ഭക്ഷണം അഞ്ചുതരം!

അഞ്ചു തരത്തിലുള്ള ഭക്ഷണങ്ങളാണ് ഉള്ളതെന്ന് ആയുർവേദം പറയുന്നു. കടിച്ചു തിന്നാനുള്ളത്,ചോറുപോലെ കുഴച്ചു തിന്നാനുള്ളത്, കുടിക്കാനുള്ളത്, നക്കിത്തിന്നാനുള്ളത്, ചവച്ച് ഊറിക്കുടിക്കാനുള്ളത്. ശാസ്ത്രം പറയുംവിധം കട്ടിയുള്ള ആഹാരം കടിച്ചു തന്നെ കഴിക്കണം. ചോറുപോലെയുള്ള ആഹാരങ്ങൾ ഭോജിക്കുകയാണ്. അവയാണ് കുഴച്ചു കഴിക്കേണ്ട ആഹാരം. പാനീയം കുടിക്കുവാനുള്ളത്. ലേഹ്യം, അച്ചാർ തുടങ്ങിയവ നക്കി തിന്നാനുള്ളതാണ്. കരിമ്പു പോലെയുള്ള ആഹാരമാണ് ചവച്ചരച്ച് ഊറിക്കുടിക്കുവാനുള്ളത്. മേൽപറഞ്ഞ രീതിയിൽ കഴിച്ചാൽ മാത്രമെ ഓരോന്നിന്റെയും രുചിയറിഞ്ഞ് കഴിക്കാനാകൂ. അച്ചാറ് ചോറിൽ കുഴച്ചു കഴിക്കുന്നതും, കരിമ്പ് ജ്യൂസടിച്ച് കുടിക്കുന്നതും ആഹാരവിധിപ്രകാരം ശരിയല്ല. അവയ്ക്കെല്ലാം പ്രകൃതി കൊടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങളാണ്. ചവച്ച് ഊറിക്കുടിക്കുമ്പോൾ രുചി മാത്രമല്ല, പല്ലുകളുടെ ബലം കൂടിയാണ് ഉറപ്പാക്കുന്നത്.