Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വള്ളിച്ചെരുപ്പുമിട്ട് ട്രെഡ്മില്ലിൽ കയറിയാൽ?

treadmill

ഫിറ്റ്നസ് എന്നു പറഞ്ഞു പ്രധാനമന്ത്രി വരെ കാടിളക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? കേന്ദ്രമന്ത്രിമാർ പുഷ് അപ് എടുക്കുന്നു, സ്പോർട്സ് താരങ്ങൾ കസർത്ത് നടത്തുന്നു, വയോധികർ വരെ ചാലഞ്ച് ഏറ്റെടുത്ത് ഓരോ കുണ്ടാമണ്ടികൾ കാട്ടുന്നു. 

ഇങ്ങനെ ‘സകലമാന പേരും’ ഫിറ്റ്നസ് തുടങ്ങിയതോടെ നമ്മൾ മോശമായി പോകരുതല്ലോ എന്നൊരാൾക്കു തോന്നി. സാരിയുടുക്കുന്ന അവർ കാലത്തേ വള്ളിച്ചെരിപ്പുമിട്ട് ട്രെഡ്മില്ലിൽ കയറി നടപ്പോടു നടപ്പ്. പെട്ടെന്ന് കാലുതെറ്റി അതാ ഉരുണ്ടു പിരണ്ടു വീഴുന്നു. ധീംതരികിടതോം കേട്ടു മക്കളും കൊച്ചുമക്കളും വന്നു പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ കാലിൽ മൂന്നിടത്ത് ഒടിവ്..! 

ഫിറ്റ്നസ് സൂക്കേടു കേറിയതോടെ പച്ചപിടിച്ചതാണ് ജിം ബിസിനസും ഫിറ്റ്നസ് എക്വിപ്മെന്റ് ബിസിനസും. മഴ അല്ലെങ്കിൽ റോഡിലാകെ കുണ്ടും കുഴിയും, പോരാത്തതിനു പല്ലിനു തരിപ്പുമായി നടക്കുന്ന ശുനകാഗ്രേസരൻമാരും. അങ്ങനെ മിക്കവരും ട്രെഡ്മിൽ അല്ലെങ്കിൽ വെറും വോക്കർ വാങ്ങി വീട്ടിൽ വയ്ക്കുന്നു. പിന്നെ രാത്രിയെന്നില്ല, പകലെന്നില്ല അതിന്റെ പുറത്തു കസർത്താണ്. കൊടുത്ത കാശുമുതലാക്കണമല്ലോ. പതുക്കെ ആവേശം കുറയുന്നു. ഫ്ലാറ്റുകളുടെ ബാൽക്കണിയിൽച്ചെന്നു നോക്കിയാലൊരു കാഴ്ച കാണാം. അടിവസ്ത്രം ഉണക്കാനിടാൻ ഇതിലും ബെസ്റ്റ് സ്ഥലം വേറെയില്ല. അങ്ങനെ ആയിരങ്ങൾ കൊടുത്തു വാങ്ങിയ സാധനം തുണി ഉണക്കാൻ മാത്രമായി മാറുന്നു. 

ചേരുന്നവർ തുടരാതെ, വിട്ടുപോകുന്നതാണ് കാശുണ്ടാക്കാനുള്ള മാർഗം എന്ന തരത്തിൽ ചില ബിസിനസുകളുണ്ട്. എം‍എൽഎം എന്ന ശാസ്ത്രീയ പേരിൽ അറിയപ്പെടുന്ന മൾട്ടി ലവൽ മാർക്കറ്റിങ് ഉദാഹരണം. ഒരാൾ കുറേ കാശുകൊടുത്തു ചേരുന്നു. കുറേ ഷാംപൂ, ആഫ്റ്റർഷേവ്, വോഷിങ് ജെൽ തുടങ്ങിയ കുന്ത്രാണ്ടങ്ങൾ വാങ്ങുന്നു. എന്നിട്ട് അതൊക്കെ മറ്റാരെയെങ്കിലും അടിച്ചേൽപ്പിക്കണം. അവർ കൂടുതൽ പേരെ ചേർക്കണം. ഓരോരുത്തർ ചേരുമ്പോഴും ചെയിനിലെ മുകൾത്തട്ടിലുള്ളവർക്ക് കമ്മിഷൻ കിട്ടുമെന്നും അങ്ങനെ ലക്ഷങ്ങൾ ഉണ്ടാക്കാമെന്നും പഠിപ്പിക്കുന്നു. 

