തലനീരിറക്കത്തിന് ആയുർവേദപരിഹാരം

തലനീരിറക്കം എന്ന പുരാതന പദം കേരളീയർക്ക് വളരെ സുപരിചിതമാണ്. ആയുർവേദ ചികിത്സാരീത്യാ ഈ പദത്തിന് ഒരു ശാസ്ത്രീയവശമുണ്ട്. ആയുർവേദ ചികിത്സാതത്വപ്രകാരം വാതപിത്തകഫങ്ങളുടെ സമമായിട്ടുള്ള അവസ്ഥ ആരോഗ്യവും, അവയുടെ ഏറ്റക്കുറച്ചിൽ രോഗത്തിനും കാരണമാകുന്നു. ഭൂമി, ആകാശം, വായു, ജലം, അഗ്നി എന്നീ പഞ്ചഭൂതങ്ങളാൽ നിർമിതമാകുന്നു ശരീരം. ജലം, ഭൂമി എന്നിവയുടെ ഗുണങ്ങളുടെ ആധിക്യമുള്ളതാണു കഫം, അഗ്നി, വായു ഗുണങ്ങളുടെ ആധിക്യമുള്ളതാണു പിത്തം. ആകാശം, വായു എന്നിവയിൽ ഗുണാധിക്യമുളളത് വായുവിനാകുന്നു. കഫത്തിന്റെ ഒരു ദോഷമായിട്ടാണു ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത്. ആകാശത്തിൽ കാർമേഘം കാറ്റിനാൽ സഞ്ചരിച്ചു പർവതത്തിൽ തടഞ്ഞു നിർത്തി മഴ പെയ്യിക്കുന്നതു പോലെ നീർക്കെട്ടുകൾ ഏത് അവയവത്തിലാണോ പറ്റിപ്പിടിച്ചിരിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസപ്പെടുന്നു. ആ ശരീരഭാഗം രോഗഗ്രസ്ഥമാകുകയും ചെയ്യുന്നു.

ആയുർവേദത്തിൽ എല്ലാ രോഗങ്ങളുടെയും കാരണം പചന(ദഹന) പ്രക്രിയയിൽ ഉള്ള വ്യത്യാസം ആകുന്നു. നാം കഴിക്കുന്ന ഭക്ഷണം അഗ്നിമാന്ദ്യത്തിനാൽ ദഹിക്കാതിരിക്കുകയും അന്നരസം മലിനമാവുകയും അധികമായി കഫം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. കഫത്തിന്റെ ആധിക്യത്തോടു കൂടി അന്നരസം രക്തത്തിൽ ചേരുകയും രക്തത്തോടു കൂടി ചേർന്നു സർവശരീരത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. അരി, വെള്ളം, വായു എന്നിവയുടെ സഹായത്താൽ കലത്തിലെ അരി എപ്രകാരം വേവുന്നുവോ അപ്രകാരം തന്നെ ആമാശയത്തിൽ വാതം, പിത്തം, കഫം എന്നിവയുടെ സംസർഗത്താൽ ആഹാരം പചിക്കപ്പെടുന്നു. ജലസ്വഭാവമുള്ള കഫത്തിന്റെ ആധിക്യത്താൽ പിത്തഗുണമുള്ള അഗ്നിയും കത്താൻ സഹായിക്കുന്ന വായുവും കത്തുന്ന അടുപ്പിലെ കനലിനെ ചാരമെന്നപോലെ കഫവും അഗ്നിയെ മറയ്ക്കുന്നു. ഇത് ആഹാരത്തിന്റെ പചനം ആമാശയത്തിൽ നടക്കാതിരിക്കാൻ കാരണമാകുന്നു.

