Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയുടെ ഡയറ്റ് മാജിക് അറിയണോ?

kareena-kapoor

കരീന 60 കിലോയിൽ നിന്ന് 48 കിലോയിലേക്ക് ഒരു പൊൻ നൂലിഴ പോലെ നേർത്തു വന്നു. ആരാധകർ വിസ്മയിച്ചു. അഴകളവുകൾ മാറ്റിയെടുത്ത പു‌തിയൊരു ഉടൽ ധരിച്ച പോലെ ബോബോ എന്ന കരീന വീണ്ടും വീണ്ടും സുന്ദരിയായി. അതായിരുന്നു ‘സെസ് സീറോ’.

അന്ന് ചിലരൊക്കെ പറഞ്ഞു, കരീനയ്ക്ക് ആഹാരം ഉപേക്ഷിച്ച് വണ്ണം കുറയ്ക്കുന്ന അനോറെക്സിയ എന്ന രോഗമാണെന്ന്. എന്നാൽ അത്തരം പരാമർശങ്ങൾക്കു നേരെ കരീന കണ്ണടച്ചു. വളരെ ആരോഗ്യകരമായ ഡയ‌‌‌‌‌റ്റിങ്ങിലാണ് താനെന്ന് അഭിമാനത്തെടെ ലോകത്തോടു പറഞ്ഞു. പിന്നീട് തനിക്കു വേണ്ടി ഡയറ്റ് ചിട്ടപ്പെടുത്തിയ ആ ആളിനെ ചേർത്തു നിർത്തി പരിചയപ്പെടുത്തി. അത് രുജുത ദിവേകര്‍ ആയിരുന്നു.

ആരാണ് രുജുത?

kareena-rujuta കരീനയോടൊപ്പം രുജുത

ഫിറ്റ്നസിനും രൂപഭംഗിക്കുമെല്ലാം കരീന കടപ്പെട്ടിരിക്കുന്ന ആ സു‌ന്ദരിയെക്കുറിച്ചറിയാനായി പിന്നീട് ഫിറ്റ്നസ് പ്രണയികളുടെ തിര‌ക്ക്. അവർക്കു കണ്ടെത്താനായി, മിടു മിടുക്കിയായ രുജുത എന്ന മും‌‌‌‌‌‌ബൈക്കാരി ന്യൂട്രീഷനിസ്റ്റിനെ.

സ്പോർട്സ് സയൻസിലും ന്യൂട്രീഷനിലും ഒന്നുപോലെ വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ചുരുക്കം പേരിൽ ഒരാൾ, ഫിറ്റ്നസ് രൂപപ്പെടുത്തുന്നതിൽ ഹോളിസ്റ്റിക് സമീപനം പുലർത്തുന്ന, ആരോഗ്യകരമായ ജീവിതശൈലിക്കു പ്രാധാന്യം നൽകുന്ന ന്യൂട്രീഷനിസ്റ്റ്, പ്രശസ്തയായ എഴുത്തുകാരി... രുജുതയ്ക്കു വിശേഷണങ്ങൾ ഏറെയാണ്.

അനിൽ അംബാനി, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, അനുപം ഖേർ, കൊങ്കണാ സെന്‍ ശർമ, പ്രീതി സിന്റ, അമൃതാ അറോറ, ആലിയ ഭട്ട്... എന്നിങ്ങനെ രുജുതയെ ഫിറ്റ്നസ് ഗുരുവായി സ്വീകരിച്ച താരനിര നീളുന്നു.

അടുത്തയിടെ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി 18 മാസം കൊണ്ടു 108 കിലോ ഭാരം കുറച്ചത് ഏറെ ശ്രദ്ധേയ വാർത്തയായിരുന്നല്ലോ. അനന്തിനു വേണ്ടി മികച്ചൊരു ഡയറ്റ് ചി‌ട്ടപ്പെടുത്തി എ‌‌‌‌‌‌‌‌‌ന്നതു രു‌ജുതയുടെ കരിയറിൽ മറ്റൊരു പൊൻതൂവലായി.

കരീന കഴിക്കുന്നത്

കരീനയെക്കുറിച്ച് പറയാൻ രുജുതയ്ക്കു നൂറു നാവാണ്. ‘‘കരീന കഴി‌യുന്നതും വീട്ടിൽ പാകപ്പെടുത്തിയ ആഹാരം മാത്രമേ കഴിക്കാറുള്ളു. അവരുടെ മനോഹരവും ആകർഷണീയവുമായ ശരീരത്തിന്റെ രഹസ്യവും അതു തന്നെ’’. രുജുത പറയുന്നു. എല്ലാവരെയും പോലെ കരീന ചായയിലോ കാപ്പിയിലോ ദിവസം ആരംഭിക്കാറില്ല. പഴം കഴിച്ചോ, പാൽ കുടിച്ചോ ആണ് തുടക്കം. ഓട്സ്, ധാന്യങ്ങള്‍, ഉണക്കപ്പഴങ്ങള്‍, അണ്ടിപ്പരിപ്പുകൾ എന്നിവ പാലും ചേർത്തു തയാറാക്കുന്ന മ്യൂസ്ലി, ബ്രെഡ് കഷണങ്ങൾ, പാൽ എന്നിവയാണ് പ്രഭാതഭക്ഷണം.

