കായൽസൗന്ദര്യം ആസ്വദിച്ച് ആരോഗ്യം സംരക്ഷിക്കാം

കായൽ സൗന്ദര്യം ആസ്വദിക്കാം, ഒപ്പം ശരീരത്തെ ഒരു വർഷക്കാലത്തേക്ക് 'റീ ചാർജും' ചെയ്യാം. താൽപര്യമുളളവർക്കു കുമരകത്തെ കെടിഡിസി വാട്ടര്‍സ്കേപ്സിൽ പോകാം. കർക്കടകത്തെ കമനീയമാക്കാൻ ഒരു ദിവസം മുതൽ അഞ്ചു ദിവസം വരെയുള്ള ആയുർവേദ പാക്കേജുകളുമായി കെടിഡിസിയും ശാന്തിഗിരി ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടന്മാരുമാണ് രംഗത്ത്.

അഭ്യംഗം, സ്വേദനം, ഞവരക്കിഴി, ശിരോധാര, ഇലക്കിഴി, ഞവര മുഖലപേനം, നേത്രധാര, പൊടിക്കിഴി എന്നീ ചികിൽസാ‌ വിധികൾ വിവിധ പാക്കേജുകളിൽ ലഭ്യമാണ്. മൂന്ന് ദിവസത്തെ പാക്കേജിനു 16,560 രൂപയും അഞ്ച് ദിവസത്തെ പാക്കേജിനു 24,600 രൂപയുമാണ് നികുതികൾക്ക് പുറമേയുള്ള നിരക്ക്. പ്രധാന ചികിത്സാ വിധികൾ ഉൾപ്പെടുത്തി‌യ 7,990 രൂപയുടെ സ്പെഷൽ പാക്കേജിന്റെ ദൈർഘ്യം ഒരു രാത്രിയും രണ്ട് പകലുമാണ്.

ആയുർവേദ ചികിൽസയ്ക്ക് സമയമില്ലെങ്കിൽ കുറഞ്ഞ ചെലവിൽ കുമരകത്തിന്റെ മനോഹാരിത ആസ്വദിക്കാനുള്ള 'ഡേ ഒൗട്ട്' പാക്കേജിനു 750 രൂപയും നികുതിയും വരും. വെൽക്കം ഡ്രിങ്ക്, രണ്ടു നോൺ - വെജ് വിഭവങ്ങൾ അടങ്ങിയ ഉൗണും വൈകീട്ടത്തെ ചായയും 'ഡേ ഒൗട്ട്' പാക്കേജിൽ ഉൾപ്പെടും. ഇതിനു പുറമേ ബോട്ടിൽ കായൽ സവാരിയും പക്ഷിസങ്കേതം സന്ദർശനവും ഒപ്പം നീന്തൽ കുളം ഉപയോഗിക്കാനുളള അവസരവും 'ഡേ ഒൗട്ട്' പാക്കേജിന്റെ മുഖ്യ ആകർഷണമാണ്.

'ഡേ ഒൗട്ട്' പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് ശാന്തിഗിരി ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടന്മാരുടെ ആരോഗ്യ മാർഗനിർദ്ദേശങ്ങളും ലഭ്യമാണ്. ഡോക്ടന്മാരുടെ നിർദ്ദേശാനുസരണം അനുയോജ്യമായ റിലാക്സേഷൻ മസാജ് പ്രത്യേക നിരക്കിൽ തിരഞ്ഞെടുക്കാം.

വിശദവിവരങ്ങൾക്ക് : 0481–2527650, 9400008620, 9400008621