മസാജ് — യഥാർത്ഥ ചികിത്സ അറിയാം

നമ്മുടെ ശരീരത്തിൽ നിരവധി ദോഷ ധാതുമലങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശുദ്ധമാണെങ്കിൽ ശരീരത്തിന് ഗുണകരമെന്നും. ദുഷിച്ചതാണെങ്കിൽ രോഗകാരണം എന്നും പറയുന്നു. രോഗങ്ങളുടെ ചികിത്സയാകട്ടെ ശമനം, ശോധനം എന്നു രണ്ടു രീതിയിലാണ്. അതിൽ ശോധനത്തിന്റെ പ്രധാന രീതികൾ പഞ്ചകർമ്മങ്ങൾ എന്നറിയപ്പെടുന്നു. വമനം, വിരേചനം, നസ്യം (ശിരോവിരേചനം), വസ്തി, രക്തമോക്ഷം ഇവയാണ് പഞ്ചകർമങ്ങൾ.

പിഴിച്ചിലും ഉഴിച്ചിലും പഞ്ചകർമമോ?

പഞ്ചകർമ്മങ്ങൾക്ക് മുന്നോടിയായി ചെയ്യുന്ന നിരവധി പ്രവർത്തനങ്ങളുണ്ട്. അഭ്യംഗം, ധാര, പിചു, ശിരോവസ്തി, സ്വേദനം, നവരേതേപ്പ് എന്നിവയാണ് ഇവ. ഇന്നു കാണുന്ന വിവിധതരം മസാജുകളും ബാഷ്പസ്വേദങ്ങളും എല്ലാം തന്നെ ഈ വിഭാഗത്തിൽപെടുത്താം.

വമനവും വിരേചനവും

വമനം എന്നാൽ ഛർദിതന്നെയാണ്. പൂർവ കർമ്മങ്ങൾ ചെയ്ത് ഇളകിത്തീർന്ന ദോഷങ്ങളെ പ്രത്യേക ഔഷധ പ്രയോഗം കൊണ്ടു ഛർദിപ്പിക്കുന്ന പ്രക്രിയയാണിത്. ഇതിനു കൃത്യമായി പഥ്യം ആചരിക്കണം. കഫം കൂടുതലുള്ള രോഗാവസ്ഥയിലാണ് ഇതു ഗുണം ചെയ്യുക.

രോഗത്തിനും രോഗിയുടെ പ്രകൃതിക്കും അനുസരിച്ചു പ്രത്യേക ഔഷധങ്ങൾ നൽകി വയറിളക്കുന്നതാണ് വിരേചനം. ഇതു പിത്തം കൂടുതൽ ഉണ്ടാകുന്ന രോഗാവസ്ഥകളിലാണു ഗുണം ചെയ്യുക.

വസ്തിയും നസ്യവും

രോഗസ്വഭാവാനുസാരം ഇന്ദുപ്പ്, കഷായം, തേൻ, തൈലം എന്നിവയുടെ പ്രത്യേക മിശ്രിതം വസ്തിയന്ത്രം ഉപയോഗിച്ചു ഗുദദ്വാരത്തിലൂടെ പ്രവേശിപ്പിക്കുന്ന രീതിയാണു വസ്തി ( എനിമ). ഇതിനു കഷായവസ്തി എന്നു പറയും. ഈ പ്രക്രിയതന്നെ പ്രത്യേക അളവിൽ തൈലങ്ങൾ, ഘൃതങ്ങൾ എന്നിവയെക്കൊണ്ടു ചെയ്യുന്നതാണു സ്നേഹ വസ്തി.

പ്രത്യേക ഔഷധങ്ങളിട്ടു കാച്ചിയ എണ്ണകളെക്കൊണ്ടോ, രോഗത്തിനനുസരിച്ചു തുളസി മുതലായ ഔഷധങ്ങളുടെ നീരുകൊണ്ടോ, പ്രത്യേകം ചൂർണങ്ങൾകൊണ്ടോ മറ്റോ മൂക്കിലൂടെ ഔഷധപ്രയോഗം ചെയ്യുന്ന സമ്പ്രദായമാണ് ഇത്. ഈ പ്രക്രിയ, തലയിലുള്ള ദോഷങ്ങളെ പുറത്തു കളയുവാൻ വേണ്ടിയുള്ളതാണ്, ഇതിനു മുമ്പു സ്നേഹ— സ്വേദനങ്ങൾ ചെയ്യണം.

രക്തമോക്ഷം

ത്വക്രോഗങ്ങൾ തുടങ്ങി രക്തദൂഷ്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ ശാസ്ത്രവിധിയനുസരിച്ചു ദുഷിച്ച രക്തത്തെ വിവിധ പ്രകാരത്തിൽ പുറത്തുകളയുന്ന സമ്പ്രദായമാണ് ഇത്.

ഈ പറഞ്ഞ പഞ്ചവിധ ശോധനകർമങ്ങൾ ആണു പഞ്ചകർമങ്ങൾ.

അഭ്യംഗം എന്നാൽ

അഭ്യംഗം, സേകം (ധാര), പിചു, ശിരോവസ്തി, സ്നേഹപാനം, സ്വേദനം, നവരതേപ്പ് മുതലായവ എല്ലാം തന്നെ ശോധനകർമത്തിന്റെ പൂർവകർമങ്ങളായാണ് ആചാര്യന്മാർ നിർദേശിച്ചിട്ടുള്ളത്. ഇവയിൽ സ്വേദനത്തിൽ മാത്രം കഫരൂപത്തിലുള്ള മലം വിയർപ്പായി പുറന്തള്ളപ്പെടുന്നതിനാൽ അവിടെയും ഒരു ശുദ്ധീകരണം നടക്കുന്നുണ്ട്.

ശിരസിലും ശരീരത്തിലും എണ്ണ തേച്ചുകുളിക്കുന്നതു ദിനചര്യയാക്കണം എന്നാണ് ആചാര്യവചനം. പ്രത്യേകിച്ചും തല, ചെവി, കാൽമുട്ടിനു താഴെ പാദത്തിനടിവശം എന്നിവിടങ്ങളിൽ നിർബന്ധമായി ചെയ്യണമെന്നും നിർദേശിക്കുന്നു. നല്ല എള്ളാട്ടിയ എണ്ണകൊണ്ടു ദിനചര്യയായി അഭ്യംഗം ചെയ്യുന്നതു ശരീരബലം, കണ്ണ്, മൂക്ക് തുടങ്ങിയ പഞ്ച ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമത കൂട്ടും. കൈയും കാലും ഉൾപ്പെടെയുള്ള അവയവങ്ങളുടെ ശക്തി വർദ്ധിപ്പിക്കും. ത്വക്കിന്റെ ഭംഗിയും മൃദുലതയും കൂട്ടും. എണ്ണ രോമകൂപങ്ങളിലൂടെ ശരീരാന്തർഭാഗങ്ങളിലേക്ക് വ്യാപിച്ചു ശരീരത്തിന്റെ സ്നിഗ്ധതയും ശോഭയും വടിവും വർദ്ധിക്കും.

പിഴിച്ചിൽ എന്നാൽ

ധാരയുടെ വിഭാഗത്തിൽപെട്ടതാണ് പിഴിച്ചിൽ. ദേഹത്തിൽ എണ്ണ തേച്ചശേഷം പ്രത്യേകം ഔഷധങ്ങളുടെ ഇലകൾ കൊണ്ടോ, പൊടികൾകൊണ്ടോ കിഴികെട്ടി അതുകൊണ്ടു ചെറുചൂടോടെ ശരീരത്തിൽ കിഴിപിടിച്ചു മൃദുവായി തലോടുന്നതാണിത്. ഇതുതന്നെ പാലിൽ വേവിച്ചു നവര കൊണ്ടും ചെയ്യാം.

ഉഴിച്ചിലും തലോടലും

ശിരസ്സിലും ദേഹത്തും എണ്ണ തേച്ചശേഷം രോഗസ്വഭാവം, വ്യക്തിയുടെ ശരീരപ്രകൃതി, ഇവയനുസരിച്ചു കൈകൊണ്ട് ഉഴിച്ചിൽ നടത്താറുണ്ട്. മുൻകാലങ്ങളിൽ എണ്ണ തേച്ചു തലോടുക എന്നാണ് പറഞ്ഞിരുന്നത്. തലോടുമ്പോൾ മിതവും സുഖാനുഭവമുണ്ടാക്കുന്നതുമായ അമർത്തലേ ആവശ്യമുള്ളൂ. അധികം അമർത്തി ചെയ്താൽ സന്ധികളിൽ നീരും വേദനയും ചുമപ്പുനിറവും ഉണ്ടാകാം.

