Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയും വയറുമറിഞ്ഞ് കഴിക്കാം

food-ayurveda

നമ്മുടെ ഭക്ഷണ രീതിയിൽ ഒരുപാടു മാറ്റം ആവശ്യമാണ്. കാരണം ഭക്ഷണം നമ്മെ ഇന്നു രോഗികളാക്കുകയാണ്. പുകയില ഉൽപന്നങ്ങൾ, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ പോലെ തന്നെ പ്രാധാന്യം കൊടുത്തു പുതിയ കാലത്തെഭക്ഷണ രീതിയും നാം ഉപേക്ഷിക്കണം എന്നാണ് ആയുർവേദം പറയുന്നത്. ജീവിക്കാൻ ഏതൊരു ജീവിക്കും ഭക്ഷണം വേണം, എന്നാൽ ഭക്ഷണം നമ്മെ രോഗിയാക്കുകയാണിപ്പോൾ. അപ്പോൾ നാം അവ ഒഴിവാക്കണം.

ഇന്നു നാം കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഏറിയ പങ്കും അപകടകാരികളാണ്. നമ്മുടെ കാലാവസ്ഥയ്ക്കും ചുറ്റുപാടുകൾക്കും ഇണങ്ങാത്തഭക്ഷണം ശീലമാക്കിയതാണ് ഇൗ അപകടത്തിനു കാരണം. നമ്മെ രോഗിയാക്കുന്ന ആഹാരരീതി ഒഴിവാക്കുക. പുതിയ തലമുറയെ നാശത്തിലേക്കു വലിച്ചിഴക്കാതിരിക്കുക.

നമ്മുടെ നാട്ടിൽ ചെറുപ്രായത്തിലെവാർധക്യം ബാധിച്ച ഒരുപാടു പേരെ കാണാനാകും. പ്രമേഹം, പ്രഷർ, അൾസർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളാണ്ഇന്നു ചെറുപ്പക്കാർക്ക്. ഇതെല്ലാം ഉണ്ടാകാൻ കാരണം പുതിയ കാലത്തെ ജീവിത ശൈലികളാണെന്നാണ് ആയുർവേദംപറയുന്നത്. കാലാവസ്ഥയ്ക്കും സാമൂഹ്യ ചുറ്റുപാടുകൾക്കും ഇണങ്ങാത്ത ഭക്ഷണം കഴിക്കുന്നതാണു രോഗ കാരണം.

പ്രപഞ്ചത്തിലെ എല്ലാത്തിനും ഉള്ളതുപോലെമനുഷ്യന്റെ ഭക്ഷണ രീതിക്കും ഒരു താളമുണ്ട്. ആ താളത്തിനനുസരിച്ചാണ് മനുഷ്യൻ ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ ഇന്ന് ആ താളം തെറ്റിയിരിക്കുകയാണ്. അതു തെറ്റിയതാണ് എല്ലാ തകർച്ചയ്ക്കും കാരണം.

ആദ്യകാലത്ത് മനുഷ്യൻ രണ്ടു നേരമാണ് ഭക്ഷണം കഴിച്ചിരുന്നത്. പ്രഭാതത്തിലും വൈകുന്നേരവും. പിന്നെയത് മൂന്നു നേരമായി. ഇപ്പോൾ കൃത്യമായി ഒരു സമയമില്ല. തോന്നുമ്പോൾ തോന്നിയ പോലെ ഭക്ഷണം കഴിക്കുകയാണ് നമ്മൾ. ഭക്ഷണത്തെ ദൈവമായി കാണാൻ ആയുർവേദം പറയുന്നു. എന്നാൽ ഇന്ന് ഒരു ബഹുമാനവും ഭക്ഷണത്തിനു നൽകുന്നില്ല; അതാണ് ഇന്നത്തെ രോഗത്തിന്റെ പ്രധാന കാരണം.

വിരുദ്ധാഹാരങ്ങൾ

നാം എല്ലാദിവസവും കഴിക്കുന്ന ആഹാരങ്ങളിൽ ചിലത് ഒരിക്കലും തമ്മിൽ ചേരാത്തവയാണ്. അങ്ങനെ ഉള്ളവഭക്ഷണരീതിയിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ഭക്ഷണം കഴിക്കുന്ന രീതിയിലും നാം ഏറെ മാറ്റം വരുത്തേണ്ടതായുണ്ട്. ചിക്കൻ ബിരിയാണിയും തൈര് സാലഡും, തൈരും മീനും, പാലും പുളിയുള്ള പഴവും, പാൽ ചേർത്തുള്ള മീൻകറി, ഒരിക്കൽ ഉപയോഗിച്ച എണ്ണ, തോന്നിയ സമയത്തെ ഭക്ഷണം കഴിക്കൽ, വായിച്ചും ടിവി കണ്ടുമുള്ള ഭക്ഷണം കഴിക്കൽ ഇവയെല്ലാം ഒഴിവാക്കേണ്ടതു തന്നെ.

