പി.കെ. വാരിയരുടെ പേരിൽ സസ്യം വാരിയരാനം

ശാസ്ത്രലോകത്തിനു പുതുമ പകർന്ന് ആയുർവേദാചാര്യൻ ഡോ. പി.കെ. വാരിയരുടെ പേരിൽ ഇനി ഒരു സസ്യം. ‘ജിംനോസ്റ്റാക്കിയം വാരിയരാനം’ എന്നാണ് സസ്യത്തിന്റെ പേര്. ആര്യവൈദ്യശാലയുടെ കീഴിലെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോ. കെ.എം. പ്രഭുകുമാറിന്റെയും ഡയറക്ടർ ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിനു സമർപ്പിച്ചത്.

കണ്ണൂർ ജില്ലയിലെ ആറളം വന്യജീവി സങ്കേതത്തിൽനിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസിൽപ്പെട്ടതാണ് പുതിയ സസ്യം. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരോടുള്ള ബഹുമാനാർഥമാണ് ‘ജിംനോസ്റ്റാക്കിയം വാരിയരാനം’ എന്ന പേര് സസ്യത്തിനു നൽകിയത്. ഇന്ത്യയിൽ ഈ ജനുസിൽപ്പെട്ട 14 സസ്യങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ ഏഴെണ്ണം മാത്രമാണുള്ളത്.