ദീര്‍ഘായുസിനു ദിനചര്യകള്‍

ആരോഗ്യപൂര്‍ണമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യകള്‍. ഈ അടിസ്ഥാനചര്യകള്‍ പാലിക്കുന്നതോടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താളം കൈവരും. അതോടെ ടെന്‍ഷനും രോഗങ്ങളും അകലും.

രാവിലെ ഉണരുന്നതു മുതല്‍ രാത്രി കിടക്കും വരെയുള്ള കാര്യങ്ങളാണ് ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചര മുതല്‍ ആറര വരെയുള്ള സമയമാണ് ഉണരാന്‍ അഭികാമ്യമാണ്. തുടര്‍ന്നു മലവിസര്‍ജനം, പല്ലുതേയ്ക്കല്‍, കുളി എന്നിവ നടത്താം.

പല്ലിന്റെ ആരോഗ്യത്തിന്

ആയുര്‍വേദ ചൂര്‍ണങ്ങളോ ആര്യവേപ്പിന്‍ കമ്പു ചതച്ചതോ ഉപയോഗിച്ചു പല്ലു തേയ്ക്കുന്നത് ഉത്തമമാണ്. എള്ള് അരച്ചു ചൂടുവെള്ളത്തില്‍ കലക്കി കവിള്‍ കൊള്ളുന്നതും നല്ലതാണ്. കര്‍പ്പൂരതൈലം, കരയാമ്പു, ജാതിക്ക തുടങ്ങിയവയും ദന്തശുചീകരണത്തിനു നല്ലതു തന്നെ.

തിളങ്ങും ചര്‍മത്തിനു തേച്ചുകുളി

തൈലമോ എണ്ണയോ തേച്ചുള്ള കുളിയാണ് ഉത്തമം. നല്ലെണ്ണ, നാല്‍പാമരാദി വെളിച്ചെണ്ണ, ധന്വന്തരം തൈലം എന്നിവയെല്ലാം തേച്ചുകുളിക്കാന്‍ പൊതുവായി ഉപയോഗിക്കാവുന്നതാണ്. തലയിലും ഉള്ളം കാലിലും ചെവിക്കുടന്നയിലും എണ്ണ തേച്ചു മസാജ് ചെയ്യണം. എണ്ണ തേച്ചു 20-30 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. നിത്യവും ഇങ്ങനെ ചെയ്താല്‍ നല്ല ഉറക്കം കിട്ടും. ക്ഷീണം മാറും. ഉത്സാഹം വര്‍ധിക്കും. ലൈംഗികശക്തിക്കും ഉത്തമം. വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ ശരീരത്തില്‍ എണ്ണ പുരട്ടി തിരുമ്മിയശേഷം ചെയ്യാം. വിയര്‍ത്താല്‍ വിയര്‍പ്പാറിയേ കുളിക്കാവൂ. ഇളം ചൂടുവെള്ളത്തിലാണു കുളിക്കേണ്ടത്. തേച്ചു കുളിക്കാന്‍ സോപ്പിനു പകരം പയറുപൊടിയോ കടലമാവോ ഉപയോഗിക്കാം. ഇതു ത്വക്കിനു തിളക്കവും മൃദുത്വവും നല്‍കും. തല തണുത്ത വെള്ളത്തിലേ കഴുകാവൂ.

കരുതല്‍ കണ്ണു മുതല്‍ പാദം വരെ

ദിവസവും രണ്ടുതുള്ളി അണുതൈലം മൂക്കിലൊഴിക്കുന്നതു നല്ലതാണ്. ഇതു ശ്വാസകോശരോഗങ്ങളും കഫവും അകറ്റും. ഇതിനു ശേഷം ചെറുചൂടുവെള്ളം കവിള്‍ കൊള്ളുന്നതു കഫം പൂര്‍ണമായും ഇളകിപ്പോകാന്‍ സഹായിക്കും. ഇളനീര്‍ക്കുഴമ്പു ദിവസവും കണ്ണിലൊഴിക്കുന്നതു കണ്ണിനു കുളിര്‍മ നല്‍കും. നേത്രരോഗങ്ങളെ തടയും. ഇതുപോലെ തന്നെ ദിനവും ഉപയോഗിക്കാവുന്ന ഒന്നാണ് ത്രിഫലചൂര്‍ണം. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ സമം ചേര്‍ത്തു പൊടിച്ചതാണിത്. രോഗപ്രതിരോധത്തിനും മലബന്ധം മാറാനും ഇതു നല്ലതാണ്.

ആഹാരം മുതല്‍ ഉറക്കം വരെ

ആഹാരം രണ്ടുനേരം മതിയെന്നാണ് ആയുര്‍വേദ പക്ഷം. അതു കൃത്യസമയത്തും മിതമായും വേണം. മുഖ്യാഹാരങ്ങള്‍ക്കിടയില്‍ 3-4 മണിക്കൂര്‍ ഇടവേള വേണം. അതാതു കാലങ്ങളില്‍ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതാണു നല്ലത്. എരിവും ഉപ്പും മിതമായി മതി.

രാത്രി അധിക ഭക്ഷണം വേണ്ട. ഭക്ഷണശേഷം ഉടനെ കുളിച്ചാല്‍ ദഹനക്കേടുണ്ടാകാം. സ്നാക്്സ് കഴിവതും പച്ചക്കറികളോ പഴങ്ങളോ മതി. ആഹാരം കഴിഞ്ഞശേഷം ഉടനെ ഉറക്കം വേണ്ട. കസേരയില്‍ ചാരിക്കിടന്നുള്ള മയക്കമാവാം. രാത്രിയില്‍ തല നനയ്ക്കേണ്ട. ദേഹം കഴുകിയാല്‍ മതി. അധികനേരം ഉറക്കമിളയ്ക്കുന്നതും നല്ലതല്ല. ആറു മണിക്കൂറെങ്കിലും ഉറങ്ങണം.