നാവിനെ മാനിച്ചാൽ ആരോഗ്യം സൂക്ഷിക്കാം

നാവ് നന്നായാൽ ആരോഗ്യത്തിനു വലിയ കേടുണ്ടാകില്ല എന്നു കേട്ടിട്ടില്ലെ. അത് നാക്കിട്ടടിച്ചു ശരീരത്തിനു കേടു വരുത്തുന്ന സ്വഭാവത്തെക്കുറിച്ചു മാത്രമുള്ളതല്ല. കൃത്യമായ ഭക്ഷണശൈലിയെക്കുറിച്ചു കൂടിയാണ്. ഏതു രീതിയിൽ നോക്കിയാലും നമ്മുടെ ശരീരത്തിലെ ഏറ്റവും കഴിവുള്ള അവയവങ്ങളിലൊന്നാണ് നാക്ക്. എണ്ണിയാൽ തീരാത്ത രൂചി വ്യത്യാസങ്ങളാണ് നാവിനു തിരിച്ചറിയാൻ കഴിയുക. നാവിന്റെ ഇൗ ഗുണം പുതിയ തലമുറയ്ക്കു നഷ്ടമാകുന്നു എന്നാണ് സാഹചര്യങ്ങൾ തെളിയിക്കുന്നത്. കാരണം ഭക്ഷണ രീതിയിലുള്ള മാറ്റം തന്നെ. ഓരോ ഭക്ഷണവും കഴിക്കാൻ ചില രീതികളുണ്ട്. അവയ്ക്കനുസരിച്ചു കഴിച്ചില്ലെങ്കിൽ ഭക്ഷണം നാവിനു രുചികരമാകില്ല. അങ്ങനെ ആകാത്തത് അപകടമാണ്. അതുമാത്രമല്ല, കടകളിൽ നിർമിച്ചു വച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളുടെ ചുരുക്കം ചില രുചികൾ മാത്രമാണ് പുതിയ തലമുറയ്ക്കു പരിചയം. അത് നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ളവയുമല്ല.

അഞ്ചു തരത്തിലുള്ള ഭക്ഷണങ്ങളാണ് ഉള്ളതെന്ന് ആയുർവേദം പറയുന്നു. കടിച്ചു തിന്നാനുള്ളത്, ചോറുപോലെ കുഴച്ചു തിന്നാനുള്ളത്, കുടിക്കാനുള്ളത്, നക്കി തിന്നാനുള്ളത്, ചവച്ച് ഉൗറിക്കുടിക്കാനുള്ളത്. ശാസ്ത്രം പറയും വിധം കട്ടിയുള്ള ആഹാരം കടിച്ചു തന്നെ കഴിക്കണം. ചോറുപോലുള്ള ആഹാരങ്ങൾ ഭോജിക്കുകയാണ്. അവയാണ് കുഴച്ചു കഴിക്കേണ്ട ആഹാരം. പാനീയം കുടിക്കുവാനുള്ളത്. ലേഹ്യം, അച്ചാറ് തുടങ്ങിയവ നക്കി തിന്നാനുള്ളതാണ്. കരിമ്പു പോലുള്ള ആഹാരമാണ് ചവച്ചരച്ച് ഉൗറിക്കുടിക്കാനുള്ളത്. മേൽ പറഞ്ഞ രീതിയിൽ കഴിച്ചാൽ മാത്രമെ ഓരോന്നിന്റെയും രുചിയറിഞ്ഞു കഴിക്കാനാകൂ. അച്ചാറ് ചോറിൽ കുഴച്ചു കഴിക്കുന്നതും കരിമ്പ് ജ്യുസടിച്ചു കുടിക്കുന്നതും ആഹാര വിധി പ്രകാരം ശരിയല്ല. അവയ്ക്കെല്ലാം പ്രകൃതി കൊടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങളാണ്. ചവച്ച് ഉൗറിക്കുടിക്കുമ്പോൾ രുചി മാത്രമല്ല, പല്ലുകളുടെ ബലം കൂടിയാണ് ഉറപ്പാകുന്നത്.

നമുക്ക് കഴിക്കാവുന്നതും, കഴിക്കാൻ പാടില്ലാത്തതും...

