ഭാരം കുറയ്ക്കാന്‍ ഫിഷ്‌ ഡയറ്റ്

ഭാരം കുറയ്ക്കാന്‍ പലതരം ഡയറ്റുകള്‍ നിലവിലുണ്ട്. എന്നാല്‍ ഫിഷ്‌ ഡയറ്റിനെ കുറിച്ചു കേട്ടിട്ടുണ്ടോ ? ഞെട്ടേണ്ട ഭാരം കുറയ്ക്കാന്‍ ഇങ്ങനെയും ഒരു ഡയറ്റുണ്ട്. 

ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ്  ഫിഷ്‌ ഡയറ്റ്. കുറഞ്ഞ കാലറിയും സാച്ചുറെറ്റഡ് ഫാറ്റും മത്സ്യത്തിന്റെ പ്രത്യേകതയാണ്. പോര്‍ക്ക്‌, ബീഫ്, ചിക്കന്‍ എന്നിവയെക്കാള്‍ ഏറെ ഗുണകരം അതിനാല്‍ മത്സ്യം തന്നെയാണ്.   ഫിഷ്‌ ഡയറ്റ് ആരംഭിക്കുമ്പോള്‍ ആദ്യം ഏതെങ്കിലും മാംസാഹാരത്തോടൊപ്പം മത്സ്യം കഴിച്ചു തുടങ്ങാം. അതിനു ശേഷം  ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റ് ശീലിക്കാം.  മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യും.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരളമടങ്ങിയതാണ് മത്സ്യം. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനു ഇത് ഏറെ ഗുണം ചെയ്യും.  DHA,  EPA എന്നിങ്ങനെ രണ്ടു തരം  ഒമേഗ  3 ഫാറ്റി ആസിഡ് മത്സ്യത്തിലുണ്ട്. സൗത്ത് ഓസ്ട്രേലിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മീനെണ്ണ ദിവസവും കഴിക്കുകയും ആഴ്ചയില്‍ മൂന്നു തവണ എങ്കിലും വ്യായാമം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഒരാഴ്ച കൊണ്ട് തന്നെ രണ്ടു കിലോ വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. 

എങ്ങനെ വേണമെങ്കിലും പാകം ചെയ്തു കഴിക്കാവുന്ന ഒന്നാണ് മത്സ്യം. വേവിച്ചോ ഗ്രില്‍ ചെയ്തോ എങ്ങനെ ആയാലും മത്സ്യം കഴിക്കാം. ഉപ്പും മസാലയുമൊക്കെ ചേര്‍ത്തു പൊരിച്ച്  എടുക്കുന്നതിനെക്കാള്‍ വേവിച്ചോ ബേക്ക് ചെയ്തോ മത്സ്യം പാകം ചെയ്യുന്നതാണ് ഉത്തമം. ഫ്രൈ ചെയ്യുമ്പോള്‍ അനാരോഗ്യകരമായ കാലറിയും ഫാറ്റും ഉള്ളിലെത്തും. ഉപ്പ് ചേര്‍ത്ത് ഉണക്കിയെടുക്കുന്ന മത്സ്യം കഴിച്ചാല്‍ ധാരാളം ഉപ്പിന്റെ അംശം ശരീരത്തിലെത്തുന്നു. അതിനാല്‍ ഏറ്റവും നല്ലത് മത്സ്യം ബേക്ക് ചെയ്തോ വേവിച്ചോ കഴിക്കുന്നത തന്നെയാണ്.