ഉറക്കം കുറഞ്ഞാലും അമിതവണ്ണം!

ഉറക്കവും അമിതവണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് നാഷണൽ സ്‌ലീപ്പ് ഫൗണ്ടേഷന്റെ കണ്ടുപിടുത്തം. ഉറക്കക്കുറവ് അമിതവണ്ണത്തിനു കാരണമാകുമത്രേ. കൗമാരപ്രായത്തിലുള്ളവർക്ക് ശരാശരി എട്ടുണിക്കൂർ മുതൽ 10 മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്. യുവതീയുവാക്കൾക്ക് ഏഴു മുതൽ ഒമ്പതു മണിക്കൂർ വരെയും ഉറക്കം ലഭിക്കണം. എന്നാൽ പഠനവും ടിവി കാഴ്ചയും ഇന്റർനെറ്റുമെല്ലാം കഴിഞ്ഞ് ഇന്ന് കൗമാരക്കാർക്കും ജോലിത്തിരക്കുകൾ കഴിഞ്ഞ് ചെറുപ്പക്കാർക്കും വേണ്ടത്ര സമയം ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

നാഷണൽ സ്‌ലീപ്പ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ 31 ശതമാനം കൗമാരക്കാരും വെറും എട്ടുമണിക്കൂർ മാത്രമേ ഉറങ്ങുന്നുള്ളു. ചെറുപ്പക്കാരിൽ 30 ശതമാനവും കേവലം ആറു മണിക്കൂർ മാത്രം ഉറങ്ങുന്നവരാണ്. ഉറക്കക്കുറവു മൂലം അമിതവണ്ണം മുതൽ ഹൃദ്രോഗം വരെ പിടിപെട്ടേക്കാം. ഉറക്കം ഓരോ മണിക്കൂർ കുറയുമ്പോഴും ഓർക്കുക, ശരാശരി രണ്ടു കിലോഗ്രാം വീതം അമിതഭാരമാണ് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നത്.

ഓരോ തലമുറ കഴിയുന്തോറും ഉറക്കത്തിന്റെ ശരാശരി ദൈർഘ്യം കുറഞ്ഞുവരുന്നതായും നാഷണൽ സ്‌ലീപ്പ് ഫൗണ്ടേഷൻ കണ്ടെത്തി. ശരീരം നല്ല ഫിറ്റ്നസോടെ സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇനി ആവശ്യത്തിനു സമയം ഉറങ്ങാൻ നീക്കിവച്ചോളൂ..