കർക്കടകത്തിൽ കഴിക്കാം പത്തില

കുപ്പയിലെ മാണിക്യമെന്നൊക്കെ പറയാറില്ല. നമ്മൾ കാട്ടുചെടികളെന്നും പാഴ്ച്ചെടികളെന്നും പറഞ്ഞ് വെട്ടിക്കളയുന്ന ഇലകളെക്കുറിച്ചാകാം പഴമക്കാർ ഇങ്ങനെ പറഞ്ഞത്. പച്ചിലയുടെ മഹാത്മ്യം ഇനിയും നമ്മൾ മനസിലാക്കിയിട്ടില്ല. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു ഇലക്കറി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണമാണ്. പച്ചക്കറിയുടെ വിലക്കയറ്റത്തിന്റെ കാലത്ത്, വിഷത്തിൽമുക്കിയ പച്ചക്കറികൾ നാടുവാഴുന്ന കാലത്ത് ചെലവു കുറയ്ക്കാനും ആരോഗ്യവും ആയുസ്സും കൂട്ടാനും ഇലക്കറികൾ സഹായിക്കും.
പത്തരമാറ്റുള്ള പത്തിലപ്പെരുമയെക്കുറിച്ച് ചിന്തിക്കേണ്ട മാസമാണ് കർക്കടകം. ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുവാണ് കേരളത്തിലെ മഴക്കാലമെന്നു പറയാവുന്ന ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസം പകുതിവരേയുള്ള കാലം. മനസും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ മാസമാണിത്. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കുന്നതിനുള്ള ശ്രമങ്ങൾ കർക്കടകത്തിൽ ചെയ്യുന്നതാണ് ഉത്തമം.

ചേമ്പില

പണ്ട് കാലത്ത് തിരിമുറിയാതെ മഴപെയ്യുന്ന കർക്കടകത്തെ പഞ്ഞമാസമായാണ് കരുതിയിരുന്നത്. പലപ്പോഴും ഇല്ലാലമാകുമ്പോഴേയ്ക്കും ശേഖരിച്ചുവച്ച ഭക്ഷ്യധാന്യങ്ങളും മറ്റും തീർന്നിട്ടുണ്ടാകും. അന്നത്തെ അന്നത്തിന് തൊടിയിലെ വിവിധങ്ങളായ ഇലകളെ ആശ്രയിച്ച് തുടങ്ങിയത് അങ്ങനെയാണ്. തൊടിയിലെ ചെടികൾ പാഴ്ച്ചെടികളെല്ലെന്നും ഭക്ഷ്യയോഗ്യവും ഔഷധഗുണവും ഉള്ളതാണെന്ന് അന്നത്തെ തലമുറ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ചുറ്റുമുള്ള കോടാനുകോടി രോഗാണുക്കളിൽ നിന്നുള്ള രക്ഷാകവചം അതവാ പ്രതിരോധ ശേഷി തിരിച്ചുപിടിക്കാൻ കഴിഞ്ഞു. ആന്റി ഓക്സിഡന്റ്സുകൾ , ധാതുലവണങ്ങൾ , വിറ്റാമിനുകൾ, പ്രോട്ടീനുകൾ, നാരുകൾ എന്നിവയുടെ കലവറയായ ഇലക്കറികൾ ചില്ലറക്കാരല്ല. കുടലിന്റെ ചലനശേഷി വർധിപ്പിക്കുന്നതു വഴി ദഹനപ്രകിയ സമ്പൂർണമായും കുറ്റമറ്റതാക്കുന്നു. അതുകൊണ്ടു തന്നെ ശരീരധാതുക്കളിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ നിർഹരണം ചെയ്യപ്പെടുകയും ചെയ്യും.

കർക്കടകത്തിലെ പത്തില

തകര

കർക്കടകത്തിലെ കരുത്ത് പത്തിലയായിരുന്നു. പുതുതലമുറയും അത് തിരിച്ചറിയണം. പത്തിലയിൽ ഉൾപ്പെടുത്തേണ്ട പത്തരമാറ്റുള്ള സസ്യങ്ങൾ ഇവയൊക്കെയാണ്.
∙ താള്
∙തകര
∙തഴുതാമ
∙ചേമ്പ്
∙ പയറില
∙ചേനയില
∙കുമ്പളം
∙മത്തൻ
∙ചൊറിയണം
∙മുള്ളൻചീര
∙നെയ്യുണ്ണി
∙കൂവളത്തില
∙വട്ടത്തകര
∙കടുമുടുങ്ങ

കുട്ടികളെയും കഴിപ്പിക്കാം
ഇന്നത്തെ കുട്ടികൾ ഇലക്കറികൾ കഴിക്കാറില്ല. ഇലയായി കാണുന്നതാണ് പ്രശ്നം. നല്ല രുചിയാണ് പല ഇലക്കറിക്കും. പക്ഷേ അതു നാക്കിൽ വച്ചുനോക്കാൻ പോലും കൂട്ടാക്കാത്ത കുട്ടികളേയും സൂത്രത്തിൽ കഴിപ്പിക്കാൻ അമ്മമാർ ശ്രദ്ധിക്കണം.. ഇലകളെ കുട്ടികളുടെ നാവിനിണങ്ങുന്ന വിധത്തിൽ അവർക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളുടെ മോഡലിൽ നൽകാം.

