രോഗപ്രതിരോധത്തിന് സുഗന്ധവ്യജ്ഞനങ്ങൾ

പല രോഗങ്ങളുടെയും ശമനത്തിന് ചില ഒറ്റമൂലി പ്രയോഗങ്ങൾ പണ്ടു മുതൽക്കേ നിലവിലുണ്ടായിരുന്നു. ഇപ്പോഴും അത് പിന്തുടരുന്നവരും കുറവല്ല. നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ നല്ല ഒറ്റമൂലികളാണ്. ഇവയ്ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം.

ജലദോഷത്തിന്

ഒരു ടീസ്പൂൺ തേനിനൊപ്പം അൽപം കറുകപ്പട്ട പൊടി ചേർത്ത് കഴിക്കുന്നത് ജലദോഷത്തിന് ആശ്വാസം നൽകും. ഒരു കപ്പ് ചായയോടൊപ്പം കുറച്ച് ഇഞ്ചി, ഗ്രാമ്പു, വയണയില, കുരുമുളക് എന്നിവ കൂടിച്ചേർത്ത് ദിവസം രണ്ടു തവണ കഴിക്കുന്നതും ഉത്തമമാണ്. തിളയ്ക്കുന്ന വെള്ളത്തിൽ അൽപം ഇഞ്ചിയിട്ട് ആവശ്യത്തിന് പഞ്ചസാരയും പാലും ചേർത്ത് തയാറാക്കുന്ന മിശ്രിതം ചൂടോടു കൂടി രണ്ടു നേരം കുടിക്കുന്നത് ജലദോഷം ശമിക്കാൻ ഉത്തമമാണ്.

വരണ്ട ചുമ

തേനിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നത് വരണ്ട ചുമയ്ക്ക് ആശ്വാസം നൽകും. ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്.

മൂക്കടപ്പ്

മൂക്കടപ്പ് മാറാൻ അയമോദകം ചതച്ച് ചെറിയ കിഴികെട്ടി അത് ദീർഘ നേരം മണപ്പിക്കുക.

തൊണ്ടവേദന

തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം, കുറച്ച് ചുക്ക് എന്നിവ ചേർത്ത് ചെറുതീയിൽ കുറച്ചു വറ്റിക്കുക. ഇളം ചൂടോടു കൂടി ദിവസം രണ്ടു നേരം ഇതു കുടിച്ചാൽ തൊണ്ടവേദന, ജലദോഷം എന്നിവയ്ക്ക് ആശ്വാസം നൽകും.

കൊളസ്ട്രോൾ

കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ ഇഞ്ചി, മല്ലി എന്നിവ ചേർത്ത് ഒന്നോ രണ്ടോ ഗ്ലാസ് എന്ന കണക്കിനു വറ്റിക്കുക. ഇത് രാവിലെ ാഹാരത്തിനു മുൻപും രാത്രിയിലും കുടിക്കുക. മഞ്ഞളും കൊളസ്ട്രോളിന് ഉത്തമമാണ്. റാഡിഷ് ജ്യൂസ് ദിവസവും രണ്ടു നേരം കുടിക്കുന്നതും കൊളസ്ട്രോൾ കുറയാൻ സഹായകമാണ്.

ഛർദ്ദി

രണ്ടോ മൂന്നോ ഏലയ്ക്ക വറുത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ഛർദ്ദി ഒഴിവാകും. ഒരു ടേബിൾ സ്പൂൺ മിന്റ് ജ്യൂസും ഒരു ടേബിൾ സ്പൂൺ ലൈംജ്യൂസും ഒരു ടീ സ്പൂൺ ജിഞ്ചർ ജ്യൂസും ചേർത്ത് കുടിക്കുക.

തലവേദന

രാവിലെ ആഹാരത്തിനു മുൻപ് ആപ്പിൾ ഉപ്പു ചേർത്ത് കഴിച്ചാൽ തലവേദനയ്ക്ക് ആശ്വാസം ലഭിക്കും. കറുവാപ്പട്ട കുഴമ്പു രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുന്നതും ആശ്വാസം നൽകും.

