ഭാഗ്യതാരമായി ഫോർച്യൂണർ

Toyota Fortuner

ഓൾ ടൈം ഫോർ വീൽ ഡ്രൈവായാൽ എന്താണു പ്രശ്നം? ഒരു പ്രശ്നവുമില്ല, ഗുണങ്ങൾ പലതുണ്ട്. ഒന്ന്. കൃത്യമായ ഹാൻഡ്ലിങ്. എത്ര വളവിലും തിരിവിലും കൂടിയ വേഗത്തിലും വാഹനം കൈക്കിണങ്ങി നിൽക്കും. മുൻ വീൽ ഡ്രൈവ് വാഹനങ്ങൾ വാലിട്ടടിച്ച് പിന്നിലിരിക്കുന്ന യാത്രികരെ വട്ടം ചുറ്റിക്കുമ്പോൾ നാലു വീൽഡ്രൈവിൻറെ സുഖം എന്താണെന്നു വളവും തിരിവുമുള്ള റോഡിൽ നേരിട്ട് അനുഭവിച്ചറിയുക. രണ്ട്: ഓഫ് റോഡിങ് ശേഷി. ഏതു ദുർഘടത്തിലും ഓടിച്ചങ്ങുപോകാം. ആകെയുള്ള ദോഷം കുറഞ്ഞ ഇന്ധനക്ഷമത.

ഇനിയുമുണ്ട് ചോദ്യങ്ങൾ. ചോദ്യം ഒന്ന്: ടാറ്റാ നാനോ കഴിഞ്ഞാൽ ഇന്ത്യയിലിന്ന് ഏറ്റവുമധികം ബുക്കിങ് കാത്തിരിപ്പുവേണ്ട വാഹനമേത് ? ടൊയോട്ട ഫോർച്യൂണർ. ഇൻസ്റ്റൻറ് സക്സസ്. എസ് യു വികളെപ്പറ്റി അറിയാവുന്നവർ ഇത്രനാളും കാത്തിരുന്ന വാഹനം. ഇപ്പോൾ ബുക്ക് ചെയ്താൽ ഇന്നത്തെ സ്ഥിതിയനുസരിച്ച് അടുത്തകൊല്ലം ഇതേ സമയം ഫോർച്യൂണർ വീട്ടിലെത്തും.

ചോദ്യം രണ്ട്: അരക്കോടി മുടക്കി ലാൻഡ് ക്രൂസറും ലെക്സസുമൊക്കെ വാങ്ങാൻ മടിക്കുന്ന ടൊയോട്ട ഭ്രാന്തന്മാർക്ക് ഏതാണ്ടത്ര തന്നെ ജാഡയും ചന്തവുമുള്ള വണ്ടി കിട്ടാൻ വേറെയെന്തുണ്ട് വഴി ? കണ്ടാൽ ലാൻഡ് ക്രൂസർ പോലെ തോന്നിക്കുന്ന, ടൊയോട്ടയുടെ ലോഗോയുള്ള, ഫോർച്യൂണർ. പ്രൈസ് ടാഗ് 20 ലക്ഷത്തിൽത്താഴെ. ഷാസിയിൽ ബോഡിയുറപ്പിച്ച, താരതമ്യേന വിലക്കുറവുള്ള പഴയതലമുറ എസ് യു വികളിൽ ഫോഡ് എൻഡവറിനും മിത്സുബിഷി പജീറൊയ്ക്കും തനി നാടൻ ടാറ്റാ സഫാരിക്കുമൊക്കെ ഭീഷണിയാകുന്ന ഫോർച്യൂണറിൻറെ ടെസ്റ്റ്ഡ്രൈവിലേക്ക്.