തവിട് കളയാത്ത അരി, ഗോതമ്പ് ,ആട്ടിറച്ചി, മുള്ളങ്കി, നെല്ലിക്ക, മുന്തിരിങ്ങ, പടവലം, ചെറുപയർ, പഞ്ചസാര, നെയ്യ്, പാൽ, തേൻ, മാതളം, ഇന്തുപ്പ് അരിയാഹാരങ്ങളായ ചോറ് ,ദോശ, പുട്ട്, അപ്പം, പരിപ്പുപയോഗിച്ചുള്ള കറികൾ, പച്ചക്കറി തോരൻ, കോഴക്കൊട്ട, ചപ്പാത്തി ,അട തുടങ്ങിയ വിഭവങ്ങളൊക്കെ കേരളത്തിന്റെ കാലാവസ്ഥയ്ക്കും ചുറ്റുപാടുകൾക്കും പൂർണമായും ഇണങ്ങുന്ന ഭക്ഷണങ്ങളാണ്. പഴങ്കഞ്ഞിയും കപ്പയും നമ്മുടെ നാടൻ ഭക്ഷണങ്ങളാണ്. എന്നാൽ നന്നായി അധ്വാനിക്കുന്നവരാണ് ഇൗ ഭക്ഷണങ്ങൾ കഴിക്കേണ്ടത്. അമിതമായി ശാരീരിക അധ്വാനം ഇല്ലാത്തവർ ഇവ സ്ഥിരമായി കഴിച്ചാൽ അത് ആരോഗ്യത്തിനു നന്നല്ല.

പൊറോട്ട, ന്യൂഡിൽസ്, ബ്രോയിലർ ചിക്കൻ, വറുത്ത ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ കഴിക്കാൻ പാടില്ലാത്തവയാണ്. പന്നിയിറച്ചി കഴിച്ച് ഉടൻ തന്നെ ചൂടുവെള്ളം കുടിക്കരുത്. കൊറിക്കാനായി നാം ഉപയാഗിക്കുന്ന കപ്പ വറുത്തത്, നുറുക്ക്, വാഴക്കാവറുത്തത് തുടങ്ങിയ ഭക്ഷണ സാധനങ്ങളും നമുക്ക് യോജിച്ചവയല്ല. രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും നല്ലതല്ല. മൈദ, എണ്ണ തുടങ്ങിയവ കൂടുതൽ അടങ്ങിയ ഭക്ഷണവും ഒഴിവാക്കണമെന്നും ആയുർവേദം പറയുന്നു.

വിരോധ ഭക്ഷണത്തിനൊപ്പം തന്നെ നാൽകവലയിൽ നിന്നു ഭക്ഷണം കഴിക്കുന്നതും കോപിഷ്ടമായും ടെൻഷനോടെയും ഭക്ഷണം കഴിക്കുന്നതും തെറ്റാണ്.

കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം

കൊച്ചു കുട്ടികളുടെ കാര്യത്തിൽ നാം എന്നും വലിയ ആകുലത കാണിക്കാറുണ്ട്. എന്നാൽ നല്ലതെന്നു കരുതി നാം അവർക്കുകൊടുക്കുന്ന ആഹാരം പലപ്പോഴും കൊച്ചു കൂട്ടികൾക്കു യോജിക്കാത്തവയാണ്. കുട്ടികൾക്കു കൊടുക്കുന്ന ബിസ്കറ്റ് കുറുക്കാണ് ഒരിക്കലും കൊടുക്കാൻ പാടില്ലാത്തത്. കാരണം അവർക്കു ദഹനം കുറവും വളർച്ച കൂടുതലും ഉള്ള സമയമാണിത്. മൈദ ചേർത്തുള്ള ഒരു ഭക്ഷണവും കുട്ടികൾക്കു കൊടുക്കാൻ പാടില്ല. നമ്മുടെ തൊടിയിലെ നാടൻ സാധനങ്ങളായ വാഴയ്ക്ക, കൂവയ്ക്ക തുടങ്ങിയ വസ്തുക്കൾ പൊടിച്ചു കുറുക്കി കൊടുക്കുന്നതാണ് ഉത്തമം.

ആയുർവേദം പറയുന്നു, എങ്ങനെ ഭക്ഷണം കഴിക്കണമെന്ന്.

ചൂടുള്ള ഭക്ഷണം കഴിക്കുക

മയമുള്ളത് കഴിക്കുക

അളവനുസരിച്ചു കഴിക്കുക

മുൻപേ കഴിച്ചത് ദഹിച്ചശേഷം കഴിക്കുക

ചേരാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക

ഇഷ്ടമുള്ള സ്ഥലത്തിരുന്നു കഴിക്കുക

ഇഷ്ടപ്പെട്ട സജ്ജീകരണങ്ങളോടെ കഴിക്കുക

അധികം വേഗത്തിൽ കഴിക്കരുത്

അധികം സമയമെടുത്തും കഴിക്കരുത്

ഭക്ഷണ സമയം സംസാരം ഒഴിവാക്കുക

ഭക്ഷണ സമയം ചിരി ഒഴിവാക്കുക

ഭക്ഷണ സമയം മനസും ശരീരവും ഭക്ഷണത്തിൽ കേന്ദ്രീകരിക്കുക.

Your Rating: