sections
MORE

ക്യാപ്ചർ ഗ്ലോബൽ: ലാഭം 3 ലക്ഷം

captur
SHARE

റെനോ ഫ്രഞ്ച് വാഹനനിർമാതാക്കളാണ്. ജപ്പാനിലെ നിസ്സാനും ഡാറ്റ്സനും റുമേനിയയിലെ ഡാസിയയുമൊക്കെ ഇതേ ഉടമസ്ഥതയിലുള്ള ബ്രാൻഡുകൾ തന്നെ. റെനോ എന്നു പേരെഴുതി വരുന്ന എല്ലാ കാറുകളും എല്ലാ രാജ്യങ്ങളിലും തനി റെനോ ആകണമെന്നില്ല. ഉദാഹരണങ്ങൾ, ബ്രാക്കറ്റിൽ യഥാർത്ഥ മോഡൽ: റെനോ പൾസ് (നിസ്സാൻ െെമക്ര), റെനോ സ്കാല (നിസ്സാൻ സണ്ണി), റെനോ ഡസ്റ്റർ (ഡാസിയ ഡസ്റ്റർ), റെനോ ലോഡ്ജി (ഡാസിയ ലോഡ്ജി). തിരിച്ചുമുണ്ട്. നിസ്സാൻ ടെറാനോ ശരിക്കും ഡസ്റ്ററാണ്. അങ്ങനെ പല പല മോഡലുകൾ, േപരുകൾ, ബ്രാൻഡുകൾ.

∙ തനി ഫ്രഞ്ച്: മഹീന്ദ്രയുമായി ചേർന്ന് റെനോ ആദ്യമിറക്കിയ ലോഗനുണ്ടായിരുന്നതും റുമേനിയൻ പാരമ്പര്യമത്രെ. എന്നാൽ തനി ഫ്രഞ്ച് ജന്മങ്ങളാണ് കോലിയോസ്, ഫ്ലൂവൻസ് എന്നീ മോഡലുകൾ. പിന്നീടെത്തിയ യഥാർത്ഥ ഫ്രഞ്ച് അവതാരമാണ് ക്യാപ്ചർ. റെനോയുടെ ഇന്ത്യൻ നിരയിൽ ഇപ്പോൾ പൂർണമായ ഫ്രഞ്ച് പാരമ്പര്യമുൾക്കൊള്ളുന്ന ഏക വാഹനം. 

∙ ഇള മുറ: അധികം ചരിത്രമുള്ള വാഹനമല്ല ക്യാപ്ചർ. പുതുമയാണ് മുഖമുദ്ര. 2013 ൽ ജനീവ ഒാട്ടൊഷോയിൽ ആദ്യമായെത്തി. ലോകപ്രശസ്തമായ റെനോ ക്ലിയോ ഹാച്ച് ബാക്ക് കാറുകൾ ആധാരമാക്കിയ ബി പ്ലാറ്റ്ഫോമിൽ നിർമാണം. യൂറോപ്പിൽ സബ് കോംപാക്ട് ക്രോസ് ഒാവർ. ഇന്ത്യയിൽ മിനി എസ് യു വി.

∙ആധുനികം: ആരുകണ്ടാലും ഒരു വട്ടം കൂടിയൊന്നു നോക്കും. കുതിക്കാനായി നിൽക്കുന്ന വന്യമൃഗത്തിെൻറ ഗാംഭീര്യം. വലുപ്പമുള്ള റെനോ ലോഗോ, നീളം കുറഞ്ഞ മസ്കുലർ ബോണറ്റ്, വലിയ വീൽ ആർച്ചുകള്‍, കറുത്ത ബോഡി ക്ലാഡിങ്, എൽ ഇ ഡി ഹെ‍ഡ്‌ലാംപ്, ത്രീഡി ഇഫക്റ്റുള്ള എൽ ഇ ഡി ടെയിൽലാംപ്, കോർണറിങ് ഫങ്ഷനുള്ള ഫോഗ് ലാംപ് എന്നിവ സവിശേഷതകൾ. കറുപ്പോ െഎവറിയോ നിറമുള്ള ഡ്യുവൽ ടോൺ ഫിനിഷും ഫുട്ബോർഡുമടക്കം ഒട്ടേറെ കസ്റ്റ‌മൈസേഷൻ ഒാപ്ഷനുകൾ. 

∙ നീളം കൂടും: നീളം നാലു മീറ്ററിൽ താഴെയാക്കാൻ റെനോ പണിപ്പെടാതിരുന്നതാണ് ക്യാപ്ചറിെൻറ വിജയം. ഇത്ര നീളത്തിൽ ഇത്ര ഉയരത്തിൽ മറ്റൊരു മിനി എസ് യു വി ഇന്ത്യയിൽ ഇന്നില്ല. 4333 മി മി നീളം, 1813 മി മി വീതി, 1613 മി മി ഉയരം, 2674 മി മി വീൽബേസ്. 210 മി മിയാണ് ഗ്രൗണ്ട് ക്ലിയറൻസ്. 17 ഇഞ്ച് വീലുകൾ. കൂടിയ വീൽബേസ് നിയന്ത്രണവും യാത്രാസുഖവും ആയി പരിണമിക്കുന്നു.