കളരിയിലെ ഉഴിച്ചിൽ

ആയോധനകലയായ കളരിപ്പയറ്റിൽ കൈയുഴിച്ചിൽ, ചവിട്ടിയുഴിച്ചിൽ തുടങ്ങിയ വ്യത്യസ്ത ഉഴിച്ചിലുകളുണ്ട്. പാദാഘാതം ചയുക്തിതഃ എന്നു വാഗ്ഭടാചാര്യൻ അഷ്ടാംഗഹൃദയത്തിൽ സൂചിപ്പിക്കുന്നത് ഇതാണ് എന്നാണു ലേഖകൻ മനസിലാക്കിയിട്ടുള്ളത്. എന്നാൽ ഈ സമ്പ്രദായങ്ങളും വാതരക്തത്തിലോ, പക്ഷാഘാതത്തിലോ ഒരു ചികിത്സാരീതിയായി ഉപയോഗിക്കുന്നതു യുക്തമല്ലെന്നാണ് ആചാര്യമതം.

മസാജ് വീട്ടിൽ ചെയ്യാം

മസീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് മസാജ് എന്ന വാക്കുണ്ടായത്. തിരുമ്മുക, കുഴയ്ക്കുക എന്നൊക്കെ അർത്ഥം വരുന്ന വാക്കാണിത്. ലോകത്തെ പൗരാണിക ആരോഗ്യഗ്രന്ഥങ്ങളെല്ലാം തന്നെ മസാജിനെക്കുറിച്ചു വിശദമായി പറയുന്നുണ്ട്.

എണ്ണകളും ക്രീമുകളും

മിക്ക മസാജുകൾക്കും ശരീരത്തിലൂടെ കൈകളുടെ ഒഴുക്കോടെയുള്ള ചലനത്തിന് ഏതെങ്കിലും എണ്ണകളോ ക്രീമുകളോ ആവശ്യമാണ്. സാധാരണ ശരീരം മുഴുവനായി മസാജ് ചെയ്യുന്നതിന് (ഫുൾ ബോഡി മസാജ്) 50 മില്ലി എണ്ണ മാത്രം മതി. തുടക്കത്തിൽ ധാരാളം എണ്ണ ഉപയോഗിക്കുന്നതാണു മിക്കവരുടേയും പതിവ്. എന്നാൽ, ശരീരത്തിൽ എണ്ണയുടെ നേർത്ത പാട നിലനിർത്തും വിധം മാത്രമേ എണ്ണ ഉപയോഗിക്കാവൂ.

സസ്യ എണ്ണകൾ, അതായത് സൂര്യകാന്തി എണ്ണ പോലുള്ളവ മസാജിലെ ബേസ് എണ്ണകളായി ഉപയോഗിക്കാം. ബദാം എണ്ണ ഉപയോഗിക്കുന്നത് ത്വക്കിന് നല്ലതാണ്,

ആയുർവേദ വിധിപ്രകാരം തയാറാക്കുന്ന എണ്ണകളും മസാജിനായി ഉപയോഗിക്കാം. ബേസ് എണ്ണകൾ ഉപയോഗിച്ചതിനുശേഷം വേണം ഇത്തരം എണ്ണകൾ ഉപയോഗിക്കാൻ.

മസാജിനു ഉപയോഗിക്കുന്ന ലോഷനുകളും ക്രീമുകളും വിപണിയിൽ ലഭ്യമാണ്. അവ വാങ്ങാം. എന്നാൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഗണത്തിൽപെടുന്ന കോസ്മെറ്റിക് ലോഷനുകൾ ഉപയോഗിക്കരുത്. തിരുമ്മുന്നയാൾ കൈയിൽ ഏകദേശം അരടീസ്പൂൺ എണ്ണ ആദ്യം എടുത്താൽ മതിയാകും. എണ്ണ കൈകളിൽ തേച്ചു പിടിപ്പിച്ചു കൊണ്ടു വേണം മസാജ് ചെയ്യാൻ.

ഏഴുഭാഗമായി തിരിക്കാം

ശരീരം മുഴുവനായി മസാജ് ചെയ്യുമ്പോൾ ശരീരത്തിന്റെ ഏഴു ഭാഗങ്ങളിൽ വേണം മസാജ് ചെയ്യാൻ.

ശരീരത്തിന്റെ മുൻഭാഗം

1. കഴുത്ത്, തോളുകൾ

2. തലയോട്ടിയും മുഖവും

3. കൈകളും കൈപ്പത്തിയും

4. ഉടലിന്റെ മുൻഭാഗം

5. കാലുകളും കാൽപാദവും

ശരീരത്തിന്റെ പിൻവശം

6. ഉടലിന്റെ പിൻഭാഗം

7. കാലുകളും പാദവും

മസാജ് രീതികൾ

സ്ട്രോക്കിങ് — ശരീരത്തിൽ കൈകളുപയോഗിച്ച് ചെറിയ ഇടി (സ്ട്രോക്കുകൾ) ഏൽപ്പിക്കുകയും കൈപ്പത്തി വെച്ച് പതിയെ അമർത്തുകയും ചെയ്യുന്ന രീതി. ഇതുവഴി രക്തയോട്ടം കൂടി മസിലുകൾക്ക് റിലാക്സേഷൻ ലഭിക്കുന്നു.

പെർകഷൻ — രണ്ടു കൈകളും ഉപയോഗിച്ച് താളത്തോടെ സ്ട്രോക്കിങ് നടത്തുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നു. മൃദുവായ ശരീരകലകളെ ഉത്തേജിപ്പിച്ച് ബലം നൽകുന്നു.

ഫ്രിക്ഷൻ— വിരൽത്തുമ്പുകൾ ഉപയോഗിച്ച് സ്ട്രോക്കുകൾ ഏൽപ്പിക്കുന്നത്. വിരലുകൾ കറക്കിക്കൊണ്ടുള്ള സർക്കുലർ ഫ്രിക്ഷനും തള്ളവിരലുകൾ കൊണ്ടുള്ള തമ്പ് റോളിങ്ങും ചെയ്യാം.

രാവിലെ ചെയ്യാവുന്ന മസാജ്

ദിവസം മുഴുവൻ ശരീരത്തിനു ഊർജ്ജവും പ്രസരിപ്പും പകരുന്ന മസാജ് ആണ് താഴെ പറയുന്നത്. പങ്കാളികൾക്ക് ഇതു പരീക്ഷിക്കാം. മുന്നറിയിപ്പ്: നട്ടെല്ലിന്റെ വശങ്ങളിൽ മാത്രമേ ചെയ്യാവൂ. ഒരിക്കലും നട്ടെല്ലിൽ നേരിട്ടു വേണ്ട.

1. കമിഴ്ന്നു കിടക്കുക. നടുവിന്റെ ഭാഗത്ത് രണ്ടു വശങ്ങളിലായി കൈപ്പത്തികൾ ചേർത്തു വയ്ക്കുക. കൈകൾ രണ്ടും മുന്നിലേക്കും പിന്നിലേക്കും ചലിപ്പിച്ചു കൊണ്ട് മസാജ് ചെയ്യുക. വിരലുകൾ കൊണ്ട് സ്ട്രോക് ചെയ്യുക.

2. പങ്കാളിയുടെ നടുവിന്റെ ഭാഗത്ത് ഒരു കൈപ്പത്തിയ്ക്കു മുകളിൽ അടുത്ത കൈപ്പത്തി അമർത്തി വെച്ചുകൊണ്ട് കൈകൾ വെയ്ക്കുക. രണ്ടു കൈകളും ഉപയോഗിച്ച് അമർത്തുക. വൃത്താകൃതിയിൽ ചലിപ്പിക്കുക.

3. ഫ്ളിക്കിങ് രീതി ഉപയോഗിച്ചു കൊണ്ട് (വിരലുകൾ കൂട്ടിപ്പിടിച്ച് ശരീരത്തിലെ മാംസഭാഗം ചേർത്തു പിടിച്ചു പൊക്കുക— (ചിത്രം 3 ശ്രദ്ധിക്കുക) തോളിനു താഴെയുള്ള ഭാഗത്ത് മസാജ് ചെയ്യുക.

4. പങ്കാളിയോടു ചെരിഞ്ഞു കിടക്കാൻ ആവശ്യപ്പെടുക. രണ്ടു കൈപ്പത്തികളും ഒന്നിനുമേൽ ഒന്നായി അമർത്തി വെച്ച് സ്ട്രോക്ക് നൽകുക. തുടകളുടെ പിന്നിലും മുന്നിലും മസാജ് നൽകുക.