ചിലപ്പോഴത് കുട്ടികളെ നന്നാക്കാനുള്ള പുസ്തകങ്ങളോ സിഡികളോ ആയേക്കാം. ഉത്പന്നങ്ങൾ ഏതായാലും ചേരുന്നയാൾ കുറച്ചുകാലം സുഹൃത്തുക്കളെയും ബന്ധുക്കളെയും വലവീശിപ്പിടിക്കും. ക്രമേണ സുഹൃത്തുക്കളും ബന്ധുക്കളും കണ്ടാൽ വഴിമാറി നടക്കാൻ തുടങ്ങുന്നു. അതോടെ മടുത്ത് നമ്മുടെ ‘സംരംഭകൻ’ മതിയാക്കുന്നു. തുടങ്ങിയപ്പോൾ കമ്പനിക്കു കൊടുത്ത കാശ് സ്വാഹ. അങ്ങനെ ആയിരങ്ങൾ ചേരുകയും വിട്ടുപോവുകയും ചെയ്യുന്നതാണു കമ്പനിയുടെ പ്രധാന വരുമാനം. കാരണം ചേർന്നവരെല്ലാം മണി ചെയിനായി തുടർന്നാൽ കമ്പനി നടത്തിക്കൊണ്ടു പോകാൻ ഭൂമിയിലെ ജനസംഖ്യ പോരാതെ വരും. 

ജിം ബിസിനസ് ഏതാണ്ടിതുപോലെയാണ്. ഒരാവേശത്തിൽ മാസം 2000 രൂപ വരിസംഖ്യ അടച്ച് ചേരുന്നു. രണ്ടാഴ്ച കസർത്തുകൾ കാണിക്കും. ഫിറ്റ്നസ് ട്രെയിനർ കൂടെ നിന്നു പഠിപ്പിക്കും. ട്രെയിനർമാരായി അടിപൊളി പിള്ളാരെ നിർത്തിയിട്ടുമുണ്ട്. ഒരു വർഷത്തെ വരിസംഖ്യ ഒരുമിച്ച് അടച്ചാൽ ലാഭമാണെന്ന് അതിനിടെ ആരോ കാതിലോതുന്നു. പരിശീലകയുടെ മുന്നിൽ കേമനാവാൻ വേണ്ടി കാശ് ഒരുമിച്ചു കൊടുക്കുന്നു. ജിമ്മിൽ രണ്ടു മാസം കഷ്ടി പോകും. കാശ് പോയതു മിച്ചം! 

കാശുകൊടുത്ത സകലരും ജിമ്മിൽ കൃത്യമായി വരാൻ തുടങ്ങിയാലോ? കുഴഞ്ഞു പോകില്ലേ? എല്ലാവർക്കും കൂടി ഒരേ സമയം കസർത്തെടുക്കാനുള്ള സൗകര്യം അവിടെയില്ല. ചേരുന്നവർ വിട്ടുപോകുമെന്ന് ഉറപ്പുള്ളതുകൊണ്ടു മാത്രം നടക്കുന്ന ബിസിനസ്! 

ഒടുവിലാൻ∙ ട്രാക്ക് പാന്റ്സും കാൻവാസ് ഷൂസും ഇട്ടുകൊണ്ടു മാത്രമേ ട്രെഡ്മില്ലിൽ കയറാവൂ എന്ന് ട്രെയിനർമാർ ഓർമിപ്പിക്കുന്നു. ലുങ്കി, മുണ്ട്, സാരി, വള്ളിച്ചെരിപ്പ് തുടങ്ങിയവ അപകടം. വീണു കാലപുരി പൂകിയ കേസുകളുണ്ട്.

Read More : Fitness Tips