തലനീരിറക്കം— ശിരസിൽ നിന്നു താഴേക്ക്

ഒരു വൃക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ വേരാകുന്നതുപോലെ ശരീരമാകുന്ന വൃക്ഷത്തിന്റെ വേരാകുന്നു ശിരസ്. രക്തത്തിൽ തിങ്ങിനിറഞ്ഞ മാലിന്യങ്ങൾ ശിരസിൽ സഞ്ചയിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങൾ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലായി പറ്റിപിടിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ദോഷങ്ങൾ മനസിനെയും മനസിന്റെ ദോഷങ്ങൾ ശരീരത്തെയും ബാധിക്കും. നീർക്കെട്ടുകൾ നിറഞ്ഞ ശരീരത്തിൽ കുടികൊള്ളുന്ന മനസിനെയും പലമാതിരി ദോഷങ്ങൾ ബാധിക്കുകയും മാനസികമായിട്ടുള്ള പല രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗത്തിനും കാരണമാകുന്നു. നീർക്കെട്ടുകൾ മുഖാന്തരം അടങ്ങിയിരിക്കുന്ന ശരീരകോശങ്ങളിലേക്കും സൂക്ഷ്മകോശങ്ങളിലേക്കും ആഹാരസാരാംശങ്ങളും പ്രാണവായുവും കലർന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാൽ പ്രസ്തുത അവയവത്തിന്റെ പ്രവർത്തനം സ്തംഭിച്ച് രോഗം ഉണ്ടാകുന്നു. ഈ രക്തം ശരീരത്തിൽ എത്തിച്ചേരാത്ത ഒരു ഭാഗവും ഇടവുമില്ല. ശുദ്ധമായ രക്തത്തിന്റെ ഗുണം ശരീരത്തിൽ നല്ല നിറം, ബലമുള്ള ശരീരം, തടസം കൂടാതെയുള്ള പചനപ്രക്രിയ, പിന്നെ പഞ്ചേന്ദ്രിയങ്ങളുടെയും മനസിന്റെയും ശരിയായ പ്രവർത്തനം എന്നിവയാകുന്നു.

വ്യായാമം ചെയ്യാതിരിക്കുക, ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുക, കഫസ്വഭാവം കൂടുതലുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുക, വിരുദ്ധാഹാരങ്ങൾ സേവിക്കുക.

ഉദാഹരണത്തിന് (മോര്, തൈര്, മത്സ്യം) (പാലും പഴവും) ഈ വിരുദ്ധാഹാരം കൊണ്ടും ക്രമംതെറ്റിയ ആഹാരസേവ കൊണ്ടും രക്തം വിഷസ്വഭാവമാകുകയും ചെയ്യുന്നു. എന്നാൽ വിരുദ്ധാഹാരങ്ങൾ കൊണ്ടുള്ള ദോഷങ്ങൾ കൊല്ലങ്ങളോളം ശരീരത്തിൽ നിലനിൽക്കുകയും ഇതു നിർവീര്യമാക്കാനോ വലിച്ചെടുക്കാനോ കഴിയാതെ അപാകിയായിട്ട് ശരീരത്തിൽ നിൽക്കുകയും പലവിധ മാറാരോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

മറ്റു രോഗാവസ്ഥകളിലേക്ക്

ശിരസിൽ നിന്നിറങ്ങുന്ന നീർക്കെട്ട് അസ്ഥിയിൽ സഞ്ചിതമായാൽ കഴുത്തുവേദന, കൈകാൽമുട്ടുകഴപ്പ്, സന്ധിവേദന, തോൾസന്ധിവേദന, കണംകാൽവേദന, നീര്, തലവേദന, കുത്തിനോവ് ഇവ ഉണ്ടാകുന്നു. ഇതിനെ രക്തവാതം അല്ലെങ്കിൽ ആമവാതം എന്നോ സന്ധിവാതമെന്നോ പറയുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, റുമാറ്റിക് ഫീവർ, ഗൗട്ട്, സീറോ നെഗറ്റീവ് ആർത്രൈറ്റിസ്, സെർവിക്കൽ റാഡിക്കുലോ മൈലോപ്പതി, സോറിയാറ്റിക് ആർത്രൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകുന്നു.

നീർക്കെട്ട് ശിരസിൽ സഞ്ചയിച്ചാൽ— തലവേദന, തലചുറ്റൽ, വിവിധയിനം നേത്രരോഗങ്ങൾ, മൂക്കടപ്പ്, മൂക്കിൽ ദശ, പനി, ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം, ചെവിവേദ എന്നിവ ഉണ്ടാകുന്നു.

നീർക്കെട്ട് മസ്തിഷ്കത്തിൽ സഞ്ചിതമായാൽ— മോട്ടോർ ന്യൂറോൺ ഡിസീസ്, കോർട്ടിക്കൽ അട്രോഫി, ബ്രെയിൻ ട്യൂമർ, ഡിമൻഷ്യ, അൽഷൈമേഴ്സ് ഡിസീസ്.

നീർക്കെട്ട് തൊണ്ടയിൽ സഞ്ചിതമായാൽ— തൈറോയിഡിന്റെ ബുദ്ധിമുട്ട്, ഫാരിൻജൈറ്റിസ്, ലാരിൻജൈറ്റിസ്, ടോൺസിലൈറ്റിസ്, കൂർക്കംവലി, ശ്വാസതടസം.

നീർക്കെട്ട് ശ്വാസകോശങ്ങളിൽ സഞ്ചിതമായാൽ— നടക്കുമ്പോൾ കിതപ്പ്, കൊറോണറി ഹാർട്ട് ഡിസീസ്, മയോകാർഡിയൽ ഇൻഫാർക്ഷൻ, ഹൈപ്പർടെൻഷൻ.

നീർക്കെട്ട് കരളിൽ സഞ്ചിതമായാൽ— ഫാറ്റി ലിവർ, ഹെപ്പറ്റോമെഗലി, ലിവർ സിറോസിസ്, പ്രമേഹം.

നീർക്കെട്ട് ആമാശയത്തിൽ സഞ്ചിതമായാൽ— പുളിച്ചു തികട്ടൽ, ഗ്യാസ്ട്രബിൾ, വയറുവീർപ്പ്, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ഏമ്പക്കം, അൾസർ ഇവയുണ്ടാകുന്നു.

നീർക്കെട്ട് വൃക്കയിലും മൂത്രാശയത്തിലും സഞ്ചിതമായാൽ— മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ നിറഭേദം, കുറച്ചു മൂത്രം മാത്രം പോകുക, മൂത്രം കൂടുതലായി പോകുക, പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ, യൂറിൻ ടർബിഡിറ്റി.

നീർക്കെട്ട് രക്തത്തിൽ സഞ്ചിതമായാൽ— ചുട്ടുപുകച്ചിൽ, ത്വക്ക്രോഗങ്ങൾ, ഉദാഹരണത്തിന്: സോറിയാസിസ്, എക്സിമ, ത്വക്കിൽ നിറഭേദം, കരിവാളിച്ച നിറം എന്നിവയുണ്ടാകുന്നു. ഉറക്കമില്ലായ്മ, മാനസിക അസ്വസ്ഥത, ദേഷ്യം, വിഷമം, അനവസ്ഥിത, ചിത്തത്വം (മനോവിഭ്രാന്തി), ദുഃസ്വപ്നങ്ങൾ കാണുക, ജോലി ചെയ്യാൻ താൽപര്യമില്ലായ്മ, പലവിധ രോഗങ്ങൾ ഉണ്ടെന്നു സംശയം, ഡിപ്രഷൻ, ടെൻഷൻ എന്നിവയുണ്ടാകും.

നീർക്കെട്ട് ഗർഭാശയത്തിൽ സഞ്ചിതമായാൽ— ആർത്തവ തകരാറുകൾ, പിസിഒഡി, വന്ധ്യത, ചോക്ലേറ്റ്സിസ്റ്റ്, നബോത്തിയാൻ സിസ്റ്റ്, ഡെർമോയ്ഡ് സിസ്റ്റ്, ഡിസ്ഫങ്ഷനൽ യൂട്രൈൻ ബ്ലീഡിങ്, ഗർഭാശയമുഴകൾ എന്നിവ ഉണ്ടാകുന്നു.

രോഗപ്രതിരോധമാർഗങ്ങൾ

അറിഞ്ഞും അറിയാതെയും ദിനംപ്രതി നാം ചെയ്യുന്ന അപഥ്യാഹാരസേവനം മുതലായ കാരണങ്ങളാൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ശരീരം മലം, മൂത്രം, വിയർപ്പ് എന്നിവയുടെ രൂപത്തിൽ പുറന്തള്ളുന്നു. ആയാസകരമായ പ്രവർത്തികളിൽ ഏർപ്പെടാത്ത അലസനായ ഒരുവന്റെ ശരീരത്തിൽ നിന്നുപോലും ദിനംപ്രതി ഏകദേശം അരലിറ്റർ വിയർപ്പ് പുറന്തള്ളപ്പെടുന്നുണ്ട്. ഇതിനു ശരീരത്തെ സഹായിക്കുക മാത്രമാണു രോഗപ്രതിരോധത്തിനുവേണ്ടി നാം ചെയ്യേണ്ടത്. പകലുറക്കം ഒഴിവാക്കുക, ചൂടുവെള്ളം കുടിക്കുക, എരിവ്, പുളി, ഉപ്പ് ഇവ അധികമായ അളവിലടങ്ങിയിട്ടുള്ളതും ഫാസ്റ്റ്ഫുഡും ഉപേക്ഷിക്കുക. വിയർക്കുന്നതുവരെ വ്യായാമം ചെയ്യുന്നതു നല്ലതാണ്.

നീരിറക്കത്തെ തടയാം

ആയുർവേദപ്രകാരം ശാരീരികരോഗങ്ങൾക്ക് ഒരു കാരണം ശോഫം (നീര്) ആണ്. കേരളീയ വൈദ്യന്മാർ ഇതിനെ നീരിറക്കം എന്നു പറയുന്നു. ഈ നീരിറക്കത്തെ അതിന്റെ പ്രാഥമിക അവസ്ഥയിൽ ചികിത്സിക്കാതിരുന്നാൽ ഈ നീര് ശരീരത്തിന്റെ ഏതു ഭാഗത്തു സഞ്ചിതമാകുന്നുവോ അതതു ഭാഗങ്ങളിൽ രോഗത്തെ ഉണ്ടാക്കുന്നു. നീരിറക്കം സ്പർശഗ്രാഹ്യമായാൽ സാധാരണക്കാർ ഇതിനെ നീർക്കെട്ട് എന്നു വിളിക്കും. ഈ നീർക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നതിലൂടെ നമുക്ക് വരാനിരിക്കുന്ന രോഗങ്ങളെ തടയാനും സാധിക്കും.

നീർ പിടുത്തവും എണ്ണകളും ചികിത്സയും

നീർപിടുത്തത്തിന് സഹായിക്കുന്ന ഉചിതമായ എണ്ണകളും ഉണ്ട്. ഉദാഹരണത്തിന്: ഗുഗ്ഗുലു തിക്തക എണ്ണ, ബലാഗുളിച്യാദി എണ്ണ, അരിമേദാദി എണ്ണ, അസന ഏലാദി എണ്ണ, വില്വാദി എണ്ണ, പലതരം കഷായയാഗങ്ങൾ, ഉദാഹരണത്തിന്: ബൃഹത്കട്ഫലാദി കഷായം, അർധവില്വാംകഷായം, കോകിലാക്ഷം കഷായം, പുനർന്നവാദി കഷായം, ദശമൂലപഞ്ചകോല കഷായം എന്നിവയാണ്. ചന്ദ്രപ്രഭ ഗുളിക, കൗഡജത്രിഫല ലേഹ്യം, ഷഡ്ധരണ ചൂർണം, ഹിംഗുവചാദി ചൂർണം, ദശമൂലഹരീതകി ലേഹ്യം, ആവിൽത്തോലാദി ഭസ്മം എന്നീ മരുന്നുകൾ വൈദ്യനിർദേശമനുസരിച്ചു തലനീരിറക്കത്തിന് ഉപയോഗിക്കാം. പഞ്ചകർമങ്ങളായ നസ്യം, വമനം, വിരേചനം, വസ്തി, രക്തമോക്ഷണം, കബളം, ധൂമപാനം, സ്വേദക്രിയകൾ എന്നിവയും ചെയ്യാം.

നീർക്കെട്ട് വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിലെ പ്രതിരോധശക്തിയെ ബാധിക്കും. ഈ രോഗികൾ രക്തം പരിശോധിച്ചാൽ ഇ എസ് ആർ കൂടുതലായും രക്തത്തിലെ ഇരുമ്പിന്റെ അംശം (ഹീമോഗ്ലോബിൻ) കുറഞ്ഞിരിക്കുന്നതായും കാണാം.

നീർക്കെട്ടും നേത്രരോഗങ്ങളും

കണ്ണുകളിൽ ദൂഷിതകഫം സഞ്ചയിക്കുമ്പോൾ വിവിധതരത്തിലുള്ള നേത്രരോഗങ്ങൾ ഉണ്ടാവുന്നു. കഫസ്ഥാനമായ ശിരസിൽ സ്ഥിതി ചെയ്യുന്ന നേത്രത്തിൽ പിത്തത്തിനും തേജസിനുമാണ് ആധിക്യം. തലനീരിറക്കത്തിന്റെ ഫലമായി ദുഷിക്കുന്ന കഫം കണ്ണുകളിൽ സഞ്ചയിച്ചു വിവിധ നേത്രരോഗങ്ങൾ ഉണ്ടാക്കി കാഴ്ചശക്തിയും കണ്ണുകളുടെ തേജസും സൗന്ദര്യവും നശിപ്പിക്കുന്നു.

