രോഗം മാറ്റാൻ ഒറ്റമൂലികൾ

മുക്കുറ്റി, കൃഷ്ണതുളസി, ശതാവരി

വീട്ടുമുറ്റത്ത് നിർബന്ധമായും ഉണ്ടാകേണ്ട ഏതാനും ഔഷധച്ചെടികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാർശ്വഫലങ്ങളില്ലാത്തതും ഉടനടി ഫലം തരുന്നതുമായ ഈ പച്ചമരുന്നുകൾ നിങ്ങളുടെ കുടുംബത്തെ രോഗങ്ങളിൽ നിന്നു വിമുക്തമാക്കും.

മുക്കുറ്റി - വേദനയ്ക്കും വിഷത്തിനും

∙ മുക്കുറ്റി സമൂലം വെള്ളം തൊടാതെ അരച്ച് മുറിവിൽ വച്ചുകെട്ടി നനയ്ക്കാതിരുന്നാൽ മുറിവുകൾ മൂന്നു ദിവസത്തിനുള്ളിൽ കരിയും.

∙ മുക്കുറ്റി ഇലകൾ അരച്ച് മോരിൽ കലക്കി കുടിച്ചാൽ വയറിളക്കം ശമിക്കും.

∙ കടന്നൽ കുത്തിയാൽ മുക്കുറ്റി അരച്ച് വെണ്ണ ചേർത്ത് പുരട്ടുക.

∙ മുക്കൂറ്റി സമൂലം അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.

∙ മുക്കുറ്റിയും തിപ്പലിയും സമമെടുത്ത് മുലപ്പാലിലരച്ചു കുഞ്ഞുങ്ങൾക്കു നൽകിയാൽ പനിയും വയറിളക്കവും ശമിക്കും.

കൃഷ്ണതുളസി - മുഖക്കുരു മാറ്റാൻ ഫെയ്സ് പാക്ക്

∙ തുളസിയില നീര് പതിവായി പുരട്ടിയാൽ മുഖക്കുരുവും കറുത്തപാടുകളും മാറും.

∙ തുളസി സമം നാരങ്ങാനീരും ചേർത്തു പുരട്ടിയാൽ മുഖകാന്തി വർധിപ്പിക്കാം.

∙ തുളസി വേര് നന്നായരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.

∙ തുളസിയിലയും ജീരകവും ചേർത്ത് കഞ്ഞിവച്ച് കഴിച്ചാൽ പനി കുറയും.

∙ തുളസിവേരരച്ച് ചെറുചൂടുവെള്ളത്തിൽ കഴിച്ചാൽ കുട്ടികളിലെ കൃമിശല്യം ശമിക്കും.

∙ തുളസിയില കിടക്കയിൽ വിതറിയാൽ മൂട്ടയും കൊതുകും കുറയും.

∙ പതിവായി, തലയണയിൽ തോർത്തുവിരിച്ച് തുളസിയില വിതറി അതിൽ മുടിയഴിച്ചിട്ട് കിടന്നുറങ്ങിയാൽ പേൻശല്യം കുറയും.

∙ ചിലന്തി കടിച്ചാൽ തുളസിനീരിൽ മഞ്ഞൾ കലക്കി കുടിക്കുകയും പുറമേ പുരട്ടുകയും ചെയ്യാം.

ശതാവരി - അമിതമായ വെള്ളപോക്ക് മാറ്റാൻ

∙ ശതാവരിക്കിഴങ്ങിൻ നീരിൽ രാമച്ചം അരച്ചു പുരട്ടിയാൽ വാതം മൂലം കൈയിലും കാലിലുമുണ്ടാകുന്ന ചുട്ടുനീറ്റൽ ശമിക്കും.

∙ 60 ഗ്രാം ശതാവരിക്കിഴങ്ങ് തൊലിയും നാരും കളഞ്ഞ് ചതച്ച് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന അമിതമായ വെള്ള പോക്ക് കുറയും.

∙ ശതാവരിക്കിഴങ്ങിന്റെ നീര് പാലിൽ ചേർത്തു കഴിച്ചാൽ മൂത്രച്ചുടിച്ചിൽ മാറും. ഇതു രക്തപിത്തം കുറയ്ക്കും. ശരീരം തണുപ്പിക്കും.

പനിക്കൂർക്ക - കുട്ടികളിലെ പനിക്ക് ഉടനടി ശമനം

∙ ഇലവാട്ടി നെറുകയിൽ ഇറ്റിക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന ജലദോഷം, പനി ഇവ മാറ്റും.

∙ പനിക്കൂർക്ക ഇലയുടെ നീരിൽ തുളസിയില നീര് കലർത്തി തേൻ ചേർത്ത് സേവിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവ ശമിപ്പിക്കും.

∙ പനിമൂലമുള്ള ചൂടു കുറഞ്ഞ് ദേഹം തണുക്കാനായി പനിക്കൂർക്കയിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിപ്പിക്കാം.

മഞ്ഞൾ - വീട്ടുമുറ്റത്തെ വിഷഹാരി

∙ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗത്ത് മഞ്ഞൾ അരച്ചുപുരട്ടാം.

∙ പഴുതാരവിഷത്തിന് മഞ്ഞളും തുളസിയിലയും ചേർത്തരച്ച് പുരട്ടാം.

∙ ചെറിയ പ്രാണികൾ കടിച്ചോ മറ്റോ കുട്ടികളുടെ ദേഹം തിണർത്താൽ പച്ചമഞ്ഞളും കൃഷ്ണതുളസിയിലയും ചേർത്തരച്ച് ഇടാം.

∙ മഞ്ഞൾ ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് ദിവസേന കഴിച്ചാൽ പ്രതിരോധശക്തി കൂടും. ജലദോഷം വരില്ല.

∙ പച്ചമഞ്ഞളും മൈലാഞ്ചിയും അരച്ച് കുഴിനഖം പൊതിഞ്ഞാൽ കുഴിനഖം മാറും.

∙ അമിത വിയർപ്പ് മാറാൻ ശരീരത്തിൽ മഞ്ഞൾ അരച്ച് തേച്ച് കുളിക്കുന്നതു നല്ലതാണ്.

∙ നിറം വയ്്ക്കാൻ മഞ്ഞളും കടലമാവും ചേർത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കുളിക്കാം.

∙ എല്ലാത്തരത്തിലുമുള്ള അലർജി കുറയാൻ ഒരു സ്പൂൺ പച്ചമഞ്ഞൾ നീര് തേനും ചേർത്ത് ദിവസവും രാവിലെ കഴിക്കാം.

പനിക്കൂർക്ക, മഞ്ഞൾ, പൂവാംകുറുന്നില

പൂവാംകുറുന്നില - ചെങ്കണ്ണിനു മരുന്ന്

∙ പൂവാംകുറുന്നില വെള്ളം തൊടാതെ പിഴിഞ്ഞ് നീരെടുത്ത് കണ്ണിൽ ഒഴിക്കുന്നത് ചെങ്കണ്ണ് കുറയ്ക്കും. അണുബാധ ഉണ്ടാകാതിരിക്കാൻ ഇല ചെറുചൂടുവെള്ളത്തിൽ കഴുകി നനവു മാറ്റി ഉപയോഗിക്കാം.

∙ പനി, തൊണ്ടവേദന എന്നിവ മാറ്റാൻ പൂവാംകുറുന്നില നീരിൽ സമം തേൻ ചേർത്ത് കഴിക്കണം.

∙ പൂവാംകുറുന്നില ഇടിച്ചു പിഴിഞ്ഞനീരിൽ വെളുത്ത കോട്ടൺ തുണി മുക്കിയുണക്കി കത്തിച്ചെടുക്കുന്ന കരി എണ്ണയിൽ ചാലിച്ച് കണ്ണെഴുതാം.

ആടലോടകം - ചുമ മാറ്റാൻ കഫ് സിറപ്പിലും മെച്ചം

∙ ചുമ മാറാൻ ഏഴ് ഇലകൾ ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ 24 ഗ്രാം തേൻ ചേർത്ത് കഴിക്കുക. ഇത് ആസ്ത്മ കുറയാനും നല്ലതാണ്.