ൎ∙ രൂപകൽപന: ഗൾഫ് മലയാളികൾക്ക് സുപരിചിതമായ ടൊയോട്ട ഹൈലക്സ് ട്രക്ക് പ്ലാറ്റ്ഫോമിലാണ് നിർമാണം. ഇതേ എെ എം വി സീരീസിൽപ്പെട്ട പ്ലാറ്റ്ഫോമിലാണു ഇന്നോവയുടെയും നിർമാണം. രണ്ടു ടണ്ണോളം തൂക്കം വരുന്ന ഫോർച്യൂണറിൻറെ മുഖമുദ്ര വലുപ്പം തന്നെ. വലിയ ട്വിൻ ഹെഡ്ലാംപും നീണ്ട ബോണറ്റും അതിനു മുകളിലെ ഇൻറർകൂളർ വെൻറും താരതമ്യേന ചെറിയ ഗ്രില്ലും വലുപ്പം എടുത്തുകാട്ടും. ബമ്പറുകളും അതോട് ചേർന്നു പോകുന്ന വീൽ ആർച്ചുകളും അസാധാരണ വലുപ്പമുള്ള 265—65 ആർ 17 ഡൺലപ് ഗ്രാൻഡ് ട്രെക് സ്നോ ആൻഡ് മഡ് ടയറുകളുമാണ് ഫോർച്യൂണറിന്.

221 മീ മീ ഗ്രൗണ്ട് ക്ലിയറൻസ്. സ്പെയർവീൽ പിൻ ഹാച്ച് ഡോറിലല്ല, പകരം ബസുകളിലേതുപോലെ താഴെ ബോഡിയിൽ. ഉയരത്തിലുള്ള റണ്ണിങ്ബോർഡും റൂഫ് റെയിലിങ്ങുകളുമാകുമ്പോൾ എസ് യു വി രൂപം പൂർത്തിയായി. ഏറ്റവും പിന്നിലെ നിര ഗ്ലാസ് വിൻഡോയ്ക്ക് വ്യത്യസ്തമായ രൂപം. ചിത്രങ്ങളിൽ സഫാരിയുമായി വിദൂരഛായ തോന്നുമെങ്കിലും നേർക്കാഴ്ചയിൽ അങ്ങനെയില്ല.

ൎ∙ ഉൾവശം: ഹാൻഡിലിൽ പിടിച്ച് ഫുട്ബോർഡിൽ ചവുട്ടി ഡ്രൈവർ സീറ്റിൽ കയറിപ്പറ്റിയാൽ രക്ഷപ്പെട്ടു. മറ്റു കാറുകളെക്കാളും എസ് യു വികളെക്കാളും ഉയരത്തിലാണ് ഇരിപ്പ്. എന്നാൽ ഹാൻഡിൽ ഉള്ളിലേക്കുള്ള കയറ്റം അനായാസമാക്കുന്നു. വലിയ മൂന്നു നിര സീറ്റുകൾ. ഒറ്റനോട്ടത്തിൽ ഇന്നോവയയെ അനുസ്മരിപ്പിക്കുന്ന ഉൾവശത്തിനു വാഹനത്തിൻറെ വലുപ്പത്തിനൊത്ത സ്ഥലസൗകര്യമുണ്ട്. ഡാഷ് ബോർഡ് രൂപകൽപനയും സ്റ്റിയറിങ്ങുമാണ് ഇന്നോവ ഫീലിങ്ങിനു പിന്നിൽ. ഇന്നോവ രൂപമുണ്ടെങ്കിലും നിലവാരത്തിൽ മികവുണ്ട്. പ്ലാസ്റ്റിക് ഘടകങ്ങളടക്കം എല്ലാം ടോപ് ക്ലാസ്. ഓഡിയോ സിസ്റ്റത്തിൽ ഓൺബോർഡ് കംപ്യൂട്ടർ സ്ക്രീനുമുണ്ട്. ബ്രഷ്ഡ് അലൂമിനിയം വലയങ്ങളുള്ള ഡയലുകൾക്ക് നല്ല വിസിബിലിറ്റി. ധാരാളം സ്റ്റോറേജ്. മുൻ സീറ്റുകൾക്ക് ഇടയിൽ വലിയൊരു പെട്ടിതന്നെയുണ്ട്. ഡോർപോക്കറ്റുകളും വലുതാണ്. ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ് ഇന്നോവയിൽ നിന്നു നേരിട്ട് എടുത്തു വച്ചിരിക്കുന്നു.