5. അതേ പൊസിഷനിൽ തുടരാൻ പങ്കാളിയോട് ആവശ്യപ്പെടുക. കാലുകൾക്ക് സപ്പോർട്ട് നൽകിക്കൊണ്ട് രണ്ടു കൈപ്പത്തികളും കാലിൽ വയ്ക്കുക. ഒരു കൈ മുന്നോട്ടും അടുത്ത കൈ പിന്നോട്ടും ചലിപ്പിച്ചു കൊണ്ടുള്ള റിംഗിംഗ് സ്ട്രോക്കുകൾ നൽകിക്കൊണ്ട് മസാജ് ചെയ്യുക.

6. കൈകൾ ചുരുട്ടി പിടിച്ചുകൊണ്ട് തുടയിലെ മാംസളഭാഗങ്ങളിൽ സ്ട്രോക്കുകൾ നൽകുക.

7. തുടയിൽ സ്ട്രോക്കുകൾ നൽകിയതിനുശേഷം കൈപ്പത്തികൾ നിവർത്തുക. കൈപ്പത്തികൾ രണ്ടും നിശ്ചീനമായി വെച്ചുകൊണ്ട് സ്ട്രോക്കുകൾ നൽകുക. (ഇതിനു ഹാക്കിങ് എന്നാണു പറയുന്നത്.) ഒരു പ്രത്യേക താളം സ്വീകരിച്ചു കൊണ്ട് കാലിലെ പേശികളിലും മസാജിങ് വ്യാപിപ്പിക്കുക.

8. പങ്കാളിയുടെ തോളിനു തൊട്ടു താഴെ ഒരു കൈപ്പത്തി ചേർത്തു വെയ്ക്കുക. അടുത്ത കൈപ്പത്തി അരക്കെട്ടിനു മുകളിലായി വെയ്ക്കുക. തോളിൽ കൈപ്പത്തിയുടെ താഴ്ഭാഗം ഉപയോഗിച്ച് അമർത്തുക. അതേസമയം അരക്കെട്ടിനു മുകളിലെ കൈപ്പത്തിയിലെ വിരലുകൾ ഉപയോഗിച്ചു പിന്നിലേക്ക് വലിച്ചു കൊണ്ട് മസാജ് ചെയ്യുക. ഉടലിന്റെ പിൻഭാഗത്തു ആകെ ഈ വിധത്തിൽ മസാജിങ് തുടരുക. തുടർന്ന് ഇപ്പോൾ മസാജിങ് ചെയ്ത തോളിന്റെ എതിർവശത്തെ തോൾ ഭാഗത്തു കൈകൾ വെയ്ക്കുക. എതിർ ദിശയിലുള്ള അരക്കെട്ടിന്റെ മുകൾ ഭാഗത്ത് അടുത്ത കൈ വെയ്ക്കു. മസാജിങ് തുടരുക.

9. വിരലുകളുടെ അഗ്രഭാഗം ഉപയോഗിച്ചുകൊണ്ട് വൃത്താകൃതിയിൽ പങ്കാളിയുടെ തോൾ ഭാഗത്തിനു താഴെയായി ചലിപ്പിക്കുക. രണ്ടു കൈകളും ഉപയോഗിച്ചു ശക്തിയിൽ തുടരുക. ഇത് ശ്വാസകോശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഹായിക്കുന്ന മസാജിങ് രീതിയാണ്.

10. ഇതു മുമ്പ് ചെയ്തതിൽ നിന്നും വിഭിന്നമായ ഹാക്കിങ് രീതിയാണ്. (7 ശ്രദ്ധിക്കുക) ഇതിൽ കൈവിരലുകൾ വിടർത്തി വെച്ചു കൊണ്ട് സ്ട്രോക്കുകൾ നൽകുന്നു. ഉടലിന്റെ പിൻഭാഗത്ത് ഉടനീളം ഇങ്ങനെ മസാജ് ചെയ്യാം. ശ്രദ്ധിക്കുക: നട്ടെല്ലിന്റെ ഭാഗം ഒഴിവാക്കിക്കൊണ്ടു വേണം ഈ മസാജിങ് ചെയ്യാൻ.

11. ഹാക്കിങ് രീതിയിൽത്തന്നെ തലയിൽ മസാജ് ചെയ്യുക. തലയോട്ടിയിലാണ് ഇങ്ങനെ ചെയ്യേണ്ടത്. ഇതു രക്തയോട്ടം കൂട്ടും.