വാതം

മഞ്ഞൾ സന്ധിവാത്തതിന് ആശ്വാസം എന്ന നിലയിൽ ആന്റി ഇൻഫ്ലമേറ്ററി ആയി ഉപയോഗിച്ചു വരുന്നു. ചൂട് പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതും ഉപകാരപ്രദമാണ്.

ഹൃദയാരോഗ്യത്തിന്

മഞ്ഞളിന്റെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ബ്ലഡ് സർക്കുലേഷൻ സുഗമമാക്കുന്നതിനും ഹൃദയരോഗങ്ങളും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദഹനക്കേടിന്

അൾസർ, വയറുകടി തുടങ്ങി ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് മഞ്‍ൾ. ഇതു നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു കൂടാതെ ചൂടു പാലിൽ ചേർത്തു കഴിക്കാവുന്നതുമാണ്.

ഇക്കിൾ

ഒരു ചെറിയ നാരങ്ങ മുറിച്ച് അതിൽ അൽപം ഉപ്പ്, പഞ്ചസാര, കുരുമുളകു പൊടി എന്നിവ ചേർത്തു കഴിക്കുക. ഇക്കിൾ മാറി കിട്ടും.

മൈഗ്രെയ്ൻ

ചൂടു പാലിൽ ഒരു ടീസ്പൂൺ കുരുമുളകു പൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് രണ്ടു നേരം കുടിക്കുന്നത് ഗുണം ചെയ്യും. ദിവസവും പാലിനൊപ്പം നാലോ അഞ്ചോ ബദാം കഴിക്കുന്നത് തലവേദനയ്ക്കു പരിഹാരമാണ്.

പ്രമേഹം

ഒരു കപ്പ് പാവയ്ക്ക ജ്യൂസിനൊപ്പം ഒരു ടേബിൾ സ്പൂണ്‍ നെല്ലിക്ക ജ്യൂസ് ചേർത്ത് കുടിക്കുക. രാവിലെ ആഹാരത്തിനു മുൻപ് നെല്ലിക്കജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കും.

മുറിവിന്

ശരീരത്തിൽ എന്തെങ്കിലും മുറിവ് പറ്റിയാൽ അവിടെ അൽപം മഞ്ഞൾപ്പൊടി പുരട്ടുക. ഇത് ബ്ലീഡിങ് തടയാൻ സഹായിക്കുന്നു.

ചുളിവ്

ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ചുളിവ്. അൽപം ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് ഇതിൽ നിന്നും ഏറെക്കുറേ പരിഹാരം നേടാൻ സാധിക്കും. ദിവസവും രാവിലെ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഉത്തമാണ്. അര മണിക്കൂർ കഴിഞ്ഞ് കുളിക്കുക. മഞ്ഞു കാലത്ത് ഇങ്ങനെ ചെയ്താൽ ശരീരത്തിൽ ഉണ്ടാകുന്ന പൊരിച്ചിൽ മാറ്റാനും സഹായിക്കും.

ആസ്മ

അയമോദകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവികൊള്ളുന്നത് ആസ്മയ്ക്ക് ആശ്വാസം നൽകും.

നടുവേദന

ഇഞ്ചി അരച്ച് നടുവിൽ പുരട്ടി മസാജ് ചെയ്യുന്നത് നടുവേദനയ്ക്ക് ആശ്വാസം നൽകും.

രക്തസമ്മർദ്ദം

രാവിലെ ഉണർന്ന ഉടൻ ഇളംചൂടുവെള്ളത്തോടൊപ്പം ഓന്നോ രണ്ടോ വെളുത്തുള്ളി അല്ലികൾ കൂടി കഴിക്കുക. ഒരു ടേബിൾ സ്പൂൺ തേൻ ഒരു ടേബിൾ സ്പൂൺ ഇഞ്ചിനീരും ഒരു ടേബിൾ സ്പൂൺ ചതച്ച ജീരകവും ചേർത്ത് ദിവസം രണ്ടുതവണ കഴിക്കുക. രക്തസമ്മർദ്ദം കുറയുന്നതു കാണാം.

ഇപ്പോൾ മനസിലായില്ലേ നമ്മുടെ സുഗന്ധവ്യജ്ഞനങ്ങൾ നിസാരക്കാരല്ലെന്ന്!