∙ ആടലോടകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ ആട്ടിൻ പാൽ ചേർത്ത് കാച്ചിക്കുടിക്കുന്നതും ആസ്ത്മ കുറയും.

∙ ആടലോടകത്തില ഉണക്കിപ്പൊടിച്ച് കൽക്കണ്ടവും ജീരകവും ചേർത്തു കഴിച്ചാലും ചുമ ശമിക്കും.

∙ അധികമായുണ്ടാകുന്ന ആർത്തവം ക്രമപ്പെടുത്താൻ 15 മില്ലി ഇലനീരിൽ 15 ഗ്രാം ശർക്കര കലർത്തി രണ്ടു നേരം കഴിക്കാം.

∙ ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീര് കുരുമുളകുപൊടി ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറും.

മുയൽച്ചെവിയൻ - ടോൺസിലൈറ്റിസിന് ഒറ്റമൂലി

∙ മുയൽച്ചെവിയന്റെ ഇല ഉപ്പു ചേർത്ത് തിരുമ്മിയെടുത്ത നീര് തൊണ്ടയ്ക്കു പുറമേ പുരട്ടിയാൽ ടോൺസലൈറ്റിസ് മാറും.

∙ മുയൽച്ചെവിയന്റെ ഇല തിളപ്പിച്ചു കുറുക്കി കഷായമാക്കി കഴിക്കുന്നത് പനി കുറയ്ക്കും.

∙ മുയൽച്ചെവിയൻ സമൂലം അരച്ച് മോരിൽ കലർത്തി കഴിക്കുന്നതു വഴി രക്താർശസ് ശമിപ്പിക്കാം.

ബ്രഹ്മി - ഓർമയ്ക്കും ബുദ്ധിക്കും ഔഷധം

∙ ബ്രഹ്മി നീര് 10 മീ ലി അത്ര തന്നെ വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്കു കൊടുക്കുന്നതു ബുദ്ധിയും ഓർമശക്തിയും കൂട്ടാൻ സഹായകമാണ്.

∙ ബ്രഹ്മി വേരുൾപ്പെടെ അരച്ച് പാലിൽ ചേർത്തു കഴിക്കുന്നത് വിഷാദ രോഗത്തിനു ഫലപ്രദമാണ്.

∙ ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാനും സ്വരം നന്നാകാനും ശോധനയുണ്ടാകാനുമെല്ലാം ബ്രഹ്മി സമൂലം ഉപയോഗിക്കാം.

∙ ബ്രഹ്മി ഇടിച്ചു പിഴിഞ്ഞെടുത്ത നീരിൽ തേൻ ചേർത്ത് കഴിച്ചാൽ അമിതവണ്ണം കുറയും.

വയമ്പ് - കുട്ടികളിലെ ദഹനക്കേടിന്

∙ കുട്ടികൾക്കുണ്ടാകുന്ന ദഹനക്കുറവിനും ഛർദിക്കും മുലപ്പാലിൽ കുറച്ച് അളവിൽ വയമ്പരച്ച് കൊടുക്കാം.

∙ വയമ്പിന്റെ വേര് പൊടിച്ച് പശുവിൻ നെയ്യ് ചേർത്ത് കഴിക്കുന്നത് യൗവനം നിലനിർത്തും.

∙ വയമ്പ് തേനിലരച്ച് ചെറിയ കുട്ടികൾക്കു കൊടുക്കുന്നതു നല്ലതാണ്.

∙ പൂച്ച കടിച്ചാൽ കടിയേറ്റ ഭാഗത്തെ രക്തം ഞെക്കി പുറത്തു കളഞ്ഞിട്ട് വയമ്പും ചുക്കും കൂടി സമൂലം അരച്ചു പുരട്ടുക.

തഴുതാമ - രക്തസമ്മർദ്ദം കുറയ്ക്കാൻ

∙ തഴുതാമ ഇല പതിവായി തോരൻ വച്ചു കഴിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താം. വിളർച്ച മാറാനും ഇതു സഹായിക്കും.