നേത്രാന്തർമർദം വർധിപ്പിക്കുന്നു (ഗ്ലോക്കോമ), കഫജതിമിരം (കാറ്ററേക്റ്റ്), കുട്ടികളാണെങ്കിൽ ദൂരക്കാഴ്ചയ്ക്കു ബുദ്ധിബുട്ട് (മയോപ്പിയ), പ്രമേഹരോഗികളിൽ പിത്താഭിഷ്യന്തം (ഡയബറ്റിക് റെറ്റിനോപ്പതി), വിട്ടുമാറാത്ത കണ്ണുചൊറിച്ചിൽ, തടിപ്പ്, കണ്ണുകളുടെ ഞരമ്പുകളെ ക്ഷയിപ്പിക്കുന്ന റെറ്റിനൈറ്റിസ്, പിഗ്മെന്റോസ, മാക്കുലർ ഡിജനറേഷൻ, ഒപ്റ്റിക് അട്രോഫി എന്നീ നേത്രരോഗങ്ങൾ ഉണ്ടാക്കി കണ്ണുകളുടെ കാഴ്ചയും സൗന്ദര്യവും നശിപ്പിക്കുന്നു.

നേത്രചികിത്സ ചെയ്യാം

നേത്രരോഗങ്ങളിൽ ഫലപ്രദമായ ചികിത്സകൾ.

1. നേത്രധാര (അക്ഷിസേകം)— കണ്ണിൽ അടിഞ്ഞ മാലിന്യങ്ങൾ വൃത്തിയാക്കാനും കാഴ്ചശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.

2. അഞ്ജനം (കണ്ണിൽ മരുന്നെഴുതൽ/കൺമഷിയെഴുതൽ)— കണ്ണിൽ കെട്ടിയിരിക്കുന്ന ദോഷങ്ങൾ പുറത്തേക്കു വാർത്തുകളയാനും കാഴ്ചയുടെ സൂക്ഷ്മത വർധിപ്പിക്കാനും സഹായിക്കുന്നു.

3. നസ്യം (മരുന്നു മൂക്കിൽ ഇറ്റിച്ച് കഫം വലിച്ചു തുപ്പുക)— കണ്ണുകളിലും സൈനസുകളിലും തലയിലും അടിഞ്ഞ ദൂഷിത കഫത്തെ ഇളക്കിക്കളയുന്നു.

4. കബളം (മരുന്നിട്ടു തിളപ്പിച്ച കഷായം ചെറുചൂടിൽ കവിൾകൊള്ളൽ)— വായിലും തൊണ്ടയിലും മോണയിലും അടിഞ്ഞ കഫത്തെ ശുദ്ധീകരിക്കുന്നു.

ഗുണങ്ങൾ: സ്വാദ് വർധിപ്പിക്കുന്നു, കഫദോഷങ്ങളെ അകറ്റുന്നു.

5. വിഡാലകം (പുറമ്പട)— മരുന്നു യുക്തമായ ദ്രവത്തിൽ അരച്ചു കൺപോളകളിൽ പുരട്ടൽ.

ഗുണങ്ങൾ— കണ്ണുകളിലെയും കൺപോളകളിലെയും നീർക്കെട്ടു മാറ്റി രക്തസഞ്ചാരം വർധിപ്പിക്കുന്നു.

ഇത്തരം ചികിത്സകൾ കൊണ്ടു കഫനിർഹരണത്തിനു ശേഷം കണ്ണുകൾക്കു പുഷ്ടിയും ബലവും വർധിപ്പിക്കുന്ന തർപ്പണം, പുടപാകം തുടങ്ങിയ ചികിത്സകൾ വളരെ ഫലപ്രദമാണ്.

ഈർപ്പവും നീർക്കെട്ടും

കാലാവസ്ഥയുമായി ബന്ധപ്പെട്ടു ശരീരത്തിൽ നീർക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈർപ്പം കൂടിയ വായു നിറഞ്ഞ കാലാവസ്ഥ നീർക്കെട്ട് വർധിപ്പിക്കുന്നതായി കാണുന്നു. ഈർപ്പം (50—60)ഹ്യൂമിഡിറ്റിയുടെ ഇടയിൽ വരുന്നതാണ് ഏറ്റവും ആരോഗ്യകരമായ അന്തരീക്ഷം. കേരളത്തിൽ ഇതുപല സ്ഥലങ്ങളിലും 80നു മുകളിലാണ്. അതുകൊണ്ടുതന്നെ ഈർപ്പം കൂടുതലുള്ളതിനാൽ നീരിറക്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുതലാണ്.

ഡോ. ഡി. രാമനാഥൻ

ചീഫ് ഫിസിഷ്യൻ

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,

വെളിയന്നൂർ റോഡ്, തൃശൂർ