ആയുർവേദ ചികിത്സാ ഗ്രന്ഥമായ ചരകസംഹിതയിൽ വിവരിക്കപ്പെട്ടിട്ടുള്ള ‘പൂപലിക ’ ഇത്തരമൊരു സംഗതിയാണ്. ചെന്നല്ലരിയുടെ വറുത്തപൊടിമാവിൽ എലിച്ചെവിയന്റെ നീര് , വിഴാലരി പൊടിച്ചത് എന്നിവ ചേർത്ത് കുഴച്ച് അടയുണ്ടാക്കി കൃമി ചികിത്സയിൽ നൽകുന്നു. കരിനൊച്ചി, കരിങ്കൂവളം ഇവയുടെ നീരും അട നിർമിക്കാൻ നിർദേശിക്കുന്നു. കുട്ടികൾ അറിയാതെപോലും ഇവ അമ്മമാർക്ക് നൽകാവുന്നതേയുള്ളു. വിശന്നുവരുന്ന സമയത്ത് രുചിയോടെ കുട്ടികൾ തിന്നും.

കാട്ടുകയ്പ്പ

കൊച്ചുകുട്ടികളുടെ കുറുക്ക് നിർമാണത്തിലും ഇലച്ചാറുകൾ ചേർക്കാം.കറിവേപ്പില, മുത്തിൽ, ചീര എന്നിവയുടെ ഇലകൾ സത്തെടുത്ത് മുത്താറി, ഗോതമ്പ് എന്നിവയ്ക്കൊപ്പം ചേർത്ത് ശർക്കര ചേർത്ത് കഴിക്കാം. മാത്രമല്ല ഈ കുറുക്ക് നെയ്യ് പുരട്ടിയ പാത്രത്തിൽ പരത്തി തണുത്താൽ ഹൽവ പോലെയാകും. അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേർക്കാം. മണത്തിന് ഏലക്കായയും ആകാം.

വീട്ടിൽ പക്കാവട ഉണ്ടാക്കുമ്പോൾ അവയിൽ ഇത്തിരി ചീര ഇടാം. ഓംലറ്റിൽ ഉള്ളിക്കൊപ്പം ചീരയും ആകാം. രസം വയ്ക്കുമ്പോൾ തുളസിയില ചേർക്കാം. ചീരയില ദോശ, തുമ്പയിലത്തോരൻ, തുളസിയിലച്ചമ്മന്തി, തുളസികുരുമുളക് രസം, ചെറുനാരങ്ങ ഇലച്ചമ്മന്തി, അടലോടകത്തിൽ മുട്ട ചിക്കിയത്. വേലിച്ചീരപ്പച്ചടി. മൾബറിയിലത്തോരൻ, മൾബറിയില പക്കാവട, വഴുതനയിലത്തോരൻ, വാളൻപുളിയിലചമ്മന്തി, കറുകപ്പുല്ല് തട്ണി, ചേനയില പൊരിച്ചത്. പുളിയാറിലകഞ്ഞി, പ്ലാവില ഇളയത് തോരൻ, ഉള്ളിയില കട്‌ലറ്റ്, പാവയില പച്ചടി, തൊട്ടാലാടിയില ചമ്മന്ത എന്നിവയും ആകാം.

കടുമുടുങ്ങ

ഇലകളിലെ ഔഷധം
എല്ലാ ഇലകളും നന്നായി പാചകം ചെയ്താൽ രുചികരമാണെന്നുമാത്രമല്ല ഔഷധഗുണവും ആണ്. താള് നമ്മൾ ഉപേക്ഷിക്കുന്ന ഇലയാണെങ്കിലും അത് കൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കാം. ഔഷധ ഗുണം ഏറെയുള്ള താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

ആയുർവേദത്തിൽ മാത്രമല്ല ചൈനീസ് ചികിൽസാ രീതിയിലും തകര പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. മലബന്ധത്തിനും നേത്രരോഗത്തിനും ത്വക് രോഗങ്ങൾക്കും പ്രതിവിധിയായി തകര ഉപയോഗിക്കുന്നു.

തഴുതാമ

തഴുതാമയുടെ ഇല കർക്കടക മാസത്തിലാണു സാധാരണയായി കറിവയ്ക്കാൻ ഉപയോഗിക്കുന്നത്. ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ തഴുതാമ മൂത്ര വർധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പിത്തം, ഹൃദ്രോഗം, ചുമ എന്നിവയ്ക്കും തഴുതാമ ഔഷധമായി നിർദേശിക്കുന്നു.

കുമ്പളത്തില

കുമ്പളത്തിന്റെ ഇല രക്തശുദ്ധി വരുത്തുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഫലപ്രദം. കുമ്പളത്തിന്റെ ഇല പതിവായി കഴിക്കുന്നത് ശരീരകാന്തിക്കും ബുദ്ധികൂർമതയ്ക്കും നല്ലതാണ്.