∙ ഉയർന്ന രക്തസമ്മർദ്ദം താഴാൻ പത്തു ഗ്രാം തഴുതാമവേര് കഴുകി വൃത്തിയാക്കി നന്നായി അരച്ച് ചെറുചൂടുവെള്ളത്തിൽ രാവിലെ ഏതാനും ദിവസം കഴിക്കുക.

∙ തഴുതാമ ഇടിച്ചു പിഴിഞ്ഞ നീരിൽ പഴുത്ത പ്ലാവിലയുടെ ഞെട്ട്, ജീരകം ഇവ അരച്ചു കലക്കി നെയ്യിൽ മൂപ്പിച്ചു കഴിച്ചാൽ ഗ്യാസ്ട്രബിൾ മാറും.

∙ തഴുതാമ കഷായം വച്ച് കഴിച്ചാൽ മൂത്രാശയക്കല്ല് ഇല്ലാതാകും.

കയ്യോന്നി - ഹെർബൽ ഹെയർ ടോണിക്ക്

∙ കയ്യോന്നി പതിവായി താളിയായി ഉപയോഗിച്ചാൽ കണ്ണിനും തലയ്ക്കും കുളിർമയുണ്ടാകും. താരൻ മാറും. അകാലനര വരില്ല. മുടി കൊഴിച്ചിൽ നിന്ന് മുടി തഴച്ചു വളരും. കയ്യോന്നിനീര് നല്ലെണ്ണയിൽ കാച്ചി പതിവായി ഉപയോഗിക്കാം.

∙ ആടിന്റെ കരൾ ഇരുമ്പു ചീനച്ചട്ടിയിൽ നുറുക്കിയിട്ട് അത് മൂടി നിൽക്കും വിധം കയ്യോന്നി നീര് ഒഴിക്കുക. അടുപ്പിൽ വച്ച് കരിയാതെ നന്നായി ഇളക്കി വറ്റിക്കുക. ഇത് എള്ളെണ്ണയിൽ നന്നായി വറുത്തെടുത്ത് പൊടിച്ച് ഒരു ടീസ്പൂൺ വീതം രാവിലെയും വൈകിട്ടും കുട്ടികൾക്കു കൊടുത്താൽ അവർക്ക് ശരീരപുഷ്ടിയും രോഗപ്രതിരോധശേഷിയും ഉണ്ടാകും.

തഴുതാമ, കയ്യോന്നി, മുരിങ്ങയില

മുരിങ്ങ - കൊളസ്ട്രോൾ കുറയ്ക്കാൻ

∙ പ്രമേഹരോഗികൾ ദിവസവും മുരിങ്ങയില കറിയായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രമേഹം കുറയും.

∙ മുരിങ്ങയില ചതച്ചരച്ച് കുമ്പളങ്ങാനീരും ചേർത്ത് ഉപയോഗിച്ചാൽ ആസ്തമ കുറയും.

∙ രക്തം കട്ടപിടിക്കാതിരിക്കാനും കൊളസ്ട്രോൾ അളവ് കുറയ്ക്കാനും മുരിങ്ങയുടെ ഇലയും കായും പതിവായി കഴിക്കുന്നത് നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഇതു നന്നാണ്.

∙ മുരിങ്ങത്തൊലി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ചൂടുവെച്ചാൽ നീര് കുറയും. മുരിങ്ങയില നീരും ഉപ്പും കൂടിയരച്ചു പുരട്ടിയാൽ സന്ധികളിലെ നീരും വേദനയും കുറയും.

∙ മുരിങ്ങക്കറ മുറിവുണക്കും.

∙ മുരിങ്ങയിലച്ചാറ് പതിവായി കഴിക്കുന്നതു വഴി ഹൃദ്രോഗം തടയാം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ: കെ. എസ്. രജിതൻ, മെഡിക്കൽ സൂപ്രണ്ട്, ഔഷധി, തൃശൂർ.

ഡോ: ഗ്രേസി മാത്യു, അസോ. പ്രഫസർ, അഗ്രോണമി, എഎംപിആർഎസ്, ഓടക്കാലി.