ആകാരസൗഷ്ഠവത്തിലും ഉപയോഗക്ഷമതയിലും പുതിയൊരു വിഭാഗമുണ്ടാക്കി അവിടെയിരിക്കാനാണ് ഈ ഫിയറ്റിന് ഇഷ്ടം. ടെസ്റ്റ് ഡ്രൈവ് വാഹനമെടുത്ത് റോഡിലേക്കിറങ്ങിയപ്പോഴേ ഇക്കാര്യം വ്യക്തമായി. അവൻച്യുറയിൽ കണ്ണുംനട്ട് കൊതിയൂറുന്ന വഴിപോക്കർ അനവധി. ഇത്രയധികം വൈവിധ്യമുള്ള മോഡലുകളിറങ്ങുന്ന ഇന്ത്യയിൽ പിന്തുടർന്നുവന്ന് ഫോട്ടോയെടുക്കുന്നതും പാർക്ക് ചെയ്ത് പുറത്തിറങ്ങും മുമ്പ് വണ്ടിയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ചോദിക്കുന്നതും കാറിനൊപ്പം നിന്നൊരു സെൽഫിയെടുക്കുന്നതും അപൂർവങ്ങളിൽ അപൂർവം.

അവൻച്യുറയുടെ രൂപസവിശേഷതയിൽ മയങ്ങിവീണു ആവേശച്ചോദ്യങ്ങൾ ഉതിർത്തവരും സെൽഫിയെടുത്തവരും ഈ ടെസ്റ്റ് ഡ്രൈവിൻറെ ആദ്യാവസാനമുണ്ടായിരുന്നു. ഡ്രൈവ് റിപ്പോർട്ടിലേക്കു കടക്കും മുമ്പ് ഒരു മുന്നറിയിപ്പ്. ചിത്രത്തിൽ കാണുന്ന സൈക്കിളുകൾ കാറിനൊപ്പം കിട്ടില്ല. ഫിയറ്റ് സൈക്കിളുകൾ ഒന്നിന് ഒന്നര ലക്ഷം രൂപ വീതം നൽകണം...

അവൻച്യുറ ചിത്രങ്ങൾ: അമിൻ സീതി

∙ രൂപകൽപന: രൂപത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം പിൻവശത്തുറപ്പിച്ച സ്പെയർവീലാണ്. ഇതു തന്നെ വലിയൊരു എൻജിനിയറിങ് മികവത്രെ. സ്പെയർവീൽ നിൽക്കുന്നത് ഹാച്ച് ഡോറിലല്ല. അതിനായി പ്രത്യേകം നിർമിച്ച ആമിലാണ് സ്പെയർവീൽ നിൽക്കുന്നത്. ആദ്യം ഈ കൈ തുറന്നിട്ടു വേണം ഹാച്ച് മുകളിലേക്ക് ഉയർത്താൻ. മനോഹരമായി ,ഈടോടെ രൂപകൽപന ചെയ്ത ഇത്തരം സംവിധാനം ചില മെഴ്സെഡിസ് മോഡലുകളിൽ കണ്ടിട്ടുണ്ട്.

വീൽ ആർച്ചുകളിലടക്കം പടരുന്ന മനോഹരമായ സൈഡ് ക്ലാഡിങ് ആണ് മറ്റൊരു കാര്യം. പുന്തൊ ഇവൊയോടു സമാനമായ മുൻവശത്തിന് എസ് യു വിക്ക് ഇണങ്ങിയ സ്കിഡ് പ്ലേറ്റ് അടക്കം ചില മാറ്റങ്ങൾ കണ്ടെത്താം. റൂഫ്റെയിലുകൾ അലൂമിനിയമാണ്. തൂക്കം കുറയ്ക്കാനും മുകൾ വശത്തെ തൂക്കം പരമാവധി കുറച്ച് സെൻറർ ഓഫ് ഗ്രാവിറ്റിയും തദ്വാര സ്റ്റെബിലിറ്റിയും മെച്ചപ്പെടുത്താനൊരു തന്ത്രം.