∙ യൂറോപ്യൻ: വൃത്തിയും ആഢ്യത്തവുമുള്ള യൂറോപ്യൻ ഉൾവശം. ഇരട്ട നിറ ഫിനിഷ്. മീറ്റർ കൺസോളിലും സെന്റർ കൺസോളിലും എ സി വെന്റുകളിലും ഗോൾഡൻ ടച്ച് ഫിനിഷുമുണ്ട്. നിലവാരമുള്ള പ്ലാസ്റ്റിക്ക്. വ്യത്യസ്ത രൂപകൽപനയുള്ള മീറ്റർ കൺസോളിൽ ഡിജിറ്റൽ അനലോഗ് സങ്കലനം. പരമ്പരാഗത സ്പീഡോ മീറ്ററില്ല. പകരം വലിയ അക്കങ്ങളുള്ള ഡിജിറ്റൽ സ്പീഡോ. 

∙ സൗകര്യങ്ങൾ: ബ്ലൂ ടൂത്ത്, യു എസ് ബി, ഒാക്സ് ഇൻ, നാവിഗേഷൻ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് ടച്ച് സ്ക്രീൻ മൾട്ടിമീഡിയ സിസ്റ്റം, ക്രൂസ് കൺട്രോൾ, ഒാട്ടമാറ്റിക് ഹെ‍ഡ്‌ലൈറ്റും വൈപ്പറും. വെളുപ്പും കറുപ്പും നിറങ്ങളുള്ള തുകൽ സീറ്റുകളുടെ ഗോൾഡ് ഡെക്കോ എന്നു വിശേഷിപ്പിക്കുന്ന സ്റ്റിച്ച്ഡ് ഫിനിഷ് വ്യത്യസ്തം, സുന്ദരം. പിൻ നിര സീറ്റിൽ ആവശ്യത്തിനു സ്ഥലസൗകര്യം. വലിയ ഡിക്കിക്ക് 392 ലീറ്റർ ശേഷി. സീറ്റ് മടക്കിയാൽ 1392 ലീറ്ററിലേക്ക് ഉയർത്താം.

∙ ഡീസലാണ് താരം: 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ. പെട്രോൾ മോഡലിന് 5600 ആർപിഎമ്മിൽ 106 പി എസ്. ഡീസൽ മോഡലിന്  110 പി എസ്. പെട്രോളിൽ 5 സ്പീഡ് ഗിയർ ബോക്സും ഡീസലിന് 6 സ്പീഡും. പെട്രോൾ ലീറ്ററിന് 13.87 കിലോമീറ്റർ വരെ ഒാടുമ്പോൾ ഡീസലിന് 20.37 കിലോമീറ്ററെന്ന മികച്ച െെമലേജ്. 

∙ നല്ല നിയന്ത്രണം: മികച്ച െെഡ്രവബിലിറ്റിയാണ് ക്യാപ്ചറിന്റെ സവിശേഷത. ഹൈവേകളിലും നഗരത്തിലും മികച്ച പെർഫോമൻസ് ഉറപ്പ്. മികച്ച സ്റ്റെബിലിറ്റിയുണ്ട്. ഉയർന്ന വേഗത്തിൽ നല്ല നിയന്ത്രണം. യാത്രാസുഖവും നിയന്ത്രണവും ഉറപ്പാക്കുന്ന സസ്പെൻഷൻ. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മോശം റോഡിൽ പ്രയോജനപ്പെടും. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എ ബി എസ്, മുന്നിലും വശങ്ങളിലും എയർബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് ലിമിറ്റർ, റിവേഴ്സ് ക്യാമറ എന്നിവയുമുണ്ട്. ‌

∙ ലോട്ടറി: ഇപ്പോൾ റെനോ നൽകുന്ന ലോട്ടറിയാണ് ഗ്ലോബൽ എഡിഷൻ. 2017 മോഡൽ, സകല സൗകര്യങ്ങളുമുള്ള ഡീസൽ എഡിഷന് വില 9.99 ലക്ഷം. െഎവറി ഒാറഞ്ച് നിറത്തിൽ മാത്രം ഏതാനും കാറുകൾ. സ്റ്റോക്ക് കഴിയും വരെ മാത്രം ആനുകൂല്യം. ലഭിക്കും. 13 ലക്ഷമാണ് 2018 മോഡൽ വർഷമുള്ള സമാന കാറുകളുടെ വില.

∙ ടെസ്റ്റ്െെഡ്രവ്: ടി വി എസ് റെനോ, 8111880523

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA