അമിതവണ്ണം കുറച്ച് ആരോഗ്യം വീണ്ടെടുക്കാൻ അഞ്ച് വഴികൾ

ഇത്രയും തടിയും വച്ച് നീ എങ്ങനെയാ നടക്കുന്നെ? പോയി വല്ലതും ചെയ്ത് സ്്ലിം ബ്യൂട്ടി ആകാൻ നോക്ക്. ഇങ്ങനെ പറയുന്നവരോട് അതിനുള്ള ടിപ്പുകൾ കൂടി പറഞ്ഞു തരാൻ ആവശ്യപ്പെട്ടാൽ കൃത്യമായി പറഞ്ഞു കൊടുക്കാൻ എത്ര പേർക്കു സാധിക്കും. വിഷമിക്കേണ്ട, ഇതാ അതിനുള്ള അഞ്ച് എളുപ്പവഴികൾ.

1. ഡോക്ടറുടെ നിർദേശം കേൾക്കുക

ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന ശരീരഭാരം ഉയരത്തിന് അനുപാതികമായിരിക്കണമെന്നാണ്. ഇതു കൂടുതലാകുമ്പോഴാണ് തടിയൻ/ തടിച്ചി എന്നൊക്കെ മുദ്രകുത്തപ്പെടുന്നത്. ഉയരത്തിന് ആനുപാതികമായ ശരീരഭാരത്തെക്കാൾ 20 കിലോ വരെ കൂടുതലാണ് നിങ്ങൾക്കെങ്കിൽ ഈ വിളിപ്പേരിൽ യാഥാർഥ്യമുണ്ടെന്ന് ഓർക്കുക. വെറുതേ ദുഃഖിച്ചിട്ടോ ദേഷ്യം പ്രകടിപ്പിച്ചിട്ടോ കാര്യമില്ല, എത്രയും പെട്ടെന്ന് വിദഗ്ധനെക്കണ്ട് ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ വേണ്ട നിർദേശങ്ങൾ സ്വീകരിക്കുക.

2. മുട്ടുവേദന നിസാരമാക്കല്ലേ

അമിതവണ്ണമുള്ളവർ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാൽമുട്ട് വേദന. ഇങ്ങനെയുള്ളവർ ഇത് അകറ്റാൻ വേണ്ട നിർദേശങ്ങളും ചോദിക്കണം. ഡോക്ടറെ കാണാൻ നിങ്ങൾ വൈകുന്ന ഓരോ നിമിഷവും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ഓർമിക്കുക. അടുത്തകാലത്തായി മുട്ടുമാറ്റിവയ്ക്കാൽ ശസ്ത്രക്രിയയുടെ തോത് ക്രമാതീതമായി ഉയർന്നിട്ടുമുണ്ട്.

3. വ്യായാമം അനിവാര്യം

ശരീരഭാരം കുറയ്ക്കുന്നതിൽ വ്യാമത്തിനു അനിർവചനീയമായ സ്ഥാനം തന്നെയാണുള്ളത്. ഇതിനായി കാശ് മുടക്കി ജിമ്മിൽ പോകണമെന്നു നിർബന്ധമൊന്നുമില്ല, ദിവസവും ഒരു മണിക്കൂർ നടത്തം, സൈക്കിളിങ് ഇവയൊക്കെ മസിലുകൾക്ക് ശക്തി കൂട്ടാൻ കൂടി പ്രയോജനപ്പെടുന്ന വ്യായാമങ്ങളാണ്. ഫോണിലായിരിക്കുമ്പോൾ നടന്നു സംസാരിക്കുക, കുട്ടികളോടൊപ്പം ആക്ടീവായി കളികളിലേർപ്പെടുക, ഓഫീസ് അന്തരീക്ഷത്തിൽ ഫോൺവിളിയും ഇ-മെയിലുകളും കുറച്ച് സന്ദേശങ്ങൾ സീറ്റിനടുത്തു ചെന്ന് നേരിട്ടു പറയുന്നതു വഴിയൊക്കെ നമ്മൾ ചെയ്യുന്നത് ലഘുവ്യായാമങ്ങൾ തന്നെയാണ്.

4. ശരീരഭാരം നിലനിർത്തുക

ഒരിക്കൽ ശരീരഭാരം കുറഞ്ഞെന്നു കരുതി വീണ്ടും തോന്നുംപോലെയുള്ള ജീവിതചര്യകൾ തുടർന്നാൽ അധികം താമസിക്കാതെതന്നെ പഴയപടിയിലേക്ക് പോകാൻ സാധ്യത കൂടുതലാണ്. അതിനാൽ ചെയ്തുപോന്ന ദിനചര്യകൾക്കായി ദിവസവും സമയം നീക്കിവയ്ക്കണം.

5. യോജിച്ച ഭക്ഷണം മാത്രം

നിങ്ങളെ തടിയനാക്കിയതിൽ മുഖ്യശത്രു ആഹാരംതന്നെയാണ്. അതിനാൽത്തന്നെ അനുയോജ്യമായ ഭക്ഷണം മാത്രം കഴിക്കാനായി തിരഞ്ഞെടുക്കുക. എന്തു കഴിച്ചാലും ശരീരത്തിൽ അത് പ്രതിഫലിക്കുന്നവർ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. മറ്റ് ആഹാരങ്ങൾക്കു പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാനായി തിരഞ്ഞെടുക്കാം. വറുത്തും പൊരിച്ചതുമായവയോടെല്ലം ഗുഡ്ബൈ പറയാം. ഡയറ്റീഷനോടു ചോദിച്ച് അനുയോജ്യമായ ഡയറ്റ് പ്ലാൻ ചെയ്യാവുന്നതാണ്.

അമിതഭാരം ജീവിതശൈലീ രോഗങ്ങൾക്കു പുറമേ ഹൃദയസ്തംഭനം പോലുള്ള മരണകാരണരോഗങ്ങൾക്കും സഹായിയാണെന്ന പാഠം മറക്കരുതേ...