പ്രഭാതഭക്ഷണമായി ഒരു പറാത്തയോ അല്ലെങ്കിൽ ഒരു ബൗൾ അവലോ കഴിക്കാറുണ്ട്. പുലാവ്, റെയ്ത്ത, പറാത്ത ഇവയെല്ലാം നെയ് ചേർത്തു കഴിക്കാൻ കരീനയ്ക്കിഷ്ടമാണ്. ഉച്ചയ്ക്ക് ചപ്പാത്തിയും പരിപ്പുകറിയും ഒപ്പം ധാരാളം പച്ചക്കറികളും. അത്താഴത്തിനും പരിപ്പുകറിയും ചോറും. ‌‌‌‌‌അല്ലെങ്കിൽ ചപ്പാത്തിയും പരിപ്പുകറിയും. ഒപ്പം സൂപ്പോ ഗ്രീൻ സലാഡോ. കൃത്യവും സന്തുലിതവുമായ അളവിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഡയറ്റിലുൾപ്പെടുത്തുന്നതിനു കരീന ശ്രദ്ധിക്കും.

നേന്ത്രപ്പഴമാണ് കരീന എപ്പോഴും കഴിക്കാനിഷ്ടപ്പെടുന്നത്. ഫി‌റ്റ്നസ് കാ‌ര്യങ്ങളിൽ ഏറെ മോട്ടിവേറ്റഡ് ആണെന്നു മാത്രമല്ല, സ്ഥിരമായി വർക് ഔട്ടും ചെയ്യും. ഷൂട്ടിങ്ങിലും മറ്റു യാത്രകളിലുമാണെങ്കിൽ കരീന ആ സ്ഥ‌ലങ്ങളിലെ പ്രാദേശിക വിഭവങ്ങള്‍ കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. കേരളത്തിലാണു ഷൂട്ടിങ് എങ്കിൽ കരീന കഴിക്കാനിഷ്ടപ്പെടുന്നത് ഇഡ്‌ലിയും അപ്പവുമാണ്.

ദിവസം ഒട്ടേറെ തവണകളായി ചെറു ആഹാരങ്ങളായി കഴിക്കുക എ‌ന്നതായിരുന്നു രുജുതയുടെ രീതി. അതു കരീന ജീവിതത്തിൽ പകർത്തി. ദിവസവും ആറോ ഏഴോ ആഹാരവേളകൾ. ഓരോ മൂന്നുമണിക്കൂറിലും സ്നാക്കുകളും. അത് അണ്ടിപ്പരിപ്പുകൾ, സോയ് മിൽക്, സാന്‍ഡ് വിച്ച് എ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ന്നിവയിൽ ഏതെങ്കിലുമാകാം. ദിവസവും ആറു മുതൽ എട്ടു ഗ്ലാസ് തിളപ്പിച്ചാറിച്ച് വെള്ളവും കുടിക്കും.

മാംസാഹാരത്തെ ഒഴിവാക്കി കരീന വെജിറ്റേറിയനുമായി. നൂറു ശതമാനം വെജിറ്റേറിയൻ. കരീന അമ്മയാകാനൊരുങ്ങുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെ എ‌‌ല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ഗർഭകാലത്തിനു മുമ്പുള്ള ഡയറ്റിങ്ങിനെക്കുറിച്ചാണിതുവരെ പറഞ്ഞത്. ഗർഭകാലം ആഹാര നിയന്ത്രണത്തിനുള്ള കാലമല്ലല്ലോ.

രുജുതയെക്കുറിച്ച് കരീന ഇങ്ങനെ എഴുതി

‘‘രുജുത മാറ്റിയെടുത്തത് എന്റെ ശരീരസൗന്ദര്യത്തെ മാത്രമല്ല, മന‌സ്സിനെയും ആത്മാവിനെയും കൂടിയാണ്. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും സു‌‌‌‌ന്ദരമായൊരു കാര്യവും രുജുതയാണ്’’.

രുജുതയുടെ ഡയറ്റ് പ്ലാനുകൾ നേരിട്ടും ഇന്റർനെറ്റിലൂടെയും പിന്തുടരുന്നവർ അനേകമാണ്, ഉടലഴകിനെയും ആരോഗ്യത്തെയും അതിമനോഹരമായി റീഡിസൈൻ ചെയ്യാനായാൽ ഇങ്ങനെ മാത്രമല്ലേ നമുക്കും പറയാൻ കഴിയൂ.

സൈസ് സീറോ

2007ലാണ് കരീന രുജുതയെ കണ്ടുമുട്ടുന്നത്. കരീനയ്ക്ക് തഷാൻ എ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ന്ന സിനിമയ്ക്കു വേണ്ടി നന്നായി മെലിയേണ്ടതുണ്ടായിരുന്നു. അങ്ങനെ രു‌‌‌‌ജുത കരീനയ്ക്കു വേണ്ടി ഡയറ്റ് പ്ലാൻ രൂപപ്പെടുത്തി. കരീന സൈസ് സീറോയിലെത്തി.

എന്താണ് സൈസ് സീറോ?

നെഞ്ചളവ് 31.5 ഇഞ്ച്, അരക്കെട്ട് 23 ഇഞ്ച്, ഇടുപ്പ് 32 ഇഞ്ച്. ഇതാണ് സൈസ് സീറോ എന്ന രൂപസൗകുമാര്യത്തിന്റെ അളവുകൾ.

2008–ൽ തഷാന്‍ പുറത്തു വന്നു. കരീനയുടെ കൊലുന്നനെയുള്ള പുതിയ രൂപം ലോകമാകെ ചൂടുള്ള ചർച്ചാ വിഷയമായി. വെണ്ണയും ചീസും മറ്റു മാ‌യിക രുചികളുമെല്ലാം ഒഴിവാക്കി സൂപ്പും സലാഡും യോഗർട്ടുമുൾപ്പെടുന്ന ആരോഗ്യരുചികളിലൂടെയാണ് കരീന സ്വപ്നതുല്യമായ ഈ നോട്ടത്തിലേക്കു നടന്നടുത്തത്. അത് അത്രമേൽ വലിയൊരു ത്യാഗത്തിന്റെ കഥയുമാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.