എസ് ക്രോസ് വാങ്ങാൻ ചില കാരണങ്ങൾ

ഇന്ത്യയിൽ 35 കൊല്ലത്തെ പ്രവർത്തനം പൂർത്തിയാക്കുന്ന മാരുതി സുസുക്കി വലിയൊരു മാറ്റത്തിനു തുടക്കമിടുന്നു. പ്രീമിയം കാറുകൾക്കു മാത്രമായി വിൽപനശൃംഖല: നെക്സ. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഈ ശൃംഖലയിൽ തുടക്കമിടാനായി ഒരു കാർ: എസ് ക്രോസ്.

∙ എന്താണ് നെക്സ: മാരുതി വിൽപന വിഭാഗം എക്സിക്യുട്ടിവ് ഡയറക്ടർ ആർ എസ് ഖൽസി ഇങ്ങനെ വിശദീകരിക്കുന്നു. മാരുതി ഇന്ത്യയിലെത്തിയ കാലമല്ല ഇന്ന്. ജീവിതനിലവാരം ഉയർന്നു. പതിവായി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയും അത്താഴം കഴിക്കുകയും ചെയ്യുന്ന തലമുറയാണിത്. മുന്തിയ വസ്ത്രങ്ങളും ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നവർ. ബാങ്കിൽച്ചെന്നാൽ ഇവർക്ക് സേവനം നൽകാൻ വ്യക്തിഗത ബാങ്കറുണ്ടായിരിക്കും. ജീവിതത്തിൻറെ ഒരോ തുറയിലും ഇത്തരം ആഡംബരങ്ങൾ ആസ്വദിക്കുന്ന ഇവർക്കായാണ് നെക്സ. ലാളിത്യമാണ് നെക്സ ഷോറൂം. കറുപ്പും വെളുപ്പും നിറങ്ങൾ. കാറുകൾ മാത്രമാണ് വ്യത്യസ്ത നിറത്തിൽ കാണാനാവുക. വിൽപന മുതൽ സർവീസിൻറെ ഒരോ ഘട്ടങ്ങൾ വരെ വ്യക്തിഗത സെയിൽസ് എക്സിക്യൂട്ടിവ് സഹായത്തിനുണ്ട്. പൂർണമായും പുതിയ സ്റ്റാഫ് നിരയാണിത്. ഇവരുടെ വേഷവിധാനങ്ങളും പ്രീമിയം. ഷോറൂമിൽ ഡീലർഷിപ് പേരുണ്ടാവില്ല. മാരുതി സുസുക്കി നെക്സ എന്നാണ് ബ്രാൻഡിങ്. തുടക്കത്തിൽ 40 ഷോറൂമുകൾ. ഒരു കൊല്ലം കൊണ്ട് 200. തുടക്കത്തിൽ നെക്സ ഷോറൂമിൽ എസ് ക്രോസ് മാത്രമേയുള്ളൂ. കൂടുതൽ കാറുകൾ വരാനിരിക്കുന്നു.

നെക്സ ഷോറൂമിന്റെ മാതൃക

∙ എന്താണ് എസ് ക്രോസ്: നെക്സ ഷോറൂമിൽ ആദ്യമായെത്തുന്ന മാരുതിയുടെ പ്രീമിയം കാർ. ജനങ്ങളുടെ കാർ മാത്രമല്ല ആഡംബര കാറുകളും ഞങ്ങൾക്കുണ്ട് എന്ന് പ്രഖ്യാപിക്കാനെത്തുന്ന വാഹനം. വിദേശങ്ങളിൽ പണ്ടേയുള്ള എസ് എക്സ് ഫോർ ഹാച്ച്ബാക്കിൻറെ ഏറ്റവും പുതിയ ക്രോസ് ഓവർ രൂപം. ഫിയറ്റ് അവൻച്യുറ, പോളോ ക്രോസ്, എെ 20 ആക്ടീവ് എന്നിവയോട് നേരിട്ട് എതിരിടാനായുള്ള മാരുതി. വലുപ്പത്തിലും വിഭാഗത്തിലും എതിരാളികളെക്കാൾ ഒരു പടി മുന്നിൽ. കാരണം പോളോയിലും വലിയ ഗോൾഫിനൊപ്പവും പുന്തൊയ്ക്കു മുകളിലുള്ള ബ്രാവോയോടും എെ 30 യോടും കിടപിടിക്കുന്ന വണ്ടിയാണ് എസ് എക്സ് ഫോർ ഹാച്ച്.

∙ കാഴ്ചയിൽ എങ്ങനെ: എതിരാളികളെക്കാൾ വലുപ്പം കൂടുതലുള്ളതുകൊണ്ട് എസ് ക്രോസിന് മിനി എസ് യു വികളുമായും മത്സരിക്കാം. ക്രേറ്റ, ഡസ്റ്റർ, ടെറാനോ, ഇക്കൊസ്പോർട്ട് എന്നിവയൊക്കെ എസ് ക്രോസിൻറെ എതിരാളികളാണ്. പ്രത്യേകതകൾ. വലിയ ഗ്രിൽ, ബോണറ്റ്. എസ് യു വിയോടു കിടപിടിക്കും. വെള്ളിനിറമുള്ള സ്കിഡ്പ്ലേറ്റുകൾ. ബോഡി ക്ലാഡിങ്. വശങ്ങളിൽ വളരെ ശക്തമായ ക്യാരക്ടർ ലൈനുകൾ. ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള ഹെഡ്ലാംപ്. റൂഫ് റെയിൽ. 16 ഇഞ്ച് അലോയ്. രൂപം സ്പോർട്ടിയാണ്. എന്നാൽ പിന്നിൽ ഒരു സ്റ്റെപ്പിനി മൗണ്ടു കൂടിയുണ്ടായിരുന്നെങ്കിൽ എസ് ക്രോസ് കുറെക്കൂടി എസ് യു വി ആയേനേ.