മത്തനില

മത്തന്റെ ഇളംതണ്ട്, പൂവ്, കായ് എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. ഇലക്കറിയിൽ ധാതുക്കൾ, വിറ്റമിൻ എ, സി എന്നിവ ധാരാളമായി ഉണ്ട്.ഇലയിനങ്ങളിൽ ഏറ്റവുമധികം ഔഷധഗുണം ചീരയ്ക്ക് എന്നു പറയാം. ഇരുമ്പ് ധാരാളമായി ഉള്ളതിനാൽ വിളർച്ചയ്ക്കും നല്ല ഔഷധമാണ്.

ചേനത്തണ്ട്

ചേനയുടെ തണ്ടിനൊപ്പം ഇലയും കറിക്കായി ഉപയോഗിക്കുന്നുണ്ട്. ചേന ഇല തനിച്ചും കറി വയ്ക്കുന്നു. നാരുകൾ, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.

ചൊറിച്ചിൽ ഉണ്ടാക്കുന്ന ഇലയോടു കൂടിയ കടുത്തുവ (ചൊറിയണം ) എന്ന ചെടിയുടെ ഇല തോരനായി ഉപയോഗിക്കാം. തളിരില വേണം ഉപയോഗിക്കാൻ. വിവിധ തരം ആസിഡുകൾ അടങ്ങിയിട്ടുള്ള ഇവ ഔഷധഗുണമുള്ളതാണ്. സൂക്ഷിച്ച് ഉപയോഗിക്കണം

കടുത്തുവ

അഞ്ചു വിരലുള്ള കൈപോലെയുള്ള ഇലകളോടു കൂടിയ ചെടിയാണു നെയുർണി. ഇല, തണ്ട്, ഫലം എന്നിവ ഔഷധഗുണങ്ങളുള്ള ഭാഗങ്ങളാണ്. എന്നാൽ പല പ്രദേശങ്ങളിലും നെയുർണി പത്തില കൂട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

നെല്ലിയിലകൾ പോലെ തന്നെയാണു കീഴാർനെല്ലിയുടേയും ഇലകൾ. ആയുർവേദ മരുന്നായിട്ടാണു കീഴാർനെല്ലി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്ത ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

പയറിന്റെ ഇല ദഹനശക്തിയും ശരീരശക്തിയും വർധിപ്പിക്കുന്നു. ശരീരതാപം ക്രമീകരിക്കുന്നു. നേത്രരോഗം, ദഹനക്കുറവ്, കരൾവീക്കം എന്നിവയ്ക്കും പ്രയോജനകരമാണ്. മാംസ്യം, ധാതുകൾക്ക്, വിറ്റാമിൻ എ,സി എന്നിവയും ഉണ്ട്.

പയറില

പൊന്നാങ്കണ്ണിയുടെ ഇലയും തണ്ടും കറിവച്ചുകഴിക്കാം. മൂത്രാശയരോഗങ്ങൾ , ത്വക് രോഗങ്ങൾ എന്നിവയ്ക്കു ഫലപ്രദമാണ്. കൃമിശല്യം ഇല്ലാതാക്കാൻ സഹായിക്കും.

മുളളൻചീരയ്ക്കും ഔഷധഗുണമേറെയാണ്. ഇലയും തണ്ടും കറിവച്ചുകഴിക്കാം. ഇലയുടെ നീരെടുത്ത് വെറും വയറ്റിൽ കഴിക്കുന്നത് നന്ന്. തഴുതാമയിലെ മഞ്ഞപ്പിത്തം, അസ്ഥിസ്രാവം , ആസ്തമ എന്നിവയ്ക്കുള്ള ഔഷധമാണ്. ദുർമേദസ് കുറയ്ക്കാൻ തഴുതാമയില നന്ന്.

മുളളൻചീര

പത്തിലക്കറി തയാറാക്കാം
ഇവയിൽ ലഭ്യമായ ഏതെങ്കിലും പത്തുകൾ തയാറാക്കിയാണ് കറിവയ്ക്കേണ്ടത്. ഓരോ സ്ഥലത്തും ഉൾപ്പെടുന്ന പത്തിലകളിൽ വ്യത്യാസം കാണാം. പത്തില്ലെങ്കിലും കുഴപ്പമില്ല. ഒരെണ്ണം കിട്ടിയാൽ അതെങ്കിലും. അവ കഴുകി വൃത്തിയാക്കി കുനുകുനെ അരിഞ്ഞ് ഉപ്പും കാന്താരിമുളകുടച്ചതും അൽപം വെള്ളവും ചേർത്ത് കുറച്ചുനേരം അടച്ചു വേവിക്കുക. മഞ്ഞൾപ്പൊടിയും ചേർക്കാം. അടപ്പുമാറ്റി തുറന്നിട്ട് വറ്റിച്ചുവാങ്ങിയ ശേഷം തേങ്ങ ചിരകിയതും വെളിച്ചെണ്ണയും തൂവാം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ഒ. വി. സുഷ
ജില്ലാ ആയുര്‍വേദ ആശുപത്രി, കൽപ്പറ്റ