മാനുവൽസീറ്റ് അഡ്ജസ്റ്റ്മെൻറ്. രണ്ട് എയർ ബാഗും എ ബി എസും അടക്കം സുരക്ഷാ ഏർപ്പാടുകൾ. റിച്ച്നെസ് നൽകുന്ന ലെതർ സീറ്റുകൾ സ്റ്റാൻഡേർഡ്. മധ്യത്തിലെയും പിന്നിലെയും സീറ്റുകൾക്ക് സുഖകരമായ ഇരിപ്പ്. ബൂട്ട് സ്പേസ് കാര്യമായില്ല. എന്നാൽ രണ്ടു നിര സീറ്റുകൾ പലരീതിയിൽ മറിച്ചിട്ടാൽ യാത്രക്കാരുടെ എണ്ണമനുസരിച്ച് സ്ഥലമുണ്ടാക്കാം.

ൎ∙ ഡ്രൈവിങ്, യാത്ര: 2982 സി സി നാലു സിലണ്ടർ ഇൻലൈൻ കോമൺറെയിൽ ടർബോ ഡീസൽ ചില്ലറക്കാരനല്ല. 168 ബി എച്ച് പിയും 35 കെ ജി എം ടോർക്കും. വാഹനത്തിൻറെ രണ്ടു ടൺ ഭാരം കണക്കാക്കിയാലും ടണ്ണിന് 85.93 ബി എച്ച് പിയും 17.90 ടോർക്കുമുണ്ട്. ധാരാളം. പൂജ്യത്തിൽ നിന്നു 100 കി മിയെത്താൻ 12.74 സെക്കൻഡ് എന്നതു മോശം കണക്കല്ലതാനും. എൻജിൻറെ വലുപ്പവും കരുത്തും ഗിയർ റേഷ്യോയുടെ മികവും കാരണം വളരെക്കുറച്ചു ഗിയർഷിഫ്റ്റ് മതി സാധാരണ ഉപയോഗങ്ങൾക്ക്.

ഇന്നോവ പോലെ നീണ്ട ത്രോയുള്ള കൃത്യമായ ഷിഫ്റ്റ്. 1500 — 4000 ആർ പി എം ബാൻഡിൽ സുഗമമായി ലഭിക്കുന്ന ശക്തി ഡ്രൈവിങ് സുഖകരമാക്കുന്നു. എൻജിൻ ശബ്ദവും തീരെക്കുറവാണ് റോഡ് ഡ്രൈവിങ്ങിൽ. താരതമ്യേന കുറഞ്ഞ ആർ പി എമ്മിൽ കൂടുതൽ വേഗമാർജിക്കാനുള്ള കരുത്താണ് കാരണം. ഇന്ധനക്ഷമത ലീറ്ററിന് 13 വരെ പ്രതീക്ഷിക്കാം.

പുതുതലമുറ എസ് യു വികളിൽ നിന്നു വ്യത്യസ്തമായി ഫോർ വീൽ ഡ്രൈവ് എൻഗേജ്മെൻറും ഹൈ—ലോ സെലക്ഷനും ചെറിയൊരു ലിവറിലാണ് സാധ്യമാവുക. സ്വിച്ചിട്ട് ഇക്കാര്യങ്ങൾ സാധിക്കുന്നതിലും ഫീൽ കിട്ടുന്നത് ലിവറിലൂടെയാണെന്നാവാം ടെയോട്ടയുടെ തീരുമാനം.

യാത്രാസുഖം കാറിനൊപ്പം വരില്ല. എന്നാൽ മോശം റോഡുകളിലും കാറുകളെക്കാൾ വളരെ വേഗത്തിൽ സുഖമായി സഞ്ചരിക്കാം. വലുപ്പവും വലിയ ടയറുകളുമാണു കാരണം, സസ്പെൻഷൻ മികവല്ല. ഹാൻഡ്ലിങ്ങും മോശമല്ല. വലുപ്പം കൂടുതലുണ്ടെങ്കിലും കാഴ്ചയ്ക്കു തടസ്സമില്ല, സ്റ്റീയറിങ്ങും ബ്രേക്കും റെസ്പോൺസീവ്. വലിയൊരു വണ്ടിയിലിരിക്കുന്നതിൻറെ ആത്മവിശ്വാസത്തിൽ പായാം. എന്നാൽ ചെറിയൊരു കാറോടിക്കുന്ന പ്രതീതിയേയുള്ളൂ.

∙ വില: 18.42 ലക്ഷം

∙ ടെസ്റ്റ്ഡ്രൈവ്: നിപ്പോൺ ടൊയോട്ട, 9847086007