Interior

∙ ഉൾവശം കൊള്ളാമോ: കറുപ്പു നിറത്തിലുള്ള എസ് ക്രോസ് ഉൾവശം ഏതു മാരുതിയെക്കാളും മികച്ചത്. ക്രോമിയം ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്. ആംഡബരകാറുകളുമായി താരതമ്യമാവാം. എന്നാൽ കറുപ്പായതിനാൽ ഉള്ളിൽ തെല്ലു സ്ഥലക്കുറവുണ്ടെന്ന തോന്നലുണ്ടാകുന്നു. 330 ലീറ്റർ ബൂട്ട്. വലിയ ലെതർ സീറ്റുകൾ. ഈ വിഭാഗത്തിൽ ഏറ്റവുമധികം പിൻ ലെഗ്റൂം. സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ്. വലുപ്പം കുറഞ്ഞ, സ്പോർട്ടി സ്റ്റിയറിങ്. മടക്കാവുന്ന വിങ് മിറർ. ഓട്ടമാറ്റിക് ഹെഡ്ലാംപ്. മഴവന്നാൽ തനിയെ ഓണാകുന്ന വൈപ്പർ. പ്രീമിയം ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. നാവിഗേഷൻ. ഫോൺ ഇൻറഗ്രേഷൻ. ടെലസ്കോപിക് ക്രമീകരണമുള്ള സ്റ്റീയറിങ്.

∙ ഡ്രൈവിങ് എങ്ങനെ: ഫിയറ്റ് 1.6 മൾട്ടിജെറ്റ് ഇന്ത്യയിൽ ആദ്യമെത്തിക്കുന്ന കാർ എന്ന നേട്ടം എസ് ക്രോസിന്. 1.3 എൻജിനുമുണ്ട്. രണ്ടും ഡീസൽ. പെട്രോൾ ഇപ്പോഴില്ല. ഹ്യുണ്ടേയ് ക്രേറ്റയുമായാണ് താരതമ്യമെങ്കിൽ ഓട്ടമാറ്റിക് ഗീയർബോക്സില്ല. ഇന്ത്യയിലെ പ്രശസ്ത വൈൻ നിർമാതാക്കളായ സുലയുടെ മുന്തിരിത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമീണവഴികളും മുംബൈ നാസിക് എക്സ്പ്രസ് പാതയുമാണ് എസ് ക്രോസ് പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. എസ് ക്രോസ് തിളങ്ങി. 120 ബി എച്ച് പിയും 320 എൻ എം ടോർക്കുമായി 1.6 ഈ വിഭാഗത്തിലെ ഏറ്റവും കരുത്തനാകുന്നു. പൂജ്യത്തിൽ നിന്ന് 100 വരെ വെറും 11.3 സെക്കൻഡ്. ആറു സ്പീഡ് ഗീയർബോക്സ്. എ ബി എസും നാലു വീലുകൾക്കും ഡിസ്ക് ബ്രേക്കും. ഡിസ്ക് ബ്രേക്ക് നാലു വീലുകൾക്ക് വിഭാഗത്തിൽ മറ്റൊരു കാറിനുമില്ല. എസ് ക്രോസ് നല്ലൊരു റാലി കാറിനൊത്ത പ്രകടനം തരും. ബോണസായി 22.7 കിലോമീറ്റർ ഇന്ധനക്ഷമതയും. 1.3 മോഡൽ 90 ബി എച്ച് പിയുമായി തൊട്ടു പിന്നിൽ തിളങ്ങി നിൽക്കുന്നു.

∙ യാത്ര സുഖകരമോ: മികച്ച തുകൽ സീറ്റുകളും ആവശ്യത്തിനു ലെഗ്റൂമും യാത്രാസുഖം ഉയർത്തുന്നു. സസ്പെൻഷൻ എല്ലാ സ്പോർട് കാറുകളെയും പോലെ തെല്ല് കട്ടി കൂടിയതാണ്. നല്ല റോഡ് പ്രതലങ്ങളിൽ ഇതൊരു പ്രശ്നമേയല്ല.

∙ എസ് ക്രോസ് വാങ്ങണോ: വില പ്രഖ്യാപനം വരുന്നതേയുള്ളു. മറ്റു കാര്യങ്ങൾ വച്ചു തീരുമാനമെടുത്താൽ മിനി എസ് യു വിയോ സൂപ്പർ പ്രീമിയം ക്രോസ്ഓവറോ നോക്കുന്നവർക്ക് എസ് ക്രോസ് ആവാം. മാരുതിയുടെ പാരമ്പര്യവും വിൽപനാനന്തര സേവനമികവും കൂടി പരിഗണിച്ചാൽ എസ് ക്രോസ് പത്തിൽ ഒൻപതു മാർക്കും നേടും.