അവൻച്യുറ ചിത്രങ്ങൾ: അമിൻ സീതി

16 ഇഞ്ച് ബൈസ്പോക്ക് അലോയ് വീലുകളും 205—55 ടയറുകളും എസ് യു വി രൂപം പൂർണമാക്കും.205 മി മിയാണ് ഗ്രൗണ്ട് ക്ലിയറൻസ്. ഡസ്റ്ററിനു തുല്യം. ഈ മാറ്റങ്ങളെല്ലാം കൂടി വെറും 60 കിലോ അധിക തൂക്കത്തിൽ ഒതുങ്ങുന്നു. ഉള്ളിൽ ഇവൊയുടെ ഡാഷ് ബോർഡ്. എന്നാൽ വലിയ വ്യത്യാസം ടുടോൺ ഡാഷിൽ കറുപ്പിനു പുറമെ മറ്റൊരു വാഹനത്തിലും കണ്ടിട്ടില്ലാത്ത ഗ്രേ ഫിനിഷ്. ഈ ഫിനിഷിനു ചുറ്റും മൂഡ് ലൈറ്റിങ്ങൂമുണ്ട്.

ടിൽറ്റ് മീറ്ററും ഡിജിറ്റൽ കോംപസുമൊക്കെച്ചേർന്ന യൂണിറ്റ് വലിയൊരു എസ് യു വിയിലാണ് ഇരിക്കുന്നതെന്ന തോന്നലുണ്ടാക്കും. ഓട്ടമാ റ്റിക് എ സിക്ക് പിന്നിൽ വെൻറുണ്ട്. സ്റ്റീരിയോയിൽ ബ്ലൂ ആൻഡ്മി മൈക്രൊസോഫ്റ്റ് ബ്ലൂടൂത്ത് സംവിധാനം. വോയിസ് കമാൻഡു കൾ അവൻച്യുറ അനുസരിക്കും.നേരിയ ബ്രൗൺ കലർന്ന സീറ്റ്ഫാബ്രിക്കും ട്രിമ്മുകളുമെല്ലാം കൊള്ളാം. ഫോളോ മീ ലൈറ്റുകളടക്കം പുതിയ പരിഷ്കാരങ്ങൾ പലതു വന്നു.

അവൻച്യുറ ചിത്രങ്ങൾ: അമിൻ സീതി

∙ ഡ്രൈവിങ്: ഉയരം കൂടിയത് കൈകാര്യം ചെയ്യലിനെ ബാധിക്കാതിരിക്കാൻ പിന്നിൽ ഒരു ആൻറിറോൾ ബാർ വന്നു. സസ്പെൻഷൻ റീ ട്യൂൺ ചെയ്തു. ഈ രണ്ടുമാറ്റങ്ങളും നിയന്ത്രണം ഉയർത്തുന്നതിനൊപ്പം യാത്രാസുഖവും ഗണ്യമായി ഉയർത്തുന്നു. 1.3 മൾട്ടിജെറ്റ് പതിവു പോലെ മിടുക്കൻ.പഴയ മോഡലുകളെക്കാൾ തെല്ലുശബ്ദം കുറവുണ്ട്. പെർഫോമൻസിൽ വിട്ടു വീഴ്ചകളില്ല. 2000ആർ പി എമ്മിനു മുകളിലേക്കാണ് മിന്നുന്ന പ്രകടനം. എ ബി എസ് ബ്രേക്കിങ്ങും എയർബാഗുമൊക്കെ സുരക്ഷ ഉറപ്പാക്കുന്നു.

അവൻച്യുറ ചിത്രങ്ങൾ: അമിൻ സീതി

ഗിയർഷിഫ്റ്റും ചെറുതായി മെച്ചപ്പെട്ടു. ഇന്ധനക്ഷമത 21.4 കി.മി. ടി ജെറ്റ്, ഫയർ പെട്രോൾ മോഡലകളും ലഭ്യമാണ്. ആക്ടിവ്, ഡൈനാമിക്,ഇമോഷൻ മോഡലുകളുണ്ട്. വില 7.42 മുതൽ 8.75 ലക്ഷം വരെ. പെട്രോൾ ഫയർ മോഡലിന് 6.45 ലക്ഷംമുതൽ. ജീവിതത്തിൽ വ്യത്യസ്തമായ ജീവിതശൈലിയും വേറിട്ടു നിൽക്കുന്ന അഭിരുചികളുമുള്ളവർക്ക് അവൻച്യുറ വാങ്ങാം.

∙ ടെസ്റ്റ് ഡ്രൈവ്: മരിക്കാർ എൻജിനിയേഴ്സ് 9526193939

അവൻച്യുറ ചിത്രങ്ങൾ: അമിൻ സീതി
VIEW FULL TECH SPECS