Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിറ്റ്നസ് ഫ്രീക്ക് വിനയ് പറയുന്നു ആ രഹസ്യങ്ങൾ

vinay-forrt വിനയ് ഫോർട്ട്

നിങ്ങളങ്ങ് ഫിറ്റായി ചുള്ളനായല്ലോ... വർക്ഔട്ടൊണോ രഹസ്യം ?’ വിനയ്ഫോർട്ടിനെ കാണുന്നവരൊക്കെ  ഇപ്പോൾ ചോദിക്കുന്നത് ഇതാണ്. ഫിറ്റായെന്നു കേൾക്കുന്നതൊക്കെ സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷേ അതിന്റെ ക്രെഡിറ്റ് മുഴുവൻ അവകാശപ്പെട്ടിരിക്കുന്നത് ട്രെയിനറായ ജെയിഷിനാണെന്ന് വിനയ് പറയും. കാരണം ഈ കാര്യങ്ങളിലൊക്കെ മടിയനായ എന്നെ ഫിറ്റ്നസ് ഫ്രീക്കാക്കിയത് കൂട്ടുകാരൻ കൂടിയായ ജെയിഷ് തന്നെയാണ്. 

ഫിറ്റ്നസ് ഫ്രീക്കൻ

ഒരു ഫിറ്റ്നസ് ഫ്രീക്ക് എന്നൊന്നും എന്നെ വിശേഷിപ്പിക്കാനാകില്ല. ഒരു ആക്ടർ എന്ന നിലയിൽ ടിപ്പിക്കൽ ബോഡി സൈസ് നിലനിർത്താൻ ശ്രമിക്കാറുണ്ട്. പ്രായം കൂടുമ്പോൾ എനർജി ലെവൽ വ്യത്യാസം വരാം. ആ വ്യത്യാസം ഇല്ലാതാക്കാൻ ജെയിഷിന്റെ പരിശീലത്തിലൂടെ സാധിക്കുന്നുണ്ട്. ഞാൻ ഒരു സ്റ്റാർ അല്ല, ആക്ടർ ആണ്. അതുകൊണ്ടുതന്നെ എല്ലാവിധ വേഷങ്ങളും ചെയ്യേണ്ടി വരും. ഒരു പൊലീസ് ഓഫിസറായി മാറാനും ഒരു രോഗിയായി അഭിനയിക്കാനും ശരീര ഘടനയിൽ വ്യത്യാസം വരുത്തണം. രണ്ടാഴ്ചത്തെ പരിശീലനം കൊണ്ട്  പൊലീസ് ഓഫിസർക്കുവേണ്ട ഫിറ്റ്നസ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതുപോലെ ആഹാരനിയന്ത്രണവും മറ്റും ശ്രദ്ധിച്ചാൽ ഒരു രോഗിയായി മാറാനും സാധിക്കും. 

കിട്ടുന്ന വേഷത്തോടു നീതി പുലർത്തേണ്ടതുണ്ട്. അത് ആദ്യം വെളിവാകുന്നത് കാഴ്ചയിലാണ്. കാഴ്ചയിൽ ആ കാരക്ടറിന്റെ ഫിസിക്കൽ അപ്പിയറൻസ് ഉണ്ടാക്കിയെടുക്കണം. അതിനു വേണ്ടിയുള്ള പരിശീലനമാണ് ഞാൻ ചെയ്യുന്നത്. ഹെവി വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങൾ അധികം ചെയ്യാറില്ല. സ്റ്റാമിന, എനർജി, മസിൽ ബിൽഡിങ്. കാർഡിയോ എന്നിവയുടെയെല്ലാം ഒരു ബാലൻസ്ഡ് രൂപമാണ് പ്രധാനമായും പരിശീലിക്കുന്നത്. 

vinay1

വ്യായാമവും ആഹാരവും

ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്ന ഒരാളല്ല. സമയം, സ്ഥലം എന്നിവ അനുസരിച്ച് ഇതിൽ വ്യത്യാസം വരാം. വീട്ടിൽ ഉള്ള ദിവസങ്ങളിലാണെങ്കിൽ വ്യായാമത്തിനായി പരമാവധി സമയം നീക്കിവയ്ക്കാറുണ്ട്. ഷൂട്ടിങ് നടക്കുന്ന ദിവസങ്ങളിൽ വർക്ഔട്ട് നടത്തുക പ്രയാസകരമാണ്. പുഷ് അപ്, ചിൻ അപ്, സ്ട്രെച്ചിങ് പോലുള്ള വർക്ഔട്ടുകളോടാണ് ഏറ്റവും പ്രിയം. ശരീരഭാരം ഏകദേശം എട്ടു പത്തു വർഷങ്ങൾ കൊണ്ട് ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ഒരുപാട് ഭക്ഷണം കഴിക്കുന്ന ശീലമില്ല. ഡയറ്റ് ആണെന്നു വിചാരിച്ച് ഇഷ്ടഭക്ഷണം വേണ്ടെന്നു വയ്ക്കാറുമില്ല. ഒരു ഭക്ഷണം കഴിക്കാൻ തോന്നിയാൽ കഴിക്കും. കിസ്മത്തിലെ പൊലീസ് ഓഫിസർ കഥാപാത്രത്തിനു വേണ്ടി വെയ്റ്റ് ട്രെയിനിങ് വഴി 10 കിലോഗ്രാം കൂട്ടിയിരുന്നു. വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി 15 കിലോ കൂട്ടാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ വിനയ്

ട്രെയിനർ ‍‍ജെയിഷ് പറയുന്നത്

ഫങ്ഷണൽ ട്രെയിനിങ്ങ് കേന്ദ്രീകരിച്ചുള്ള വർക്ഔട്ടുകളാണ് വിനയിനെ ചെയ്യിപ്പിക്കുന്നത്. എന്ത് വർക്ഔട്ട് ചെയ്യുമ്പോഴും ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ നടുവേദന, മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാകാം. വർക്ഔട്ട് ചെയ്യാതിരുന്ന് ശരീരത്തിൽ ഫാറ്റ് ഉണ്ടായിരുന്നതിനാൽ ക്രോസ് ഫിറ്റ് ട്രെയിനിങ് നൽകി. കാർഡിയോ വ്യായാമങ്ങളും ഇതിൽ പെടുന്നതിനാൽ THR സോണിൽ( Training Heart Rate) ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാനും സാധിക്കും. അധിക കൊഴുപ്പെല്ലാം നഷ്ടമായതിനു ശേഷം ലീൻ ബോഡി മാസ് വർക്ഔട്ട് പരിശശീലിപ്പിച്ചു. ഇതിലാണ് ശരീരത്തിന്റെ ഷെയ്പ് കിട്ടുന്നത്. ശരീരം കുറച്ചുകൂടി മസ്കുലർ ആക്കാനുള്ള പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. നല്ല വഴങ്ങുന്ന ശരീരപ്രകൃതിയാണ് വിനയിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ വർക്ഔട്ടിന്റെ റിസൾട്ടും എളുപ്പത്തിൽ കിട്ടുന്നുണ്ട്. 

vinay-jaish ട്രെയിനർ ‍‍ജെയിഷിനൊപ്പെ വിനയ്

കാർഡിയോ വാസ്കുലാർ ഫിറ്റ്നസ്

ഫിസിക്കൽ ഫിറ്റ്നസിൽ കൂടുതൽ പേരും ശ്രദ്ധിക്കുന്നത് ഓട്ടം, നടത്തം ഇതൊക്കെയാണ്. എന്നാൽ ഈ കാര്യത്തിൽ കുറച്ച് മടിയുള്ള കൂട്ടത്തിലാണ് വിനയ്. സാധാരണ ട്രെയിനർമാർ ഇത്ര മിനിറ്റ് ഓടുക എന്ന നിർദ്ദേശം കൊടുക്കുക മാത്രമേ ചെയ്യാറുള്ളു. വിനയിന്റെ ഈ മടി എനിക്കറിയാവുന്നതുകൊണ്ട് ഞാനും കൂടെ ഓടും. മിക്കവാറും ഞായറാഴ്ച ദിവസമാണ് ഞാനും കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നത്. ഈ കാര്യം പറഞ്ഞ് വിളിക്കുമ്പോൾതന്നെ ആദ്യം ഒഴിവുകഴിവൊക്കെ പറയും. എന്നാൽ ഈ പറയുന്നതിനനുസരിച്ച് ,സമയക്രമീകരണങ്ങൾ നടത്തി രക്ഷപ്പെടാൻ അവസരം കിട്ടുന്നില്ലെന്നു മനസ്സിലായപ്പോൾ കാർഡിയോ വ്യായാമം ചെയ്യാൻ വന്നുതുടങ്ങി. അത്യാവശ്യം കാർഡിയോ വാസ്കുലാർ കപ്പാസിറ്റി ഉള്ള ആളാണ് വിനയ്. ട്രെഡ് മിൽ പോലുള്ളവ ഒന്നും ചെയ്യുന്നില്ല. ഒന്നു പ്രോത്സാഹിപ്പിച്ചു വിട്ടാൽ ചെയ്യും. പിന്നെ റോഡിൽ ഓടാനുള്ള ചെറിയ മടി ഉണ്ടെന്നേ ഉള്ളു.

Read More : Fitness Magazine